ലോകത്തിലെ ഏറ്റവം വലിയ പ്രൊപ്പഗന്‍ഡാ മെഷിനറികള്‍ ഉള്ള സംഘടനകളില്‍ ഒന്ന് കൂടിയാണ് ഹമാസ്. കേരളത്തിലെ ഒരു ജില്ലയോളം ഒതുങ്ങുന്ന, നാലുപാടും അടച്ചിട്ട തുറന്ന ജയില്‍ പോലെ ഒരു പ്രദേശത്തുനിന്ന് അവര്‍ക്ക്, ഇസ്രയേല്‍ പോലെ ഒരു വന്‍ സൈനിക ശക്തിയെ വിറപ്പിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, അത് മതം ചാലിച്ച വിഷത്തിന്റെ ആഗോളവ്യാപകമായി പ്രവഹിക്കുന്ന ധാരയിലുടെയാണ്. പുറമേക്ക് കാണുന്നതുപോലെ അമ്പതിനായിരത്തോളം സായുധ ഭടന്‍മാരുള്ള ഒരു സംഘടന മാത്രമല്ല അത്. ലോകമെമ്പാടും ഹമാസിന് വേരുകളുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ രൂപത്തില്‍, മാധ്യമ പ്രവര്‍ത്തകന്റെ രൂപത്തില്‍, യുഎന്‍ ഡിപ്ലോമാറ്റായി, അങ്ങനെ പലരീതിയില്‍ വേഷം മാറി, പല രൂപത്തില്‍ പല ഭാവത്തില്‍ ഹമാസ് വരാം!

അതുപോലെ കൃത്യമായ പ്രൊപ്പഗന്‍ഡാ ഫാക്ടറിയുള്ള സംഘടനകൂടിയാണ് ഹമാസ്. എതിരാളികളെ ഏത് മ്ലേഛമായ രീതിയില്‍ കരിതേച്ച് കാണിക്കാനും, തങ്ങള്‍ ചെയ്യുന്ന ക്രൂരതകള്‍ എല്ലാം മറച്ചുവെച്ച് സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കാനുമുള്ള വലിയ പ്രൊപ്പഗന്‍ഡാ ടീമും അവര്‍ക്ക് ഒപ്പമുണ്ട്.

ഹമാസ് പ്രൊപ്പഗന്‍ഡകള്‍ ബിബിസി തൊട്ട് നമ്മുടെ മാതൃഭൂമിയും, മനോരമയും അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വരെ എടുത്ത് ആഘോഷിക്കയാണ്. ഇസ്രയേല്‍ അടിക്കടി ആശുപത്രികള്‍ ആക്രമിക്കുന്നുവെന്നതിന്റെയും, കുട്ടികളെ കൊല്ലുന്നുവെന്നതിന്റെയും, ഗസ്സയിലെ മരണനിരക്ക് ഇത്രയേറെ ഉയരുന്നതിന്റെയും യാഥാര്‍ത്ഥ്യം ആരും അന്വേഷിക്കാറില്ല. പക്ഷേ ദ ടെലഗ്രാഫ്, റോയിട്ടേഴ്സ്, ജറുസലേം പോസ്റ്റ് എന്നിവയടക്കമുള്ള നിരവധി മാധ്യമങ്ങള്‍ ഇപ്പോള്‍ തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഫാക്റ്റ് ചെക്കുകള്‍ നടത്തുന്നുണ്ട്. സ്വതന്ത്രവും, നിഷ്പക്ഷവുമായ ഇത്തരം അന്വേഷണങ്ങളിലാണ്, ഹമാസിന്റെ തനി നിറം വെളിപ്പെടാറുള്ളത്. അത്തരത്തിലുള്ള ഒരു പ്രോപ്പഗന്‍ഡയാണ് ഇപ്പോള്‍, മാധ്യമ പ്രവര്‍ത്തകരെ ഇസ്രയേല്‍ ആക്രമിച്ചുകൊന്നു എന്നതിലുടെ വെളിവാകുന്നത്.

