ബ്രസല്‍സ്: യുക്രെയ്ന്‍ വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് യുറോപ്യന്‍ നേതാക്കള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് യുറോപ്യന്‍ രാഷ്ട്രതലവന്‍മാരുടെ നടപടി. പാരീസിലാവും യോഗം നടക്കുക. യു.കെ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. നാറ്റോയിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്ക് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.

നേരത്തെ യൂറോപ്പ് സ്വന്തം സേനയുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. അതിനുള്ള സമയം വന്നിരിക്കുകയാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ഞങ്ങളെ പിന്തുണക്കുന്നവരെ ഉള്‍പ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല. യുക്രെയ്‌നില്ലാതെ യുക്രെയ്‌നെ സംബന്ധിച്ച് ഒരു ചര്‍ച്ചയുമുണ്ടാവില്ല. യുറോപ്പില്ലാതെ യുറോപ്പിനെ കുറിച്ച് ഒരു തീരുമാനവും ഉണ്ടാവില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.

യുക്രെയ്ന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി സംസാരിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. റഷ്യന്‍ പ്രസിഡന്റുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുമായും സംസാരിച്ചു. തന്റെ പുതിയ ഭരണകൂടത്തിന്റെ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രചാരണ വേളയില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു. നാറ്റോയില്‍ യുക്രെയ്‌ന് അംഗത്വം നല്‍കില്ലെന്ന ഉറപ്പും ട്രംപ് നല്‍കിയിരുന്നു.

ഒട്ടേറെ പേരാണ് യുദ്ധത്തില്‍ മരിക്കുന്നത്. അതിനാല്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കണമെന്ന് താന്‍ കരുതുന്നതായി ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ച ഉടന്‍ നടത്താമെന്ന് പുട്ടിന്‍ സമ്മതിച്ചുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യ രാജ്യങ്ങളെ ആക്രമിക്കുമെന്നും റഷ്യയും യുക്രൈനും തമ്മിലുളള യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് യാതൊരു പദ്ധതിയും ഇല്ലെന്നും സെലന്‍സ്‌കി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നാറ്റോ രാജ്യങ്ങള്‍ക്കെതിരെ അടുത്ത വര്‍ഷം റഷ്യ യുദ്ധം ചെയ്യുമെന്ന കാര്യത്തില്‍ തനിക്ക് ആധികാരികമായി തന്നെ രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ സെലന്‍സ്‌കി ഇതിന് മുന്നോടിയായി ഒന്നര ലക്ഷം സൈനികരെ അയല്‍രാജ്യമായ ബെലാറസിലേക്ക് അയയ്ക്കാന്‍ പു്ട്ടിന്‍ പദ്ധതി തയ്യാറാക്കിയതായും ആരോപിച്ചു. പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ബെലാറസില്‍ നിന്ന് ആക്രമിക്കാന്‍ റഷ്യ ധാരണയാക്കിയതായും സെലന്‍സ്‌ക്കി ചൂണ്ടിക്കാട്ടി.

യുക്രൈനെ നാറ്റോ സഖ്യത്തില്‍ ചേര്‍ക്കുന്ന കാര്യത്തില്‍ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പെറ്റേ ഹെഗ്‌സേത്ത് വിരുദ്ധ നിലപാടാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. റഷ്യയും യുക്രൈനുമായി നടക്കുന്ന യുദ്ധം ഒത്തുതീര്‍്പ്പാക്കാന്‍ നാറ്റോയിലെ അംഗത്വം തടസമാകും എന്നാണ് അമേരിക്കയുടെ നിലപാടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. യുക്രൈനില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു കൊടുക്കുന്ന കാര്യം നടപ്പി്ല്ലാത്തതാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

എന്നാല്‍ കഴിഞ്ഞ ദിവസം ബ്രിട്ടനും മറ്റ് യൂറോപ്യന്‍ സഖ്യ കക്ഷികളും എല്ലാം തന്നെ യുക്രൈനെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ സമാധാന നീക്കങ്ങള്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് സെലന്‍സ്‌ക്കി അഭിപ്രായപ്പെട്ടിരിക്കുന്നത്. യുക്രൈനില്‍ നിന്ന് റഷ്യ കൈവശപ്പെടുത്തിയ സ്ഥലങ്ങള്‍ തിരികെ വിട്ടുതരണമെന്നും നാറ്റോയില്‍ അംഗത്വം നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം മ്യൂണിക്കില്‍ പറഞ്ഞു. നാറ്റോയുടെ സുരക്ഷാ സംവിധാനങ്ങളില്‍ യുക്രൈന് വിശ്വാസമുണ്ടെന്ന് പറഞ്ഞ സെലന്‍സ്‌കി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയ കാര്യവും ചൂണ്ടിക്കാട്ടി.