കൊളംബോ: രാഷ്ട്രീയത്തിലേക്ക് കളര്‍ഫുള്‍ എന്‍ട്രിയാണ് ഇളയ ദളപതി വിജയ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി അടുത്തിടെ നടത്തിയ മഹാറാലി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഈ റാലിയില്‍ വിജയ് നടത്തിയ പരാമര്‍ശം ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ ബന്ധ വഷളാക്കുമോ എന്ന ആശങ്ക പോലും ഉടലെടുക്കാന്‍ കാരണമായി. കച്ചത്തീവ് തിരിച്ചുപിടിക്കണമെന്നം തമിഴക വെട്രി കഴകം നേതാവിന്റെ പരാമര്‍ശമാണ് വിവാദമായത്.

ഈ പരമാര്‍ശത്തിന് പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയും കളം നിറഞ്ഞു. ഇന്നലെ അപ്രതീക്ഷിതമായി ദിസനായകെ കച്ചത്തീവ് സന്ദര്‍ശിച്ചു. കൃത്യമായ അറിയിപ്പുകളില്ലാതെ നാവിക സേനയുടെ സ്പീഡ് ബോട്ടിലെത്തിയായിരുന്നു ദിസനായകെ കച്ചത്തീവില്‍ എത്തിയത്. രാജ്യത്തിന്റെ കടലും ദ്വീപുകളും സംരക്ഷിക്കുമെന്നായിരുന്നു സന്ദര്‍ശനത്തിനിടെ ദിസനായകെ പറഞ്ഞത്. ബാഹ്യസമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു.

യുദ്ധ ബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ ഉയര്‍ത്തുക എന്ന ലക്ഷ്യംവെച്ച് ജാഫ്നയിലെ മിലിഡി ഹാര്‍ബറില്‍ സര്‍ക്കാര്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ദിസനായകെ കച്ചത്തീവ് സന്ദര്‍ശിച്ചത്. രാജ്യത്തെ കടല്‍പ്രദേശങ്ങളും ദ്വീപുകളും സംരക്ഷിക്കുമെന്നും അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും ദിസനായകെ പറഞ്ഞു.

ആദ്യമായാണ് ഒരു ശ്രീലങ്കന്‍ പ്രസിഡന്റ് കച്ചത്തീവ് സന്ദര്‍ശിക്കുന്നത്. മുന്‍പ് ശ്രീലങ്ക ഭരിച്ച ഒന്‍പത് പ്രസിഡന്റുമാരും കച്ചത്തീവ് സന്ദര്‍ശിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ദിസനായകെയുടെ കച്ചത്തീവ് സന്ദര്‍ശനം വാര്‍ത്താപ്രാധാന്യം വര്‍ദ്ധിപ്പിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് മധുരയില്‍ നടന്ന തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിയിലായിരുന്നു വിജയ് കച്ചത്തീവ് സംബന്ധിച്ച് പരാമര്‍ശിച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണങ്ങള്‍ പരാമര്‍ശിച്ചായിരുന്നു വിജയ് കച്ചത്തീവിലേക്ക് എത്തിയത്. തമിഴ്നാട്ടിലെ എണ്ണൂറോളം മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ ആക്രമണത്തിനിരയായതായി വിജയ് ആരോപിച്ചിരുന്നു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് കച്ചത്തീവ് വീണ്ടെടുക്കണമെന്നും വിജയ് പറഞ്ഞിരുന്നു. വിജയ്യുടെ പരാമര്‍ശത്തിനെതിരെ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് രംഗത്തെത്തിയിരുന്നു. വിജയ്യുടേത് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പരാമര്‍ശമെന്നായിരുന്നു വിജിത പറഞ്ഞത്. കച്ചത്തീവ് ഒരു കാരണവശാലും വിട്ടുനല്‍കില്ലെന്നും വിജിത ഹെറാത്ത് പറഞ്ഞിരുന്നു.

ഇന്ത്യന്‍ തീരത്തുനിന്ന് 33 കിലോമീറ്റര്‍ അകലെ രാമേശ്വരത്തിന് വടക്ക് കിഴക്കായാണ് കച്ചത്തീവ് സ്ഥിതി ചെയ്യുന്നത്. 285 ഏക്കര്‍ വിസ്തൃതിയിലാണ് ഇത് വ്യാപിച്ച് കിടക്കുന്നത്. ജനവാസമില്ലാത്ത ഈ ദ്വീപിന്റെ നീളം 1.6 കിലോമീറ്ററാണ്. 1974 ലെ ഉഭയകക്ഷി കരാര്‍ പ്രകാരം കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമായി അംഗീകരിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അടുത്തിടെ കച്ചത്തീവ് വിവാദവിഷയമാക്കിയത്. കോണ്‍ഗ്രസ് നിസാരമായി കച്ചത്തീവിനെ വിട്ടുകൊടുത്തു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു മോദിയുടെ ഈ പ്രസ്താവന. ഇതിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയത്.