ടെഹ്‌റാന്‍: നൂതന വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ച് അമേരിക്കന്‍ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാന്‍. ആക്രമണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒമാന്‍ ഉള്‍ക്കടലിലെ ഒരു പ്രധാന തീരദേശ സ്ഥലമായ ചബഹാറിനടുത്താണ് വിമാനം തകര്‍ന്നതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചു.

അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡ് ഈ അവകാശവാദം നിഷേധിച്ചു. ഒരു യുഎസ് യുദ്ധവിമാനവും ഇറാന്‍ ആക്രമിച്ചിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. നിലവില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും മറ്റുള്ളവരില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ വേണ്ടിയാണെന്നും യുഎസ് വാദിച്ചു. പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയിലാണ് അവകാശവാദവും പ്രത്യാരോപണവും ഉയരുന്നത്.

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ പെന്റഗണ്‍, തങ്ങളുടെ വിമാനങ്ങളെല്ലാം സുരക്ഷിതമാണെന്ന് വ്യക്തമാക്കി. ഇറാന്റെ ആകാശപരിധി ലംഘിച്ച അമേരിക്കന്‍ യുദ്ധവിമാനത്തെ തങ്ങളുടെ വ്യോമപ്രതിരോധ സേന തകര്‍ത്തുവെന്നായിരുന്നു കഴിഞ്ഞദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തകര്‍ന്നുവീണ വിമാനത്തിന്റേതെന്ന പേരില്‍ കത്തിയമരുന്ന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും ഇറാന്‍ അനുകൂല പ്രൊഫൈലുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇതോടെ മേഖലയില്‍ വീണ്ടുമൊരു നേരിട്ടുള്ള യുദ്ധത്തിന് തിരികൊളുത്തിയോ എന്ന ആശങ്ക പരന്നു.

എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച യുഎസ് പ്രതിരോധ കേന്ദ്രങ്ങള്‍ ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ചു. ഇറാന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിമാനാപകടങ്ങളില്‍ പെട്ട മറ്റ് വിമാനങ്ങളുടേതാണെന്ന് വിദഗ്ധര്‍ കണ്ടെത്തി. നിലവില്‍ അമേരിക്കന്‍ നാവികസേനയുടെയോ വ്യോമസേനയുടെയോ ഒരു വിമാനവും കാണാതാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

അമേരിക്കയെ പ്രകോപിപ്പിക്കാനും ആഭ്യന്തരമായി കരുത്ത് തെളിയിക്കാനുമുള്ള ഇറാന്റെ സൈക്കോളജിക്കല്‍ വാര്‍ഫെയറിന്റെ ഭാഗമായാണ് ഈ വ്യാജ പ്രചാരണമെന്നാണ് വിലയിരുത്തല്‍. നേരത്തെയും സമാനമായ രീതിയില്‍ യുഎസ് ഡ്രോണുകള്‍ തകര്‍ത്തെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നെങ്കിലും പലതും പിന്നീട് തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ വഷളായി തുടരുന്നതിനിടെയാണ് ഈ 'വിമാനക്കഥ'യും ചര്‍ച്ചയാകുന്നത്.

സംഘര്‍ഷത്തില്‍ ഇറാന് മുന്നില്‍ കീഴടങ്ങിയ അമേരിക്ക, ഇറാന് മുന്നില്‍ വെച്ച 15 ഇന ഉപാധികള്‍ രാജ്യം തള്ളിയതിന് പിന്നാലെയാണ് അവകാശവാദം വരുന്നത്. ട്രംപിന്റെ ആവശ്യം തള്ളിയ ഇറാന്‍ അമേരിക്കയ്ക്ക് മുന്നില്‍ അഞ്ച് ഉപാധികള്‍ വെയ്ക്കുകയായിരുന്നു.