ജേണലിസ്റ്റുകളുടെ പേരില്‍ ഭീകരര്‍

ഇപ്പോള്‍ അല്‍ജസീറയുടെ 5 മാധ്യമ പ്രവര്‍ത്തകരെ ഇസ്രയേല്‍ ക്രൂരമായ വധിച്ചുവെന്ന വാര്‍ത്തയാണ്, ലോകമെങ്ങും പ്രചരിക്കപ്പെടുന്നത്. തങ്ങളുടെ മാധ്യമ പ്രവര്‍ത്തനായിരുന്ന അനസ് അല്‍ ഷെരീഫും, മുഹമ്മദ് ഖ്രീഖ് എന്ന സഹപ്രവര്‍ത്തകരും ക്യാമറാമാന്‍മാരായ ഇബ്രാഹിം സഹര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നിവരും കൊല്ലപ്പെട്ടതായി അല്‍ ജസീറ സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍ ക്രുരതയുടെ മറ്റൊരു ഉദാഹരണം എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. എന്നാല്‍, മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം നടത്തിയിരുന്ന ജേണലിസ്റ്റിനെ തങ്ങള്‍ വധിച്ചത് എന്നാണ് ഐഡിഎഫ് പറയുന്നത്.

അല്‍ഷെരീഫ് 'ഒരു പത്രപ്രവര്‍ത്തകന്റെ വേഷം കെട്ടിയ ഹമാസ് സെല്ലിന്റെ തലവനാണെന്ന്' ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് ചൂണ്ടിക്കാട്ടി. അല്‍ഷെരീഫ് നിന്ന് കണ്ടെടുത്ത പരിശീലന രേഖകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, ശമ്പള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ ഹമാസുമായുള്ള ബന്ധം തെളിയിക്കുന്നതായി ഐഡിഎഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ അല്‍ ജസീറയും ഈ ആരോപണം തള്ളിക്കളഞ്ഞു. കൊലപാതകത്തെ ന്യായീകരിക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുകയാണെന്നും ഗാസയ്ക്കുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടിംഗിനെ നിശബ്ദമാക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ഞായറാഴ്ച വൈകുന്നേരം അല്‍-ഷിഫ ആശുപത്രിയുടെ പ്രധാന ഗേറ്റിന് പുറത്തുള്ള ജേണലിസ്റ്റ് ടെന്റിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയല്ല ഭീകരരെയാണ് ലക്ഷ്യമിട്ടത്. ഇവര്‍ക്ക് ഒപ്പം കൊല്ലപ്പെട്ട രണ്ടുപേര്‍ ഭീകരരാണ്. മാത്രമല്ല ഈ ജേര്‍ണലിസ്റ്റുകള്‍ തുരങ്കത്തിലടക്കം എത്തി ഹമാസിന്റെ നേതൃത്വവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ ഐഡിഎഫ് പുറത്തുവിടുന്നുണ്ട്. ഹമാസ് നിയന്ത്രിക്കുന്ന ഈ പ്രദേശങ്ങളില്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ മുന്നോട്ട് പോവാന്‍ കഴിയില്ല. മാത്രമല്ല ഈ പ്രദേശങ്ങള്‍ യുദ്ധ മേഖലകളാണ്. ഇങ്ങോട്ട് വരരുതെന്ന് ഇസ്രയേല്‍ നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്.

