- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്സ്റ്റീന് ഫയല്‍ ബ്രിട്ടനിലും ആളിക്കത്തുന്നു; കീര്‍ സ്റ്റര്‍മാരെ പുറത്താക്കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ എംപിമാര്‍ ഗൂഢാലോചന തുടങ്ങി; ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സ്റ്റര്‍മാരെ തള്ളിപ്പറഞ്ഞു; എപ്സ്റ്റീന്റെ ജയിലിലെ മരണം പോലും ചിലര്‍ മുന്‍കൂട്ടി പദ്ധതിയിട്ട് നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍
എപ്സ്റ്റീന് ഫയല്‍ ബ്രിട്ടനിലും ആളിക്കത്തുന്നു

ലണ്ടന്‍: എപ്സ്റ്റീന്‍ ഫയല്‍ ആളിക്കത്തുമ്പോള്‍ ബ്രിട്ടീഷ്പധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന്റെ സ്ഥാനം ആടിയുലയുകയാണ്. സ്റ്റാര്‍മര്‍ രാജിവെച്ചൊഴിയണമെന്നും, പുതിയൊരു നേതാവിനെ കണ്ടെത്തുന്നത് വരെ ഒരു ഇടക്കാല പ്രധാനമന്ത്രി രാജ്യം ഭരിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കൂട്ടം ലേബര്‍ എം പിമാര്‍ രംഗത്തെത്തിക്കഴിഞ്ഞു. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഉള്ള ബന്ധം അറിഞ്ഞിട്ടും പീറ്റര്‍ മാന്‍ഡേഴ്‌സനെ അമേരിക്കന്‍ അംബാസിഡറായി നിയമിച്ച സ്റ്റാര്‍മറുടെ പ്രവൃത്തിയാണ് ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നത്. ഈ മാസം അവസാനത്തോടെ ഗോര്‍ട്ടോണ്‍ ആന്ദ് ഡെന്റണില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാനമന്ത്രി രാജിവയ്ക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടാന്‍ കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടി വരിക എന്നാണ് വിമത എം പിമാര്‍ ചൂണ്ടിക്കാണിക്കുന്നത്.
മെയ് മാസത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച പാര്‍ട്ടിക്ക് ഇനിയൊരു തെരഞ്ഞെടുപ്പ് പരാജയം ഊഹിക്കാന്‍ പോലുമാവില്ലെന്നും അവര്‍ പറയുന്നു. ഈയാഴ്ച്ച കൂടുന്ന മന്ത്രിസഭായോഗം പ്രധാനമന്ത്രിയെ രാജിവെയ്ക്കാന്‍ പ്രേരിപ്പിക്കുമെന്നും, പ്രധാനമന്ത്രി പദം ലക്ഷ്യം വയ്ക്കാത്ത നിഷ്പക്ഷനായ ഒരു നേതാവിനെ ഇടക്കാല പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്. പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലിയുടെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ഹിലാരി ബെന്നിന്റെയും പേരുകളാണ് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
എപ്സ്റ്റീനുമായി അടുത്ത ബന്ധം സ്ഥാപിക്കുമ്പോഴും, മാന്‍ഡെഴ്‌സനെ അമേരിക്കന്‍ അംബാസിഡറാക്കാന്‍ നിര്‍ബന്ധിതനാക്കിയ വ്യക്തി എന്ന് ലേബര്‍ എം പിമാര്‍ ആരോപിക്കുന്ന, സ്റ്റാര്‍മറുടെ ചീഫ് ഓഫ് സ്റ്റാഫ് മോര്‍ഗന്‍ മെക്‌സ്വീനി രാജിവെയ്ക്കാന്‍ ഒരുങ്ങുന്നു എന്നുള്ള സൂചനകള്‍ പുറത്തു വരുന്നതിനിടയിലാണ് സ്റ്റാര്‍മറുടെ രാജിയും ചര്‍ച്ചാവിഷയമാകുന്നത്. ക്യാബിനറ്റ് സെക്രട്ടറി സര്‍ ക്രിസ് വോമാള്‍ഡും രാജിവെച്ചേയ്ക്കും എന്നറിയുന്നു. അടുത്ത മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇടക്കാല പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണം നടത്താനും പിന്നീട് സ്ഥിരം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുമുള്ള അസാധാരണമായ നിര്‍ദ്ദേശമാണ് ഭരണകക്ഷി എം പിമാരില്‍ ചിലര്‍ മുന്നോട്ട് വയ്ക്കുന്നത്.
