ബെയ്‌റൂട്ട്: ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവന്‍ നയിം ഖാസിം. 2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിതെന്നും നയിം ഖാസിം വ്യക്തമാക്കി. ''ഹിസ്ബുല്ലയെ നശിപ്പിക്കുന്നതില്‍ നിന്ന് ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ വിജയിച്ചത്. ഹിസ്ബുല്ലയെ ദുര്‍ബലപ്പെടുത്തുമെന്ന് വാതുവയ്പ്പ് നടത്തിയവരോട് ഞങ്ങള്‍ക്ക് സഹതാപമുണ്ട്, കാരണം അവര്‍ പരാജയപ്പെട്ടു'' നയിം ഖാസിം വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന് ലെബനന്‍ സൈന്യവുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നയിം കാസിം പഞ്ഞു. ഇസ്രായേലിനെതിരെ 'ദൈവിക വിജയം' നേടിയെന്നും ശത്രുക്കള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തിയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് ഹിസ്ബുല്ല തലവന്‍ പ്രതികരിക്കുന്നത്.

അതേസമയം കരാറിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റെസിസ്റ്റന്‍സും ലെബനന്‍ സൈന്യവും തമ്മില്‍ ഉന്നതതല ഏകോപനം ഉണ്ടാകുമെന്ന് നയിം വ്യക്തമാക്കി. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോ മീറ്റര്‍ വടക്ക് ഒഴുകുന്ന ലിറ്റനി നദിയുടെ കരയില്‍ നിന്ന് ഹിസ്ബുല്ല പിന്മാറണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കരാറിലുള്ളത്. ഇസ്രയേല്‍ സൈന്യവും ലെബനന്‍ അതിര്‍ത്തിയില്‍ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കുകയായിരുന്നു.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നു മണിക്കൂറുകള്‍ക്കകം തെക്കന്‍ ലബനന്‍ അതിര്‍ത്തിയിലെ 6 സ്ഥലങ്ങളില്‍ ജനങ്ങള്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം കഴിഞ്ഞദിവസം വെടിയുതിര്‍ത്തിരുന്നു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണര്‍ക്കൊപ്പം വാഹനങ്ങളില്‍ ഹിസ്ബുല്ല സംഘവും എത്തിയെന്ന് ആരോപിച്ചായിരുന്നു വെടിയുതിര്‍ത്തത്. കര്‍ഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേല്‍ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടന്‍ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നല്‍കി.

മര്‍കബ, വസാനി, കഫര്‍ചൗബ, ഖിയം, ടയ്ബി, മര്‍ജയൂന്‍ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സ്ഥലങ്ങള്‍ ഇസ്രയേല്‍ലബനന്‍ അതിര്‍ത്തിയില്‍ ബഫര്‍സോണായ 2 കിലോമീറ്റര്‍ പരിധിക്ക് അകത്താണ്. ഇവിടെ ഹിസ്ബുല്ലയുടെയോ ഇസ്രയേലിന്റെയോ സൈനിക സാന്നിധ്യം പാടില്ലെന്നാണു കരാര്‍. പകരം യുഎന്‍ സമാധാന സേനയും ലബനന്‍ സേനയും കാവല്‍ നില്‍ക്കണം.

ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ സാധാരണക്കാരടക്കം 3,700 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ലെബനന്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വിവിധ ഏറ്റുമുട്ടലുകളിലായി 130 പേര്‍ മരിച്ചെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. സമാനമായ രീതിയില്‍ ഗാസയിലും വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. നിലവില്‍ നിരവധി ഇസ്രായേലികള്‍ ഹമാസിന്റെ തടങ്കലില്‍ ഉണ്ട്. വരും ദിവസങ്ങളില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.