ടെഹ്‌റാന്‍: അമേരിക്കയെ പ്രകോപിപ്പിക്കുന്ന തുടര്‍നീക്കവുമായി ഇറാന്‍ മുന്നോട്ട്. ഇസ്രായേല്‍, അമേരിക്കന്‍ അംബാസഡര്‍മാരെ പുറത്താക്കുന്ന അറബ്-യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ അവകാശമുണ്ടാകുമെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്തു.

കടന്നുപോകുന്ന 21 മൈല്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്ക് നിലവില്‍ യുദ്ധത്തെത്തുടര്‍ന്ന് അതീവ അപകടസാധ്യതയുള്ള മേഖലയായി മാറിയിരിക്കുകയാണ്. അമേരിക്കയും ഇസ്രായേലും ഇറാനുമായി നേരിട്ട് യുദ്ധം തുടങ്ങിയതോടെ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിക്കുകയും എണ്ണ ഉല്‍പ്പാദനം കുറയുകയും ചെയ്തിട്ടുണ്ട്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രം സുരക്ഷ ഉറപ്പാക്കുമെന്ന ഇറാന്റെ പുതിയ നിലപാട് ഗള്‍ഫ് രാജ്യങ്ങളെയും യൂറോപ്യന്‍ രാഷ്ട്രങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

അതേസമയം, അമേരിക്കയുടെ സഖ്യരാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ക്കും വാണിജ്യ കപ്പലുകള്‍ക്കും പേര്‍ഷ്യന്‍ ഗള്‍ഫില്‍ 'സുരക്ഷാ നികുതി' ഏര്‍പ്പെടുത്താന്‍ ഇറാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്ക് തുറന്നതാണെന്ന് അവകാശപ്പെടുമ്പോഴും, അത് പ്രായോഗികമായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും 'അടഞ്ഞ' അവസ്ഥയിലാണെന്നും ഇറാന്‍ വൃത്തങ്ങള്‍ സിഎന്‍എന്നിനോട് വ്യക്തമാക്കി. ആഗോള എണ്ണവിലയുടെ നിയന്ത്രണം ഇപ്പോള്‍ തങ്ങളുടെ കൈപ്പിടിയിലാണെന്നും, ട്രംപ് പരാജയം സമ്മതിക്കുന്നത് വരെ ഈ സാമ്പത്തിക പോരാട്ടം തുടരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ അസ്ഥിരമായ ഊര്‍ജ്ജ വിപണിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇറാന്റെ ശ്രമം. അമേരിക്കന്‍ സഖ്യകക്ഷികളുടെ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം അന്താരാഷ്ട്ര ചരക്കുനീക്കത്തെയും എണ്ണവിലയെയും ഗുരുതരമായി ബാധിക്കും. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത കപ്പലുകള്‍ക്ക് മേഖലയില്‍ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് ഇറാന്റെ പുതിയ നേതൃത്വം. ഈ നീക്കം വരും ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ദ്ധനവിന് കാരണമായേക്കാം.

ഇറാനെതിരെ യുഎസ് -ഇസ്രയേല്‍ സഖ്യത്തിന്റെ കടന്നാക്രമണം പത്താം ദിവസവും തുടരുമ്പോള്‍ ആഗോള എണ്ണ വിപണി വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചത് ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ബാരലിന് 65-67 ഡോളര്‍ നിരക്കിലായിരുന്ന ബ്രെന്റ് ക്രൂഡ് വില നിലവില്‍ 116 ഡോളറിന് മുകളിലായി. ഇപ്പോഴത്തെ നിലയില്‍ ഡോളര്‍ കടന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ആശങ്കയുണ്ട്.

നിലവില്‍ ഏകദേശം രണ്ടുകോടി ബാരല്‍ എണ്ണയാണ് ഹോര്‍മുസ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളും ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി പ്ലാന്റിലെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും ഊര്‍ജ്ജ വിപണിയിലെ പ്രതിസന്ധി ഇരട്ടിയാക്കി. ലോകത്തെ പ്രകൃതിവാതക വിതരണത്തിന്റെ 20 ശതമാനത്തോളം ഇതോടെ നിലച്ചു. പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യ, ചൈന തുടങ്ങിയ ഇറക്കുമതിയെ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളെയാണ്.

ഇന്ത്യ എണ്ണ ആവശ്യത്തിന്റെ വലിയൊരു ഭാഗം പശ്ചിമേഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. എണ്ണവിലയിലുണ്ടാകുന്ന ഓരോ 10 ശതമാനം വര്‍ധനവും രാജ്യത്തെ പണപ്പെരുപ്പത്തില്‍ 0.2 ശതമാനത്തോളം വര്‍ധനവിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസ് വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. വാതക വില ഗാലന് 4 ഡോളറിന് മുകളില്‍ എത്തിയത് ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ട്. സംഘര്‍ഷം നീണ്ടുനില്‍ക്കുകയാണെങ്കില്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രാലയവും വിവിധ അന്താരാഷ്ട്ര ഏജന്‍സികളും മുന്നറിയിപ്പ് നല്‍കുന്നു.