അതിനിടയില്‍, ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയും സ്റ്റാര്‍മര്‍ക്കെതിരെ തിരിയുന്നു എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. മാന്‍ഡേഴ്‌സനെ നിയമിക്കുന്നതിനെതിരെ ലാമി മുന്നറിയിപ്പ് നല്‍കിയിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മാത്രമല്ല, സ്റ്റാര്‍മറുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ പൗവലും മാന്‍ഡേഴ്‌സനെ നിയമിക്കുന്നതിനെതിരായ നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന ലാമി, അന്നത്തെ അംബാസിഡര്‍ ഡെയിം കരേന്‍ പിയേഴ്‌സിന്റെ കാലാവധി നീട്ടിക്കൊടുക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. മാന്‍ഡേഴ്‌സനെ നിയമിക്കുന്ന കാലത്ത് ഉപ പ്രധാനമന്ത്രി ആയിരുന്ന എയ്ഞ്ചല റെയ്‌നാറും ആ നിയമനത്തിനെതിരായിരുന്നു.
അതിനിടെ, വിവിധ തൊഴിലാളി യൂണിയനുകളുടെ ശക്തമായ പിന്തുണയുള്ള ലേബര്‍ പാര്‍ട്ടി നേതാക്കളും സ്റ്റാര്‍മറിനെ താഴെയിറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നുള്ളതിന്റെ ചില സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഫയര്‍ ബ്രിഗേഡ് യൂണിയന്‍ നേതാവായ സ്റ്റീവ് റൈറ്റ് പരസ്യമായി തന്നെ സ്റ്റാര്‍മര്‍ രാജിവെച്ചൊഴിയണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു കൂട്ടം ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാന് പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച റൈറ്റ് അതാണ് ഇതുപോലുള്ള തെറ്റായ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്നും ആരോപിച്ചു.
അതിനിടെ അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളില്‍ ജെഫ്രി എപ്സ്റ്റീന്റെ മരിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉള്‍പ്പെടുന്നു. ഏറെ ഞെട്ടിക്കുന്ന കാര്യം ന്യൂയോര്‍ക്കില്‍ ജയിലറയില്‍ എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പറയപ്പെടുന്നതിന് ഒരു ദിവസം മുന്‍പത്തെ തീയതിയിലാണ് അതില്‍ ഒപ്പിട്ടിരിക്കുന്നത് എന്നാണ്. 2019 ആഗ്സ്റ്റ് 9 ന് അമേരിക്കന്‍ അറ്റോര്‍ണി ഓഫീസ് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖയില്‍ പറയുന്നത് എപ്സ്റ്റീനെ ജയിലിനുള്ളില്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയെന്നും പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു എന്നുമാണ്.
എന്നാല്‍, ജയില്‍ രേഖകളും, എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരും പറയുന്നത് 2019 ആഗസ്റ്റ് 10 രാവിലെ വരെ എപ്സ്റ്റീനെ ഈ നിലയില്‍ കണ്ടെത്തിയിട്ടില്ല എന്നാണ്. എപ്സ്റ്റീന് പ്രാതല്‍ നല്‍കാന്‍ പോയ ഒരു കറക്ഷനല്‍ ഓഫീസര്‍ ഇയാളെ സെല്ലിനകത്ത് ജീവനോടെ തന്നെ കണ്ടിരുന്നതായി മൊഴി നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച്, ജയിലിനുള്ളില്‍ വിചാരണ കാത്തിരിക്കവെ ആയിരുന്നു എപ്സ്റ്റീന്റെ മരണം. അതുകൊണ്ടു തന്നെ, ഇപ്പോള്‍ എപ്സ്റ്റീന്റെ മരണത്തെ കുറിച്ചും സംശയങ്ങള്‍ ഉയരുകയാണ്. ഇയാള്‍ കുറ്റവിമുക്തനായി പുറത്തുവന്നാല്‍, തിരിച്ചടി ലഭിച്ചേക്കാമായിരുന്ന ചിലര്‍ ഈ മരണത്തിനു പുറകിലുണ്ടോ എന്ന സംശയവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.


