സനാ: യെമന്റെ തലസ്ഥാന നഗരമായ സനായില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതരുടെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. യെമനിലെ അല്‍-ജുംഹുരിയ ചാനലും ആദന്‍ അല്‍-ഗാദ് പത്രവും ഹൂത്തി പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി ഒരു അപ്പാര്‍ട്ട്മെന്റില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ നിരവധി കൂട്ടാളികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ തലസ്ഥാനത്തിന് പുറത്തുള്ള ഒരു സ്ഥലത്ത് ഹൂത്തി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂത്തിയുടെ പ്രസംഗം കേള്‍ക്കാന്‍ ഒത്തുകൂടിയ 10 മുതിര്‍ന്ന ഹൂത്തി മന്ത്രിമാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

ഹൂത്തികളുടെ പ്രധാനപ്പെട്ട സൈനിക, സര്‍ക്കാര്‍ ഉന്നതര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഇസ്രയേല്‍ വിലയിരുത്തുന്നത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് ഇവര്‍ ഇത്തരത്തില്‍ ഒത്തുകൂടുന്നതായി വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന മേഖലയില്‍ കനത്ത വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇസ്രയേലിന് ശക്തമായ ആക്രമണം നടത്താന്‍ കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അല്‍-ഹൂത്തി പ്രസംഗിക്കുമ്പോള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതായി അദ്ദേഹത്തിന് മനസ്സിലായോ എന്ന കാര്യം മൊസാദ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അല്‍-ഹൂത്തി ഇക്കാര്യം മനസിലാക്കിയതായി ഒരു സൂചനയും ലഭിച്ചിരുന്നില്ല. മൊസാദ് ലക്ഷ്യമിട്ട ഹൂത്തി പ്രമുഖരില്‍ ഹൂത്തികളുടെ പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും ഉള്‍പ്പെടുന്നു. 2016 മുതല്‍ ഹൂത്തികളുടെ പ്രതിരോധ മന്ത്രിയാണ് മുഹമ്മദ് നാസര്‍ അല്‍-അത്താഫി. ഹൂത്തികളുടെ സൈനിക സ്ഥാപനത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് അത്താഫി. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകളുമായും ഹിസ്ബുള്ളയുമായും ഇയാള്‍ അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും ഇസ്രായേലിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പറയപ്പെടുന്നു.

കഴിഞ്ഞ ജൂണില്‍ ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ യെമനില്‍ നടത്തിയ ഇസ്രായേലി ആക്രമണത്തില്‍ ഹൂത്തി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അല്‍-ഗമാരിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇസ്രയേല്‍ യെമനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഹൂത്തി പ്രമുഖരെ വധിക്കാന്‍ നേരത്തേ എടുത്ത തീരുമാനം പിന്നീട് ഇന്നലത്തേയ്ക്ക് മാറ്റുകയായിരുന്നു. 1800 കിലോമീറ്റര്‍ അകലെയുള്ള യെമനിലേക്ക് ഇസ്രയേല്‍ ഇത് പതിനാറാം തവണയാണ് നേരിട്ട് ആക്രമണം നടത്തുന്നത്.