ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം മുറുകവേ, ഇറാനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വാദമുയിര്‍ത്തി ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ രംഗത്തുവന്നു. ഇറാനെ പ്രതിയാക്കി 9/11 ഭീകരാക്രമണത്തിന് സമാനമായ ആക്രമണത്തിന് എപ്സ്റ്റീന്‍ ബന്ധമുള്ള യു.എസ് ലോബി ആസൂത്രണം ചെയ്തതെന്ന ആരോപണമാണ് ഇറാനിലെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ഉന്നയിക്കുന്നത്.

എപ്സ്റ്റീന്‍ നെറ്റ്വര്‍ക്കിലെ ശേഷിക്കുന്ന അംഗങ്ങള്‍ 9/11 ന് സമാനമായ ആക്രമണം സൃഷ്ടിക്കാനും അതിന് ഇറാനെ കുറ്റപ്പെടുത്താനും ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന് അറിഞ്ഞുവെന്നുമാണ് ആരോപണം. ഇറാന്‍ ഭീകരതയെ ശക്തമായി എതിര്‍ക്കുന്നുവെന്നും അമേരിക്കന്‍ പൊതുജനങ്ങളെ ശത്രുവായി കണക്കാക്കുന്നില്ലെന്നും അലി ലാരിജാനി കൂട്ടിച്ചേര്‍ത്തു. 'ഇറാന്‍ അടിസ്ഥാനപരമായി ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നു, അമേരിക്കന്‍ ജനതയുമായി യുദ്ധമില്ല' അലി ലാരിജാനി പറഞ്ഞു.

അതേസമയം ഇറാനില്‍ യു.എസും ഇസ്രായേലും ആക്രമണം തുടരുകയാണ്. ലെബനനിലെ ഹിസ്ബുള്ളക്കെതിരെയും ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇസ്രായേലിന് നേരെ നിരവധി മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയും ഇറാഖിലെയും കുവൈറ്റിലെയും യു.എസ് താവളങ്ങള്‍ ആക്രമിച്ചതായും ഇറാന്‍ അവകാശപ്പെട്ടു.

2001 സെപ്റ്റംബര്‍ 11നായിരുന്ന അമേരിക്കയെയും ലോകത്തെയും പിടിച്ചുലച്ച ഭീകരാക്രമണം അരങ്ങേറിയത്. അമേരിക്കയിലെ ഐതിഹാസികമായ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണ്‍ ബില്‍ഡിങ്ങും ആക്രമിക്കപ്പെട്ട ദിവസം. കാലിഫോര്‍ണിയ വഴി പോകേണ്ടിയിരുന്ന നാല് യാത്രാവിമാനങ്ങളാണ് 19 പേരടങ്ങുന്ന അല്‍ഖാഇദ ഭീകരസംഘം റാഞ്ചിയത്. അതില്‍ രണ്ടു വിമാനങ്ങള്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറ്റി. മറ്റൊന്ന് വാഷിങ്ടണിലെ പെന്റഗണ്‍ ബില്‍ഡിങ്ങില്‍, നാലാമത്തെ വിമാനം പെന്‍സല്‍വേനിയയില്‍ തകര്‍ന്നുവീഴുകയും ചെയ്തു. 3000ത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്. എത്രയോ ഇരട്ടി പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന് സമാനമായ ആക്രമണം അമേരിക്കയില്‍ പ്ലാന്‍ ചെയ്യുന്നു എന്നാണ് ലാറിജാനി ആരോപിക്കുന്നത്.

അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വധഭീഷണിയുമായി ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് രംഗത്തുവന്നു. 'പിഞ്ചുകുഞ്ഞുങ്ങളുടെ കൊലയാളി നെതന്യാഹു ജീവനോടെ ശേഷിക്കുന്നുണ്ടെങ്കില്‍ പിന്തുടര്‍ന്നെത്തി കൊല്ലും' എന്നാണ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് അവരുടെ വെബ്സൈറ്റായ സെഫാ ന്യൂസില്‍ വ്യക്തമാക്കിയത്. നെതന്യാഹുവിനെ ബാലഘാതകനെന്ന് വിശേഷിപ്പിച്ചാണ് ഐആര്‍ജിസിയുടെ സന്ദേശം. കുട്ടികളെ കൊല്ലുന്ന കുറ്റവാളി ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഞങ്ങള്‍ പിന്തുടര്‍ന്ന് അയാളെ ഇല്ലാതാക്കുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

കുറച്ചു ദിവസമായി നെതന്യാഹുവിനെ പൊതുവേദികളില്‍ കാണാറില്ലെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 12നാണ് ഇസ്രായേല്‍ നെതന്യാഹുവിന്റെ വീഡിയോ പുറത്തുവിട്ടത്. വീഡിയോ എഐ നിര്‍മിതമാണെന്നും അദ്ദേഹത്തിന്റെ ഒരു കൈയില്‍ ആറ് വിരലുകള്‍ ഉള്ളതായി തോന്നിപ്പിക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും വാര്‍ത്തകള്‍ ഇസ്രായേല്‍ തള്ളിയിരുന്നു. എന്നാല്‍ നെതന്യാഹു ജീവനോടെയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഐആര്‍ജിസിയുടെ പ്രസ്താവന.

ഇസ്രയേലില്‍ ഇറാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ മിസൈല്‍ വര്‍ഷത്തില്‍ നെതന്യാഹുലിന്റെ ബങ്കര്‍ തകര്‍ന്നതായും മരിച്ചതായും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്നാലെ നെതന്യാഹുവിന്റെ വിഡിയോ സന്ദേശം പുറത്തുവന്നുവെങ്കിലും അതില്‍ നെതന്യാഹുവിന് ആറ് കൈവിരലുകള്‍ ഉള്ളതായി കണ്ടത്. ഇതോടെ വിഡിയോ എഐ നിര്‍മിതമാണെന്നും പ്രചരണങ്ങള്‍ ഉണ്ടായി.