- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍; മരണം ബെയ്റൂത്തല് നടത്തിയ വ്യോമാക്രമണത്തില്‍; സ്ഥിരീകരിക്കാതെ ലബനന്
ബെയ്റൂത്ത്: ലബനാന് തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ട് ഇസ്രായേല്‍. ചൊവാഴ്ച രാത്രി ബെയ്റൂട്ടില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു. ഒരു മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡറെ ലക്ഷ്യം വച്ചാണ് മിസൈല്‍ ആക്രമണം നടന്നതെന്ന് ലെബനന് സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹിസ്ബുല്ലയുടെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഫുആദ് ഷുക്കറിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം ഹിസ്ബുല്ലയും ലെബനീസ് അധികൃതരും ഇതുവരെ കമാന്‍ഡറുടെ മരണം സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഫുആദ് ഷുകൂര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരന്‍ ഫുആദ് ആണെന്നായിരുന്നു ഇസ്രായേല്‍ ആരോപണം.
ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച ലെബനന് കാവല്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, തലസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രികളിലൊന്നില്‍നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായതെന്ന് അറിയിച്ചു. പൂര്‍ണമായും സിവിലിയന്‍ പ്രദേശം ലക്ഷ്യം വെച്ച് ഇസ്രായേല്‍ വലിയ വിഡ്ഢിത്തമാണ് ചെയ്തിരിക്കുന്നതെന്നും ഇതിനവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഹിസ്ബുല്ല ഉദ്യോഗസ്ഥന് അലി അമ്മാര്‍ മുന്നറിയിപ്പ് നല്കി.
ഇറാന് പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ തെക്കന്‍ ബെയ്റൂട്ടിലെ ശക്തികേന്ദ്രമായ ഷൂറ കൗണ്‍സിലിന് ചുറ്റുമുള്ള പ്രദേശത്തെ ലക്ഷ്യം വച്ചാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച ഇസ്രയേല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ റോക്കറ്റ് ആക്രമണത്തില്‍ ഡ്രൂസ് ഗ്രാമത്തില്‍ 12 ഇസ്രയേലി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്.
അതേസമയം ഗോലാന്‍ കുന്നുകളിലുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്. തെക്കന്‍ ലെബനനിലെ ഹിസ്ബുല്ല നിരീക്ഷണ പോസ്റ്റിന് നേരെയും ഇസ്രയേല്‍ വ്യോമസേന ആക്രമണം നടത്തിയിട്ടുണ്ട്. ഹിസ്ബുല്ലയും ഇസ്രയേലും തമ്മില്‍ മേഖലയില്‍ ഉടലെടുത്ത പോരാട്ടത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അരൂരി കൊല്ലപ്പെട്ടിരുന്നു. 2006ന് ശേഷം ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആദ്യ ആക്രമണമായിരുന്നു അത്.