ഇത് ആദ്യത്തെ അനുഭവമല്ല

ഇത്തരം അനുഭവങ്ങള്‍ ഇസ്രയേലിന് പുത്തരിയല്ല. നേരത്തെ ഉണ്‍ട്രാ എന്ന് പറയുന്ന ഗസ്സയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന യു എന്‍ ഏജന്‍സിയുടെ 12 പേര്‍ ആണ്, ഒക്ടോബറിലെ ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തത്. ഇത് ഇസ്രയേല്‍ കണ്ടുപിടിച്ചപ്പോള്‍ യു എന്‍ ആദ്യം നിഷേധിക്കയായിരുന്നു. പിന്നെ ശക്തമായ തെളിവുകള്‍ ഹാജരാക്കിയതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഇതില്‍ 9 പേര്‍ ഇപ്പോഴും ജയിലിലാണ്. അതായത് യു എന്‍ ഏജന്‍സികളില്‍പോലും ഹമാസ് എത്തിയിരിക്കുന്നുവെന്ന് ചുരുക്കം. അതുപോലെയാണ് മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ ജിഹാദികള്‍ നുഴഞ്ഞുകയറുന്നത് എന്നാണ് പറയുന്നത്.

എന്നാല്‍ ഇവര്‍ മാധ്യമ പ്രവര്‍ത്തകരുടെ ജോലി എടുക്കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നുതന്നെയാണ് ഉത്തരം. പക്ഷേ അതും ഹമാസിനുവേണ്ടിയുള്ള പ്രൊപ്പഗാന്‍ഡയാണ്. ഗസ്സയിലെ കുട്ടികള്‍ ഭക്ഷണത്തിനായി പാത്രം പിടിച്ചുനില്‍ക്കുന്ന വ്യാജ ചിത്രം ഇവരുടെ സൃഷ്ടിയാണെന്നാണ് പറയുന്നത്. കാരണം, ഗാസ ഹ്യുമാനിട്ടേറിയന്‍ ഫൗണ്ടേഷന്‍വിതരണം ചെയ്യുന്നത് പാകം ചെയ്യേണ്ട ഭക്ഷണമാണ്. അതില്‍ പിസ്ത, കടല, ടിന്നിലടച്ച മല്‍സ്യം, ന്യൂട്ടെല്ല, ചോക്ക്ലേറ്റ്, പാക്ക് ചെയ്ത ഡ്രൈ ഫ്രൂട്ട്സ്, ഡ്രൈ നട്ട്സ് നൂഡില്‍സ്, ഗോതമ്പ് പൊടി, എണ്ണ, പ്രോട്ടീന്‍ സ്പ്രെഡ് എന്നിവയാണ്. മുതിര്‍ന്ന ഒരാള്‍ക്ക് അമ്പത് മീല്‍സ് എന്ന കണക്കില്‍ ഒരു പെട്ടിയാണ് ഒരാള്‍ക്ക് കിട്ടുന്നത്. ബയോമെട്രിക് വിവരങ്ങള്‍ പകര്‍ത്തിയാണ് ഇത് വിതരണം ചെയ്യുന്നത്. ഇത് വാങ്ങാന്‍ പാത്രങ്ങളുടെ ആവശ്യമില്ല. എന്നിട്ടും പാത്രവുമായി കാത്തു നില്‍ക്കുന്ന കുട്ടികളുടെ ഫോട്ടോയുണ്ടാക്കിയെടുത്തത്, ഇത്തരം മാധ്യമ പ്രവര്‍ത്തകരാണ്.

അതായത് ഹമാസിന്റെ വലംകൈയായി പ്രവര്‍ത്തിച്ച് കൃത്യമായ പ്രൊപ്പഗന്‍ഡ ന്യൂസുകള്‍ ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. കൊല്ലപ്പെട്ടവര്‍ക്ക് യഹിയ സിന്‍വറിനോട് അടക്കം അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഐഡിഫ് ആരോപിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് അടക്കമുള്ള സംഘടനകള്‍ ഇത് നിഷേധിക്കയാണ്. 190 ലധികം മാധ്യമ പ്രവര്‍ത്തകര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഐഡിഎഫ് പറയന്നത്, ഹമാസിന്റെ അനുമതിയല്ലാതെ ഒരാള്‍ക്കും ഇവിടെ എത്താന്‍ കഴിയില്ല എന്നാണ്.

ഹമാസ് നിയന്ത്രിക്കുന്ന ഗസ്സന്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്കുകളാണ്, ഗസ്സയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ എന്ന പേരില്‍ പുറത്തുവരുന്നത്.