ലണ്ടന്‍: ബ്രിട്ടന്‍ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നടന്നടുക്കുകയാണ് എന്ന എലന്‍ മസ്‌കിന്റെ പ്രസ്താവന ബ്രിട്ടീഷ് ഭരണകൂടത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടക്കുന്ന കലാപത്തിന്റെ എരിതീയില്‍ എണ്ണയൊഴിച്ച് കൊടുക്കുന്നത് സമൂഹ മാധ്യമങ്ങളാണെന്ന ആരോപണം ഉയരുമ്പോഴും, ഭരണകൂടത്തെ പ്രകോപിപ്പിക്കുകയാണ് എക്സ് പ്ലാറ്റ് ഫോം ഉടമകൂടിയായ ശതകോടീശ്വരന്‍. മോസ്‌കുകള്‍ക്കും മുസ്ലീം സമുദായത്തിനും എതിരെയുള്ള ആക്രമണങ്ങള്‍ ക്ഷമിക്കുകയില്ല എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോസ്റ്റിനോട് എലന്‍ മസ്‌ക് പ്രതികരിച്ചത്, എല്ലാ സമുദായങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ക്ഷമിക്കുകയില്ലെ എന്ന മറു ചോദ്യം ഉന്നയിച്ചായിരുന്നു.

ബ്രിട്ടനില്‍ നടക്കുന്ന ലഹളയെ കുറിച്ച്, ഒരു ആഭ്യന്തര യുദ്ധം അനിവാര്യമാണ് എന്നായിരുന്നു മസ്‌ക് കുറിച്ചത്. ഇത് നീതീകരിക്കാനാകാത്ത പ്രസ്താവന എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പൃതികരിച്ചത്. അതിനുള്ള മറുപടിയായി മോസ്‌കുകള്‍ക്ക് അധിക സംരക്ഷണം ഏര്‍പ്പെടുത്തിയ സ്റ്റാര്‍മറുടെ നടപടിയെ ചോദ്യം ചെയ്യുകയായിരുന്നു എലന്‍ മസ്‌ക് ചെയ്തത്. വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യുന്നതില്‍ സമൂഹമാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികളെ ഇത്തരം പ്രസ്താവനകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളാണ് പലപ്പോഴും ഇത്തരം കലാപങ്ങള്‍ക്ക് ഇന്ധനമാകുന്നതെന്നത് വലിയൊരു പരിധിവരെ വാസ്തവവും ആണ്. ഏഴാം ദിവസവും തുടരുന്ന കലാപത്തില്‍ പലയിടങ്ങളിലും പോലീസിന് നേരെയും അക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. വംശീയ വിവേചനത്തിനെതിരായ സംഘം കൂടി പ്രതിഷേധത്തിനിറങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ബിര്‍മ്മിംഗ്ഹാമില്‍ നൂറു കണക്കിന് മുസ്ലീങ്ങളും മുഖം മൂടി ധരിച്ചെത്തിയവരും അടിങ്ങിയ ഒരുസംഘം പ്രദേശത്തെ മോസ്‌കിന് സംരക്ഷണ വലയം തീര്‍ത്തു. തീവ്ര വലതുപക്ഷക്കാര്‍ ഒരു റാലി നടത്തുന്നു എന്ന വാര്‍ത്ത പരന്നതോടെയാണിത്.

അതിനിടയില്‍ മലേഷ്യ, ഇന്‍ഡോനേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്കൊപ്പം ആസ്‌ട്രേലിയയും ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാരോട് കൂടുതല്‍ കരുതലെടുക്കാന്‍ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, കലാപം നേരിടാന്‍ പട്ടാളത്തെ വിളിക്കണമെന്ന ആവശ്യവും, പാര്‍ലമെന്റിന്റെ അടിയന്തിര യോഗം ചേരണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിച്ചു.