- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവസാന ബന്ദിയെ വീട്ടിലെത്തിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ല'; ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ബന്ദികളുടെ ബന്ധുക്കള്‍; ശുപാര്‍ശ ചെയ്ത് നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്ക് കത്തയച്ചു; നടപടി ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെ
'അവസാന ബന്ദിയെ വീട്ടിലെത്തിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ല'
ടെല്‍അവീവ്: ഹമാസ്- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ഇസ്രായേല്‍ ബന്ദികളുടെ ബന്ധുക്കള്‍. തങ്ങളുടെ ഇരുണ്ട ജീവിതത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിച്ചം കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന് നൊബേല്‍ സമ്മാനം നല്‍കണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെട്ടത്. ബന്ദി മോചനത്തിനും ഗസ്സ വെടിനിര്‍ത്തലിനും ട്രംപ് നടത്തുന്ന ശ്രമങ്ങളെ മാനിച്ച് സമാധാന നൊബേലിന് ശിപാര്‍ശ ചെയ്ത് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്കാണ് ബന്ദികളുടെ ബന്ധുക്കള്‍ കത്ത് അയച്ചത്.
ട്രംപിന്റെ നിര്‍ദേശമനുസരിച്ച് ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ച സമയത്താണ് ഈ നടപടി. ബന്ദികളുടെ ബന്ധുക്കളുടെ സംഘടനയായ 'ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിംഗ് ഫാമിലിസ് ഫോറം' ആണ് വെള്ളിയാഴ്ച കത്ത് നല്‍കിയത്. അവസാനത്തെ ബന്ദിയെ വീട്ടിലെത്തിക്കുകയും യുദ്ധം അവസാനിക്കുകയും മിഡില്‍ ഈസ്റ്റിലെ ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ ട്രംപ് വിശ്രമിക്കില്ലെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് കത്തില്‍ പറഞ്ഞു. തങ്ങളുടെ പേടിസ്വപ്നം ഒടുവില്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴെന്നും കത്തില്‍ പറഞ്ഞു.
ഈ കഴിഞ്ഞ വര്‍ഷം ട്രംപിനെക്കാള്‍ ലോകത്ത് സമാധാനത്തിനായി സംഭാവന ചെയ്ത മറ്റൊരു നേതാവോ സംഘടനയോ ഇല്ലെന്ന് ഫോറം അഭിപ്രായപ്പെട്ടു. 'പലരും സമാധാനത്തെക്കുറിച്ച് വാചാലമായി സംസാരിച്ചപ്പോള്‍ അദ്ദേഹം അത് നേടിയെടുത്തു. ഓരോ ബന്ദിയും വീട്ടിലെത്തുന്നതുവരെ വിശ്രമിക്കില്ലെന്ന് അദ്ദേഹം ശപഥം ചെയ്തിട്ടുള്ളതിനാല്‍ നൊബേല്‍ സമ്മാനം നല്‍കണമെന്ന് ഞങ്ങള്‍ ശക്തമായി അഭ്യര്‍ഥിക്കുന്നു' -ഫോറം ചൂണ്ടിക്കാട്ടി.
ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലെ ട്രംപിന്റെ പങ്കും 2020-ലെ അബ്രഹാം ഉടമ്പടികള്‍ക്ക് മധ്യസ്ഥത വഹിച്ചതും ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂലൈയില്‍ ട്രംപിനെ നൊബേലിന് നാമനിര്‍ദ്ദേശം ചെയ്ത് ബിന്യമിന്‍ നെതന്യാഹുവും നൊബേല്‍ കമ്മിറ്റിക്ക് കത്തയച്ചിരുന്നു. നേരത്തെ ലോകത്തെ വിവിധ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവസാനിപ്പിക്കാനുള്ള തന്റെ ശ്രമങ്ങളെ അവഗണിച്ച്, 'ഒന്നും ചെയ്യാത്ത ആര്‍ക്കെങ്കിലും' നൊബേല്‍ കമ്മിറ്റി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിക്കും. അത് വളരെ നല്ല കാര്യമാണ്. ഇതുവരെ ആരും അത് ചെയ്തിട്ടില്ല എന്നാണ ്ട്രംപ് പറഞ്ഞത്.
