ബീജിങ്: ലോകത്തില്‍ പുതുചേരികള്‍ ശക്തിപ്രാപിക്കാന്‍ ഇടയാക്കുയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധം. അടുത്ത സുഹൃത്തുക്കളെ പോലും ശത്രുക്കളാക്കാന്‍ തീരുവ പ്രഖ്യാപനങ്ങള്‍ കൊണ്ട് ട്രംപിന് കഴിഞ്ഞു. ഇന്ത്യയെ പോലും റഷ്യയുടെ പക്ഷത്തേക്ക് പൂര്‍ണമായും തള്ളിവിടുന്ന നിലപാടാണ് ട്രംപ് താരിഫ് പ്രഖ്യാപനത്തിലൂടെ കൈവിട്ടത്. ഇതോടെ കഴിഞ്ഞ ഒരാഴ്ച്ചയാണ് ചൈനയിലേക്കായിരുന്നു ലോകത്തിന്റെ ശ്രദ്ധ. പുടിനും മോഡിയും ഷി ജിങ്പിങും ഒരുമിച്ചു ഷാങ്ഹായ് ഉച്ചകോടിയില്‍ കൈകോര്‍ത്തത് പാശ്ചാത്യ ശക്തികളെ ശരിക്കും നടുക്കുന്നുണ്ട്. അതേസമയം കിം ജോങ് ഉന്‍ കൂടി എത്തിയതോടെ ഇതൊരു ശാക്തിക ചേരിയുടെ പ്രകടനമായി മാറുകയാണ്.

ഇതിനിടെ ഇന്ത്യയ്ക്ക ശക്തമായ പിന്തുണുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രംഗത്തുവന്നു. കൊളോണിയല്‍ കാലഘട്ടം അവസാനിച്ചെന്നും, ഇനി പങ്കാളികളുമായി സംസാരിക്കുമ്പോള്‍ ആ സ്വരം ഉപയോഗിക്കാന്‍ കഴിയില്ലെന്നും പുടിന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ബന്ധങ്ങളില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ടെന്നും ബീജിങ്ങിലെ ദിയാവുതായ് സ്റ്റേറ്റ് ഗസ്റ്റ്ഹൗസില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ പുടിന്‍ പറഞ്ഞു.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉയര്‍ച്ച അംഗീകരിച്ചിട്ടും, ആഗോള രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ടായിരുന്നു പുടിന്റെ പ്രസ്താവന. 'എല്ലാ രാജ്യങ്ങള്‍ക്ക് അവരുടെ ചരിത്രത്തില്‍ ദുഷ്‌കരമായ കാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊളോണിയലിസം, ദീര്‍ഘകാലമായി പരമാധികാരത്തിനെതിരായ ആക്രമണങ്ങള്‍ എന്നിങ്ങനെ നിരവധി പ്രതികൂല കാലഘട്ടങ്ങള്‍. ഇപ്പോള്‍ കൊളോണിയല്‍ യുഗം അവസാനിച്ചതിനാല്‍, തങ്ങളുടെ പങ്കാളികളുമായി സംസാരിക്കുമ്പോള്‍ ഈ സ്വരം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസ്സിലാക്കണം,' പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് പുടിന്‍ പറഞ്ഞു.




ഓഗസ്റ്റ് 27 ന്, ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയുടെ മേലുള്ള തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരു പറഞ്ഞായിരുന്നു ഈ തീരുമാനം. അതേസമയം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും യുഎസിന് പരോക്ഷ മറുപടി നല്‍കിയാണ് ഷാങ്ഹായ് ഉച്ചകോടിയില്‍ സംസാരിച്ചത്. ലോകം യുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം മുന്നിലുണ്ട്. എന്നാല്‍ ചൈനയെ സംബന്ധിച്ച് ഒരു ഭീഷണിക്കു മുന്നിലും വഴങ്ങില്ല. ഷി ജിന്‍ പിങ് പറഞ്ഞു. ചൈനീസ് ചരിത്രം മുന്നോട്ടുപോക്കിന്റേതാണെന്നും ഷീ പറഞ്ഞു.

