- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല; അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്; അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല'; ഗാസയെ സ്വന്തമാക്കുമെന്ന് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ്
'മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല
ഗാസ: ഗാസയെ അമേരിക്ക സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്ത്. ട്രംപിന്റേത് ഗസ്സയില്‍ പിരിമുറുക്കം സൃഷ്ടിക്കാനുള്ള കുറിപ്പടിയാണെന്ന് ഹമാസ് പ്രതികരിച്ചു. ഗസ്സയിലെ ജനങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഹമാസ് പ്രസ്താവനയുമായി രംഗത്തുവന്നത്. 'മേഖലയില്‍ കുഴപ്പങ്ങളും പിരിമുറുക്കങ്ങളും സൃഷ്ടിക്കുന്നതിനുള്ള കുറിപ്പടിയായി ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നു. ഈ നീക്കം നടപ്പാക്കാന്‍ ഗസ്സയിലെ നമ്മുടെ ജനത അനുവദിക്കില്ല'' -പ്രസ്താവനയില്‍ പറഞ്ഞു.
'നമ്മുടെ ജനങ്ങള്‍ക്കെതിരായ അധിനിവേശവും ആക്രമണവും അവസാനിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അവരെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കുകയല്ല. ഗസ്സന്‍ ജനത 15 മാസത്തിലേറെയായി ബോംബാക്രമണത്തിന് വിധേയമാവുകയാണ്. അവര്‍ അവരുടെ നാട്ടില്‍ വേരൂന്നിയവരാണ്. അവരെ മാതൃരാജ്യത്ത് നിന്ന് പിഴുതെറിയാന്‍ ലക്ഷ്യമിടുന്ന ഒരു പദ്ധതിയും അംഗീകരിക്കില്ല' -ഹമാസ് വ്യക്തമാക്കി.
ഗസ്സയെ അമേരിക്ക സ്വന്തമാക്കുകയും അവശിഷ്ടങ്ങള്‍ നീക്കി സ്ഥലം നിരപ്പാക്കുകയും ചെയ്യുമെന്നാണ് അമേരിക്ക സന്ദര്‍ശിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബിന്യമിന്‍ നെതന്യാഹുവിനൊപ്പം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. 'ഗാസാ മുനമ്പ് യു.എസ് ഏറ്റെടുക്കും, അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും' എന്ന് പറഞ്ഞ ട്രംപ് ഗസ്സക്കാര്‍ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നും അവരെ ജോര്‍ഡനും ഈജിപ്തും ഏറ്റെടുക്കണമെന്നുമുള്ള തന്റെ മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തത്.
''ഞങ്ങള്‍ ഗസ്സ സ്വന്തമാക്കും. സ്ഥലത്തെ എല്ലാ അപകടകരമായ പൊട്ടാത്ത ബോംബുകളും മറ്റ് ആയുധങ്ങളും നീക്കും. സ്ഥലം നിരപ്പാക്കുന്നതിനും തകര്‍ന്ന കെട്ടിടങ്ങള്‍ നീക്കം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കും. പ്രദേശത്തെ ജനങ്ങള്‍ക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും വീടുകളും നിര്‍മിച്ചു നല്‍കുന്ന സാമ്പത്തിക വികസനം യുഎസ് സൃഷ്ടിക്കും' -ട്രംപ് പറഞ്ഞു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗസ്സയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞ് പോകണമെന്നും ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എല്ലാ ഫലസ്തീനികളെയും മാറ്റിപ്പാര്‍പ്പിച്ചാല്‍ ഗസ്സയില്‍ ആരൊക്കെ താമസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന ചോദ്യത്തിന്, ''ലോകത്തിലെ ഏത് രാജ്യത്തുള്ള ജനങ്ങള്‍ക്കും ഗസ്സയില്‍ താമസിക്കാന്‍ കഴിയുമെന്ന് താന്‍ സങ്കല്‍പ്പിക്കുന്നു'' എന്നായിരുന്നു ട്രംപിന്റെ മറുപടി.
''ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രതിനിധികള്‍ അവിടെ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു, അവര്‍ അവിടെ താമസിക്കും. പലസ്തീനികളും അവിടെ താമസിക്കും. നിരവധി ആളുകള്‍ അവിടെ താമസിക്കും. ഫലസ്തീനികളെ അയല്‍ രാജ്യങ്ങളിലേക്ക് മാറ്റിയാല്‍ അവര്‍ക്ക് സമാധാനത്തോടെ മെച്ചപ്പെട്ട സാഹചര്യത്തില്‍ അവിടങ്ങളില്‍ (ഈജിപ്തിലും ജോര്‍ഡനിലും) ജീവിക്കാന്‍ കഴിയും. അവര്‍ ഇപ്പോള്‍ നരകത്തിലാണ് ജീവിക്കുന്നത്. ആ ആളുകള്‍ക്ക് അവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയും'' -അദ്ദേഹം പറഞ്ഞു.
ഗസ്സയെ പുനര്‍നിര്‍മ്മിച്ച് മനോഹരമാക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. 'ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ഡന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഫലസ്തീന്‍കാരെ സ്വീകരിക്കണം' -ട്രംപ് ആവശ്യപ്പെട്ടു. അടുത്താഴ്ച ജോര്‍ഡന്‍ രാജാവ് വൈറ്റ് ഹൗസില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കാരാറിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
അതേസമയം, ഇസ്രായേലിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ സുഹൃത്താണ് ട്രംപെന്ന് നെതന്യാഹു പ്രതികരിച്ചു. ട്രംപിന്റെ നേതൃപാടവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി. 'ജൂത രാഷ്ട്രത്തോടും ജൂത ജനതയോടുമുള്ള നിങ്ങളുടെ സൗഹൃദത്തിനും പിന്തുണയ്ക്കും തെളിവാണിത്. ട്രംപിന്റെ ശക്തമായ നേതൃത്വവും സമ്മര്‍ദവുമാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിക്കാന്‍ ഇസ്രയേലിനെ സഹായിച്ചത്' -നെതന്യാഹു പറഞ്ഞു. അമേരിക്ക തടഞ്ഞുവെച്ച യുദ്ധോപകരണങ്ങള്‍ ഇസ്രായേലിന് വിട്ടുനല്‍കാന്‍ ഉത്തരവിട്ട ട്രംപിന് നെതന്യാഹു നന്ദി പറഞ്ഞു.