വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് മുന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ പിന്മാറ്റത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ടെസ്ല സി.ഇ.ഒയും എക്സ് ഉടമയുമായ ഇലോണ്‍ മസ്‌കുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ആരോപണമുന്നയിച്ചത്. തന്റെ ചെവി തുളച്ച വെടിയുണ്ടയെ കുറിച്ചു വാചാലനായി ട്രംപ്.

'തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഞാന്‍ ബൈഡനെ തകര്‍ത്തിരുന്നു. ഏറ്റവും മികച്ച സംവാദങ്ങളിലൊന്നായിരുന്നു അത്. അതേ തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്മാറ്റം ഒരു അട്ടിമറിയായിരുന്നു.' -ട്രംപ് പറഞ്ഞു.

തനിക്ക് നേരെ കഴിഞ്ഞമാസമുണ്ടായ വധശ്രമത്തേയും ട്രംപ് അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. 'അതൊരു വെടിയുണ്ടയായിരുന്നുവെന്നും അതെന്റെ ചെവിയില്‍ കൊണ്ടുവെന്നും വളരെ പെട്ടെന്നുതന്നെ എനിക്ക് മനസിലായിരുന്നു. ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ ഉണ്ടല്ലോ ഇവിടെ. ഞാന്‍ കരുതുന്നത് നമ്മളെല്ലാം അതേക്കുറിച്ച് ചിന്തിച്ചുതുടങ്ങണമെന്നാണ്.' -ട്രംപ് പറഞ്ഞു.

എക്സിലെ തത്സമയ ശബ്ദ സംപ്രേക്ഷണത്തിനായുള്ള സ്പേസസ് എന്ന പ്ലാറ്റ്ഫോമിലായിരുന്നു അഭിമുഖം. വലിയ സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് ട്രംപ്-മസ്‌ക് അഭിമുഖം എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് അഭിമുഖം കേള്‍ക്കാന്‍ സാധിച്ചത്. അഭിമുഖം തുടങ്ങുന്ന സമയത്ത് 10 ലക്ഷത്തോളം പേരാണ് അത് കേള്‍ക്കാനെത്തിയത്.

അതേസമയം കമല ഹാരിസിനോടും ്ട്രംപ് കടുപ്പിച്ചു പറയുകയാണ്. വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട് അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ട്രംപിനെ പിടിച്ചു കെട്ടി അവതരിക്കുകയായിരുന്നു കമല ഹാരിസ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അഭിപ്രായ സര്‍വേയില്‍ ട്രംപിനെ പിന്നിലാക്കി കമല മുന്നേറുന്നു എന്നു കൂടി പുറത്തു വന്നതോടെ ആകെ ക്ഷുഭിതനാണ് മുന്‍ പ്രസിഡന്റ് എന്നാണ് റിപ്പോര്‍ട്ട്. അരിശം മൂത്ത ട്രംപ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഒന്നിലധികം അവസരങ്ങളില്‍ അധിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ട്രംപിന്റെ പ്രചാരണ വക്താവ് സ്റ്റീവന്‍ ച്യൂങ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു, 'അത് കമലയെ വിശേഷിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് ഉപയോഗിച്ച ഭാഷയല്ല, പ്രചാരണവും അവരെ അങ്ങനെ ചിത്രീകരിക്കില്ല എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. എന്നാല്‍ അടുത്തിടെ മൊണ്ടാനയില്‍ നടന്ന റാലിയില്‍ ട്രംപ് കമലയെ അപഹസിക്കുന്ന തരത്തില്‍ നിരവധി തവണ ട്രംപ് പരാമര്‍ശങ്ങള്‍ നടത്തി.

ട്രംപ് പ്രസിഡന്റായിരിക്കെ, നാറ്റോയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അന്നത്തെ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെയും സമാനമായ രീതിയില്‍ അഭിസംബോധന ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അദ്ദേഹത്തിന്റെ അപകീര്‍ത്തികരമായ പദങ്ങളുടെ ഉപയോഗം സ്ത്രീകള്‍ക്ക് അപ്പുറമാണ്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ഈ പരാമര്‍ശങ്ങള്‍ ട്രംപിന് തിരിച്ചടിയാകുമെന്നു കരുതുന്നു.

പുതിയ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പില്‍ ഹാരിസ് ട്രംപിനേക്കാള്‍ ഒരു ശതമാനം പോയിന്റ് ലീഡ് നേടിയതോടെയാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ റീറണ്ണിന്റെ അവസാന ആഴ്ചകളില്‍ ട്രംപിന് ഉണ്ടായിരുന്നു മേധാവിത്വം അവസാനിച്ചതായാണ് സൂചന. വോട്ടെടുപ്പിന്റെ ഫലത്തില്‍ 3.5 ശതമാനം പോയിന്റ് മാര്‍ജിന്‍ ആണുള്ളത്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 43% വൈസ് പ്രസിഡന്റ് ഹാരിസിനെ പിന്തുണച്ചതായും മുന്‍ പ്രസിഡന്റ് ട്രംപിനെ 42% പിന്തുണച്ചതായും കാണിച്ചു.

ഹാരിസ് 44%- 42% വര്‍ധിച്ചതായി കഴിഞ്ഞ ആഴ്ചത്തെ വോട്ടെടുപ്പ് കാണിച്ചു. 81 വയസുകാരനായ ബൈഡന്‍ തന്റെ പാര്‍ട്ടിക്കുള്ളിലെ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തിന് വഴങ്ങി മത്സരത്തില്‍ നിന്ന് പുറത്തായതിന് ശേഷം, കഴിഞ്ഞ 10 ദിവസമായി ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. അതിനുശേഷം ഹാരിസിന് സംഭാവനകളുടെയും അംഗീകാരങ്ങളുടെയും കുതിപ്പ് ലഭിച്ചതും ട്രംപിന് ക്ഷീണമായി.