കഴിഞ്ഞ ദിവസം ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഇരുപത്തിയഞ്ചോളം ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ ചൈന നടത്തിയ വന്‍ സൈനിക പരേഡ് അമേരിക്കയെ ശരിക്കും നടുക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ കടുത്ത പ്രതികരണവുമായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രംഗത്തെത്തിയത് ആ ശക്തിപ്രകടനം എത്രത്തോളം കരുത്തുറ്റതാണെന്ന് വ്യക്തമാക്കുന്നതായി.

''ഷീക്ക് മഹത്തായ ഒരു ദിവസം ആശംസിക്കുന്നു. നിങ്ങള്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. വ്ളാഡിമിര്‍ പുടിനും കിം ജോങ് ഉന്നിനും എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു.' എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ പരിഹാസ രൂപേണ കുറിച്ചത്.

രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്റെ കീഴടങ്ങലോടെ ഉണ്ടായ സമാധാന ഉടമ്പടിയുടെ 75 ാം വാര്‍ഷിക സ്മരണയുടെ ഭാഗമായാണ് ചൈന കൂറ്റന്‍ പരേഡ് സംഘടിപ്പിച്ചത്. ആണവ ശേഷിയുള്ള പുതിയ തലമുറ ബാലിസ്റ്റിക് മിസൈല്‍, ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള ഒഝ29 ബഹിരാകാശ പ്രതിരോധ സംവിധാനം, തുടങ്ങി വന്‍ ആയുധ ശേഖരം ചൈന പ്രദര്‍ശിപ്പിച്ചു.

'ചൈനീസ് രാഷ്ട്രം ആക്രമണത്തെ ഭയപ്പെടാത്തതും സ്വന്തം കാലില്‍ നില്‍ക്കുന്നതുമായ ഒരു മഹത്തായ രാഷ്ട്രമാണ്,'' പരേഡില്‍ പ്രസിഡന്റ് ഷി പറഞ്ഞു. 1949 ഒക്ടോബര്‍ 1-ന് മാവോ സെദോങ് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന പ്രഖ്യാപിച്ച ടിയാനന്‍മെന്‍ ഗേറ്റില്‍ നിന്നായിരുന്നു വാക്കുകള്‍.




ഈ പരേഡ് വീക്ഷിക്കുന്നതിന് ഇടയിലാണ് ട്രംപ് ട്രൂത്തില്‍ പ്രതികരണം പോസ്റ്റ് ചെയ്തത്. പരഭവ രൂപത്തിലും പ്രതികരണം നീണ്ടു - 'അധിനിവേശ ജാപ്പനീസ് സേനയെ പുറത്താക്കുന്നതില്‍ യുഎസ് നല്‍കിയ പിന്തുണയെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് യുദ്ധകാല ചരിത്രം തിരുത്തിയെഴുതാനാണ് ചൈനയുടെ ശ്രമമെന്നും അതില്‍ അതൃപ്തിയുണ്ടെന്നും' ട്രംപ് പ്രതികരിച്ചു. ഒട്ടേറെ അമേരിക്കക്കാര്‍ ചൈനയ്ക്ക് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും അവരുടെ ധീരതയും ത്യാഗവും അര്‍ഹിക്കുന്ന വിധത്തില്‍ സ്മരിക്കപ്പെടുമെന്നും ട്രംപ് കുറിച്ചു.

ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിക്ക് തുടര്‍ച്ചയായി ട്രംപ് സമാന പ്രതികരണം നടത്തിയിരുന്നു. തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങളുടേതാണ് എന്നുമായിരുന്നു വാക്കുകള്‍. അവര്‍ ഒരിക്കലും ഞങ്ങള്‍ക്കെതിരെ അവരുടെ സൈന്യത്തെ ഉപയോഗിക്കില്ല. എനിക്കുറപ്പാണ് എന്നും ട്രംപ് പറഞ്ഞു. ട്രംപ് ബുധനാഴ്ച നടത്തിയ വിമര്‍ശനത്തിന് എതിരെ റഷ്യയുടെ പ്രതികരണവും ഉടനുണ്ടായി. വ്ളാഡിമിര്‍ പുടിന്‍ ചൈനയുടെ ഷി ജിന്‍പിങ്ങുമായും ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായും യുഎസിനെതിരെ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.