ന്യൂഡല്‍ഹി: യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ നിഷ്പക്ഷരല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് പറഞ്ഞു. ഇക്കാര്യം ഈ വര്‍ഷമാദ്യം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഇത് സമാധാനത്തിന്റെ കാലഘട്ടമാണെന്നും പുടിന്‍ ദീര്‍ഘദര്‍ശിയായ നേതാവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ റഷ്യ മടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ വാക്കുകള്‍.

''ഇന്ത്യ നിഷ്പക്ഷരല്ല, ഇന്ത്യക്ക് ഒരു പക്ഷമുണ്ട്. സമാധാന ശ്രമത്തിനുള്ള എല്ലാ നീക്കത്തെയും ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് പിന്തുണക്കും'' -മോദി പറഞ്ഞു. 11 വര്‍ഷത്തിനിടെ 19-ാം തവണയാണ് മോദിയും പുടിനും കൂടിക്കാഴ്ച നടത്തുന്നത്. നാല് വര്‍ഷമായി തുടരുന്ന യുക്രെയ്ന്‍ യുദ്ധത്തിനിടെ, പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നിരന്തരം ഇടപെടുന്നതിനിടെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാസന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

റഷ്യയെ സൗഹൃദരാഷ്ട്രമെന്ന് വിശേഷിപ്പിച്ച മോദി, മാറിയ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരിക്കേണ്ട വിശ്വാസ്യതയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ''യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതു മുതല്‍ നമ്മള്‍ നിരന്തരമായി ചര്‍ച്ചയിലായിരുന്നു. യഥാര്‍ഥ സുഹൃത്തായ നിങ്ങളും എല്ലാ വിവരങ്ങളും പങ്കുവെച്ചു. വിശ്വാസമാണ് വലിയ ശക്തിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമാധാനത്തിന്റെ വഴിയിലാണ് രാജ്യക്ഷേമമുള്ളത്. നാം ഒരുമിച്ച് ആ വഴിയില്‍ നീങ്ങും'' -പ്രധാനമന്ത്രി പറഞ്ഞു.

2001ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിക്കൊക്കൊപ്പം റഷ്യ സന്ദര്‍ശിച്ചതും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തും റഷ്യയിലെ അസ്ത്രാഖന്‍ മേഖലയുമായി പെട്രോ കെമിക്കല്‍സ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നിവയില്‍ സഹകരിക്കാനുള്ള കരാറില്‍ ഒപ്പിട്ടിരുന്നു. പുടിന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ ഉദാഹരണമാണ് അതെന്നും മോദി പറഞ്ഞു.

ആകെ എട്ട് കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ടു കരാറുകളില്‍ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉല്‍പ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു. സൈനികേതര ആണവോര്‍ജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് പുടിന്‍ വിശേഷിപ്പിച്ചു. ഇന്ത്യയില്‍ നല്‍കി ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിന്‍ ചര്‍ച്ചകള്‍ ഫലപ്രദമായെന്നും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ കരാറുകള്‍ ഒപ്പിട്ടതായും പുടിന്‍ അറിയിച്ചു. കൂടംകുളം ആണവോര്‍ജ നിലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകള്‍ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിന്‍ പറഞ്ഞു.

റഷ്യന്‍ ടിവി ചാനല്‍ ഇന്ന് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പുടിന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇത് സാംസ്‌കാരികമായ പരസ്പര സഹകരണത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.