- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം; ടി.ജി.വി ലൈനുകള്‍ തകര്‍ന്നു; ട്രെയിനുകള്‍ റദ്ദാക്കി; ആക്രമണം, ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് തുടങ്ങാനിരിക്കെ
പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഫ്രാന്‍സിലെ അതിവേഗ റെയില്‍ ശൃംഖലക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് പാരീസിലെ റെയില്‍ ശൃംഖല തീയിട്ട് നശിപ്പിക്കാന്‍ ശ്രമം നടന്നത്. തങ്ങളുടെ അതിവേഗ ശൃംഖലയെ ലക്ഷ്യം വെച്ച് ആക്രമണം നടന്നുവെന്നത് റെയില്‍ കമ്പനിയായ എസ്.എന്‍.സി.എഫ് സ്ഥിരീകരിച്ചു. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായി.
റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനഃപൂര്‍വമായ നീക്കമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. തകരാരുകള് പരിഹരിക്കാന്‍ ഒരാഴ്ചയോളം എടുത്തേക്കാമെന്നാണ് ലഭിക്കുന്ന വിവരം. ഗതാഗതമന്ത്രി സംഭവത്തെ അപലപിച്ചിട്ടുണ്ട്.
യൂറോസ്റ്റാര്‍ സര്‍വീസുകള്‍ പാരീസിലേക്കും തിരിച്ചും വഴിതിരിച്ചു വിട്ടു. നിരവധി ട്രെയിനുകള്‍ വൈകുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കായിക മന്ത്രി അമേലി ഔഡിയ കാസ്റ്റെറ ആക്രമണത്തെ അപലപിച്ചു. പാരീസിന്റെ പടിഞ്ഞാറ് ഭാഗത്ത് നിരവധി അതിവേഗ ടി.ജി.വി ലൈനുകള്‍ തകര്‍ന്നു. ട്രെയിനുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് പാരീസിലെ ഗാരെ മോണ്ട്പര്‍നാസെ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കൂട്ടമായി കുടുങ്ങി.
തകരാറുകള്‍ പരിഹരിക്കാന്‍ ഒരാഴ്ച സമയം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ ഈ വാരാദ്യം മുഴുവന്‍ ട്രെയിന്‍ സര്‍വീസ് തടസ്സപ്പെടുമെന്ന് എസ്.എന്‍.സി.എഫ് അധികൃതര്‍ അറിയിച്ചു. ഒരേസമയത്ത് തന്നെ നിരവധി തവണ ആക്രമണം നടന്നിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അറ്റ്ലാന്റിക്, നോര്‍ത്തേണ്‍, ഈസ്റ്റേണ്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.
പ്രധാന കേബിളുകളെല്ലാം അക്രമികള്‍ മുറിച്ചു മാറ്റുകയും തീയിടുകയും ചെയ്തു. അവധിക്കാലം ലക്ഷ്യമിട്ട് യാത്രക്ക് തയാറെടുപ്പ് നടത്തിയ 250,000 ആളുകളെയാണ് ആക്രമണം ബാധിച്ചത്. യാത്ര തടസ്സപ്പെട്ടവര്‍ക്ക് ടിക്കറ്റുകളുടെ പണം തിരിച്ചു നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു. കൃത്യമായി ആസൂത്രണത്തോടെ നടന്ന ആക്രമണമാണിത്.
പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24-ന് ആണ് ഒളിംപിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്സിന്റെ ഉദ്ഘാടനം തുറന്നവേദിയിലാണ് നടക്കുന്നത്. സെന്‍ നദിയിലൂടെ താരങ്ങളുടെ മാര്ച്ചുപാസ്റ്റ് നടക്കും. തുടര്‍ന്ന് ഈഫല്‍ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്നതാണ് ഉദ്ഘാടനച്ചടങ്ങ്.