ഗാസ: ഇസ്രായേലുമായി വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിന് പിന്നാലെ ഗാസയുടെ നിയന്ത്രണം ഹമാസ് വീണ്ടും ഏറ്റെടുത്തു. ഇസ്രായേല്‍ സേന ഒഴിഞ്ഞുപോയ പ്രദേശങ്ങളില്‍ അധികാരം ഉറപ്പിക്കാന്‍ ഹമാസ് 7,000 സായുധരെ വീണ്ടും എത്തിച്ചു. 'നിയമലംഘകരെയും ഇസ്രായേല്‍ സഹയാത്രികരെയും ഗാസയില്‍ നിന്ന് തുടച്ചുനീക്കും' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹമാസ് സുരക്ഷാ സേനയെ സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ ഗാസയില്‍ ഹമാസ് ലക്ഷ്യമിടുന്നത് എന്തെന്ന് അവ്യക്തമായി തുടരുന്നു. ഈ സായുധ നീക്കങ്ങളെ അമേരിക്ക എങ്ങനെ കാണുമെന്നതാണ് നിര്‍ണ്ണായകം.

ഉത്തരവിനെത്തുടര്‍ന്ന്, ഹമാസ് യൂണിറ്റുകള്‍ ഗാസയിലെ വിവിധ ജില്ലകളില്‍ ഇതിനോടകം വിന്യസിക്കപ്പെട്ടു കഴിഞ്ഞു. കൂടാതെ, സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവര്‍ണര്‍മാരെയും ഹമാസ് നിയമിച്ചിട്ടുണ്ട്. സാധാരണ വസ്ത്രങ്ങളിലും നീല യൂണിഫോമുകളിലുമായി ആയുധധാരികളായ ഉദ്യോഗസ്ഥര്‍ തെരുവുകളില്‍ പട്രോളിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വടക്കന്‍ ഗാസ മുനമ്പിലേക്ക് പതിനായിരക്കണക്കിന് ഫലസ്തീനികള്‍ കൂട്ടമായി മടങ്ങിയെത്തുന്നുണ്ട്. രണ്ട് വര്‍ഷം നീണ്ട വിനാശകരമായ സംഘര്‍ഷത്തിന് വിരാമമിടുന്നതിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് വെടിനിര്‍ത്തല്‍ കരാര്‍.

ഇസ്രായേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്‍വാങ്ങുമ്പോള്‍ ഗാസയുടെ ഭരണം ആര് നിര്‍വഹിക്കും, ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതി അനുസരിച്ച് ഹമാസ് നിരായുധരാകുമോ എന്നതിനെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇസ്രായേല്‍ തങ്ങളുടെ സൈനിക നടപടികള്‍ പുനരാരംഭിച്ചേക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിനകം സൂചന നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് കൂടുതല്‍ ഹമാസ് സായുധ സേന ഗാസയില്‍ എത്തുന്നത്.

യുഎസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് തിരിച്ചെത്തുകയാണ് ആയിരങ്ങള്‍. കാല്‍നടയായും വാഹനങ്ങളിലായും ജനം താമസമേഖലകളിലേക്ക് തിരികെ എത്തുകയാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ ആകെ തകര്‍ന്ന ഗാസയില്‍ വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് തിരികെയെത്തുന്നത്. അതേസമയം, ധാരണപ്രകാരമുള്ള ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗാസയില്‍ ഭൂരിഭാഗം കെട്ടിടങ്ങളും തകര്‍ന്ന് വാസയോഗ്യമല്ലാത്ത നിലയിലാണ്. എങ്ങും തകര്‍ന്ന അവശിഷ്ടങ്ങളും കോണ്‍ക്രീറ്റ് കൂമ്പാരവുമാണ്. അതേസമയം, ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിത്തുടങ്ങും. ഞായറാഴ്ച മുതല്‍ കൂടുതല്‍ സഹായവാഹനങ്ങള്‍ കടത്തിവിടാന്‍ ഇസ്രായേല്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവിച്ചിരിക്കുന്നുവെന്ന് കരുതുന്ന 20 ബന്ദികളെയും കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരവുമാണ് ഹമാസ് ഇസ്രായേലിന് കൈമാറേണ്ടത്.

പകരം ഇസ്രായേലി ജയിലില്‍ കഴിയുന്ന ഫലസ്തീനികളെ മോചിപ്പിക്കും. ഇന്ന് ഈജിപ്തില്‍ അന്തിമ സമാധാനക്കരാര്‍ ഒപ്പുവയ്ക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൂടാതെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറും ചടങ്ങില്‍ പങ്കെടുക്കും.