'നിങ്ങള്‍ക്ക് നൊബേല്‍ സമ്മാനം ലഭിക്കുമോ? ഒരിക്കലുമില്ല. ഒരു ചുക്കും ചെയ്യാത്ത ഏതോ ഒരാള്‍ക്ക് അവര്‍ അത് നല്‍കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് പുരസ്‌കാരം നല്‍കാതിരിക്കുന്നത് 'നമ്മുടെ രാജ്യത്തിന് വലിയ അപമാനമായിരിക്കും' എന്ന് പറഞ്ഞ അദ്ദേഹം, തനിക്കായി പുരസ്‌കാരം വേണ്ടെന്നും വ്യക്തമാക്കി: 'എനിക്കിത് വേണ്ട. രാജ്യത്തിന് ഇത് ലഭിക്കണം.'
ആല്‍ഫ്രഡ് നൊബേലിന്റെ വില്‍പത്രപ്രകാരം, 'രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സാഹോദര്യം വളര്‍ത്തുന്നതിനും, സ്ഥിരം സൈന്യങ്ങളെ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനും, സമാധാന സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ' വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ ആണ് നൊബേല്‍ സമാധാന പുരസ്‌കാരം നല്‍കുന്നത്.
നോര്‍വേയുടെ പാര്‍ലമെന്റ് നിയമിക്കുന്ന അഞ്ച് അംഗങ്ങളുള്ള നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി, ദീര്‍ഘമായ അവലോകനത്തിന് ശേഷമാണ് വിജയിയെ തീരുമാനിക്കുന്നത്. ഈ സമിതി പരമ്പരാഗതമായി സമ്മര്‍ദ്ദ തന്ത്രങ്ങളെ എതിര്‍ക്കാറുണ്ടെന്ന് റോയിട്ടേഴ്സിന്റെ ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം സമാധാനത്തിനുള്ള നൊബേല്‍സമ്മാനം വേണമെന്ന ട്രംപിന്റെ സമ്മര്‍ദത്തില്‍ കുലുങ്ങില്ലെന്നാണ് നൊബേല്‍ കമ്മിറ്റിയുടെ നിലപാട്. ''ചില പ്രത്യേക സ്ഥാനാര്‍ഥികള്‍ക്കുകിട്ടുന്ന മാധ്യമശ്രദ്ധ ഞങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ, അത് കമ്മിറ്റിയുടെ ചര്‍ച്ചകളെ സ്വാധീനിക്കില്ല. നാമനിര്‍ദേശം ലഭിക്കുന്ന ഓരോ വ്യക്തിയുടെയും യോഗ്യതകളാണ് കമ്മിറ്റി പരിഗണിക്കുന്നത്'' -സെക്രട്ടറി ക്രിസ്റ്റ്യന്‍ ബെര്‍ഗ് ഹാര്‍പ്വികെന്‍ പറഞ്ഞു.
ഒക്ടോബര്‍ പത്തിനാണ് സമാധാന നൊബേല്‍ പ്രഖ്യാപിക്കുന്നത്. ഇറക്കുമതിത്തീരുവയെക്കുറിച്ച് ജൂലായ് അവസാനം നോര്‍വേ ധനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബെര്‍ഗുമായി ഫോണില്‍ സംസാരിച്ചവേളയില്‍ നൊബേല്‍ സമ്മാനമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചെന്ന് നോര്‍വീജിയന്‍ പത്രം റിപ്പോര്‍ട്ടുചെയ്തിരുന്നു. 2026-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ട്രംപിന് തന്നെ നല്‍കണമെന്നാണ് പാകിസ്താന്റെ പക്ഷം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ട്രംപ് നടത്തിയ ഇടപെടല്‍ കണക്കിലെടുത്താണ് ട്രംപിനെ പാകിസ്താന്‍ നാമനിര്‍ദ്ദേശം ചെയ്തത്.