ഗസ്സ: ഗാസയിലെ വെടിയൊച്ച ഉടന്‍ നിലക്കില്ലെന്ന് വ്യക്തമാകുന്നു. ഇസ്രായേലും ഹമാസും നിലപാടുകളില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടില്‍ തുടരുന്നതോടെയാണ് വെടിനിര്‍ത്തലും ഉടനുണ്ടാകില്ലെന്ന് വ്യക്തമാകുന്നത്. ഗസ്സയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിച്ച് സൈന്യത്തെ ഇസ്രായേല്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സമ്മതിക്കാതെ ഒരു കരാറിലും തങ്ങള്‍ ഒപ്പിടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. ബന്ദിമോചനവും വെടിനിര്‍ത്തലും സംബന്ധിച്ച് ദോഹയില്‍ നടന്ന ദ്വിദിന ചര്‍ച അവസാനിച്ചതിന് പിന്നാലെയാണ് പ്രതികരണം. ദോഹയിലെ ചര്‍ച്ചകള്‍ അനുകൂലമാകില്ലെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍.

'ചര്‍ച്ച തടസ്സപ്പെടുത്തുകയും നിബന്ധനകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഇസ്രയേലാണ്. തുടര്‍ച്ചയായി ചര്‍ച്ചകള്‍ പൊളിയാന്‍ കാരണവും അവരാണ്. മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് ജൂലൈ 2 ന് തന്നെ ഞങ്ങള്‍ പ്രതികരിച്ചിരുന്നു. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള കരാറിന് മാത്രമേ ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളൂ' -ഹമാസ് വ്യക്തമാക്കി.

ബൈഡന്‍ മുന്നോട്ടുവെച്ച കരട് കരാറില്‍ ഇസ്രായേല്‍ നിബന്ധനകളും വ്യവസ്ഥകളും ചേര്‍ക്കുന്നത് തുടരുകയാണ്. യുദ്ധം അവസാനിപ്പിച്ച് ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ സന്നദ്ധമല്ലെങ്കില്‍ തങ്ങള്‍ കരാറിന് സമ്മതിക്കില്ലെന്നും ഹമാസ് അധികൃതര്‍ അറിയിച്ചു.

അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗസ്സ യുദ്ധം ആരംഭിച്ച ശേഷം ബ്ലിങ്കന്‍ നടത്തുന്ന പത്താമത്തെ സന്ദര്‍ശനമാണിത്. വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പാക്കാന്‍ ബ്ലിങ്കന്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ -ബന്ദിമോചന കരാറിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹയില്‍ നടന്ന സന്ധി സംഭാഷണത്തിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥരായ ഖത്തര്‍, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

എന്നാല്‍, നിരന്തരം ചര്‍ച്ച നടത്തി ഇസ്രായേല്‍ പ്രഹസനമാക്കുകയാണെന്നാരോപിച്ച് ഹമാസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ഹമാസിനെ കരാറിന് സമ്മതിപ്പിക്കാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങള്‍ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ഇസ്രായേലിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഹമാസിനുമേല്‍ മധ്യസ്ഥര്‍ നടത്തുന്ന സമ്മര്‍ദ്ദം ഫലം കാണുമെന്ന് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.

അതേസമയം യുദ്ധം അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയോടെ ഇന്നലെ ദോഹയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച അവസാനിച്ചത്. ഗൗരവപരവും ക്രിയാത്മകവുമായിരുന്നു രണ്ടു ദിവസത്തെ ചര്‍ച്ച. ചര്‍ച്ചയുടെ രണ്ടാം ഘട്ടം അടുത്തയാഴ്ച ഈജിപ്തിലെ കൈറോയില്‍ നടക്കും. ദോഹ ചര്‍ച്ചയിലൂടെ രൂപപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കാനും വെടിനിര്‍ത്തല്‍ കരാറില്‍ എത്താനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിനിടെ, ഒരുവശത്ത് ചര്‍ച്ച പുരോഗമിക്കുമ്പോള്‍ മറുവശത്ത് ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം പുതിയ കൂട്ടക്കൊലകളും കുടിയൊഴിപ്പിക്കലുമായി ആക്രമണം നിര്‍ബാധം തുടരുകയാണ്. ഹമാസിനെ കരാറിന് സമ്മതിപ്പിക്കാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങള്‍ക്ക് നെതന്യാഹു നന്ദി പറഞ്ഞു. ഇസ്രായേലിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഹമാസിനുമേല്‍ മധ്യസ്ഥര്‍ നടത്തുന്ന സമ്മര്‍ദ്ദം ഫലം കാണുമെന്ന് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.

സമാധാന കരാറിനായി മധ്യസ്ഥ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശം മുന്നോട്ടുവെച്ചാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന ദോഹ ചര്‍ച്ച അവസാനിച്ചത്. മേയ് 31ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെയും യു.എന്‍ സുരക്ഷ കൗണ്‍സില്‍ പ്രമേയത്തിന്റെയും അടിസ്ഥാനത്തിലുള്ള സമാധാന പദ്ധതിയെ അടിസ്ഥാനമാക്കിയാവും തുടര്‍ചര്‍ച്ചകള്‍. അടുത്ത ഘട്ടമെന്ന നിലയില്‍ ബന്ദിമോചനം, വെടിനിര്‍ത്തല്‍ കരാര്‍, അതിര്‍ത്തിയിലെ നിയന്ത്രണം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക സംഘം വിശദപരിശോധന നടത്തി അന്തിമ ധാരണയിലെത്തും.

മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ, ആഭ്യന്തര സുരക്ഷ വിഭാഗം മേധാവി റോനന്‍ ബാര്‍, മിലിട്ടറി ഹോസ്‌റ്റേജ് ചീഫ് നിറ്റ്‌സാന്‍ അലോണ്‍ എന്നിവര്‍ ഇസ്രായേല്‍ പക്ഷത്തുനിന്ന് പങ്കെടുത്തു. ഹമാസ് മാറിനിന്നെങ്കിലും ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ അവരുമായി മധ്യസ്ഥര്‍ ആശയവിനിമയം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചര്‍ച്ചക്കായി ഖത്തറിലേക്ക് പോയ ഇസ്രായേലി പ്രതിനിധികള്‍ക്ക് താക്കീതുമായി തെല്‍അവീവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം പടുകൂറ്റന്‍ റാലി നടന്നിരുന്നു.