ഡമാസ്‌ക്കസ്: സിറിയയില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കാന്‍ രണ്ടും കല്‍പ്പിച്ച് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത് ഇസ്രയേലാണ്. സിറിയയില്‍ ഇസ്രയേല്‍ വ്യോമസേന അതിരൂക്ഷമായ തോതിലാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. അസദിന്റെ സൈന്യത്തിന്റെ കൈവശം ഉണ്ടായിരുന്ന ആയുധശേഖരം തീവ്രവാദികളുടെ കൈകല്‍ എത്താതിരിക്കാനാണ് ആക്രമണം ശക്തമാക്കിയതെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സിറിയയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ 300 ഓളം വ്യോമാക്രമണങ്ങളാണ് നടത്തിയത്.

സിറിയയുടെ വ്യോമപ്രതിരോധ സംവിധാനത്തെയും നാവിക കപ്പലുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം. നാവിക സേനയുടെ ആറ് കപ്പലുകളാണ് ഇസ്രയേല്‍ തകര്‍ത്തത്. സിറിയയിലെ ലതാക്കിയാ നാവിക കേന്ദ്രത്തിന് നേരേ നടത്തിയ ആക്രമണത്തിലാണ് ഈ കപ്പലുകള്‍ തകര്‍ത്തത്. കൃത്യമായി കപ്പലുകളെ മാത്രം ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണം നടന്നത്. നാവിക കേന്ദ്രത്തിനും തുറമുഖത്തിനും വലിയ തോതില്‍ കേടുപാടുകള്‍ പറ്റിയില്ല എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ സിറിയയിലെ പ്രത്യേക പ്രതിനിധി

ഇസ്രയേലിനോട് ആക്രമണം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് ഭാഗവും ഇസ്രയേല്‍ പിടിച്ചെടുത്തിരുന്നു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും പരിസരങ്ങളിലുമുള്ള സൈനിക സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ശാസ്ത്രഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി. ഹോംസ്, ഖാമിഷ്‌ലി, ഡമാസ്‌കസ് എന്നിവിടങ്ങളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമാനത്താവളങ്ങളും വെയര്‍ഹൗസുകളും എയര്‍ക്രാഫ്റ്റ്, ഡ്രോണ്‍ സംവിധാനങ്ങളും റഡാറുകളും സൈനിക സിഗ്നല്‍ സ്റ്റേഷനുകളും തകര്‍ന്നു.




സിറിയയുടെ കരുതല്‍ ആയുധങ്ങളും വെടിമരുന്ന് ശേഖരണ കേന്ദ്രങ്ങളും ഇസ്രയേല്‍ നശിപ്പിച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സ്ഥിരീകരിച്ചു. പ്രസിഡന്റ് അസദ് രാജ്യംവിട്ട സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരെ ഭീകരാക്രമണം ഉണ്ടാകാതിരിക്കാനും അസദിന്റെ രാസായുധങ്ങള്‍ ഭീകരര്‍ക്ക് ലഭിക്കാതിരിക്കാനുമാണ് ബഫര്‍സോണ്‍ പിടിച്ചെടുത്തതും ആക്രമണം നടത്തിയതുമെന്നാണ് ഇസ്രയേല്‍ പറയുന്ന ന്യായം. കൂടുതല്‍ മുന്നേറ്റത്തിനായി ഇസ്രയേല്‍ സിറിയ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.പുതിയസര്‍ക്കാറിന് അധികാരം കൈമാറാന്‍ തയ്യാറാണെന്ന് മൊഹമ്മദ് അല്‍ ജലാലി അറിയിച്ചിരുന്നു.

അസദ് ഭരണകൂടത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ യുദ്ധക്കുറ്റം ചുമത്തുമെന്ന് എച്ച്ടിഎസ് അറിയിച്ചു. അതിനിടെ സിറിയ വിഷയംകൈകാര്യം ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേര്‍ന്ന് സിറിയയുടെ എക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. സിറിയയില്‍നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് അഭയംനല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വീഡന്‍, നോര്‍വേ, ഡെന്മാര്‍ക്ക്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. അസദ്ഭരണകൂടം വന്‍തോതില്‍ രാസായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാസായുധങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.