- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരിഫ് ഭീഷണി മുഴക്കിയ ട്രംപിന് ഇന്ത്യയുടെ മറുപടി! ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപനം നാളെ, ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഇ.യു രാജ്യങ്ങളില്‍ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയും; ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെന്‍സ് കാറുകളുടെ വില കുറഞ്ഞേക്കും; കരാറില്‍ ഇന്ത്യക്കും നേട്ടങ്ങളേറെ
താരിഫുമായി ഭീഷണി മുഴക്കിയ ട്രംപിന് ഇന്ത്യയുടെ മറുപടി! ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന തീരുവ ഭീഷണികള്‍ക്കിടയില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ നാളെ പ്രഖ്യാപനം. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറാകും യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ലോകത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ നാലിലൊന്ന് വിഹിതം കൈകാര്യം ചെയ്യുന്ന കരാറിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇന്ത്യ-യൂറോപ്പ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നാളെ പ്രഖ്യാപിക്കും. കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങള്‍ പരിശോധിച്ച ശേഷം അന്തിമ കരാറില്‍ ഇരു രാജ്യങ്ങള്‍ ഒപ്പിടും. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തോളം എടുക്കും. കരാര്‍ യൂറോപ്യന്‍ യൂണിനുമായുള്ള മികച്ച സാമ്പത്തിക സംയോജനത്തിന് സഹായകമാകും എന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കും. അടുത്തവര്‍ഷം ആയിരിക്കും കരാര്‍ പ്രാബല്യത്തില്‍ വരുക.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാന്‍ കരാറില്‍ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 110 ശതമാനമുള്ള തീരുവ കുറയുന്നതോടെ വിദേശ നിര്‍മിത ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തും. യു,എസ്സിന്റെ ഇരട്ടതീരുവയ്ക്കും, ഇന്ത്യ യു.എസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍.
15,000 യൂറോയ്ക്ക് (ഏകദേശം16.5 ലക്ഷം രൂപ) മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ഇളവ് അനുവദിക്കുന്നത്. രണ്ട് ലക്ഷം പെട്രോള്‍ / ഡീസല്‍ വാഹനങ്ങള്‍ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യാനാണ് അനുമതി. ഘട്ടം ഘട്ടമായി തീരുവ 10 ശതമാനത്തിലേക്ക് കുറയ്ക്കാനും സാധ്യതയുണ്ട്. ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ ചുവടുവെപ്പുകളില്‍ ഒന്നാണിത്.
ഇതോടെ ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു, മെഴ്‌സിഡീസ് ബെന്‍സ് തുടങ്ങിയ യൂറോപ്യന്‍ വാഹന കമ്പനികളുടെ ഇറക്കുമതി ചെയ്യുന്ന മോഡലുകള്‍ക്ക് വലിയ തോതില്‍ വില കുറയുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ കമ്പനികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീരുവ ഇളവ് നല്‍കില്ല. അഞ്ച് വര്‍ഷത്തിന് ശേഷം ഇക്കാര്യത്തില്‍ മാറ്റം വരുത്തിയേക്കും.
വില്‍പ്പനയുടെ കാര്യത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നിലായി ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാണ് ഇന്ത്യ. എങ്കിലും, ഇന്ത്യയുടെ ആഭ്യന്തര വാഹന പ്രൊഡക്ഷന്‍ വ്യവസായം സംരക്ഷിക്കപ്പേടേണ്ടതിനാല്‍ കരുതലോടെയാവും നീക്കങ്ങള്‍. ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നിലവില്‍ 70%, 110% എന്നിങ്ങനെയാണ് രാജ്യത്ത് നികുതി ചുമത്തുന്നത്. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ നടപടിയെ പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്.
.
ഇന്ത്യ -യൂറോപ്യന്‍ യൂണിയന്‍ വ്യാപാരം
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊരാളാണ് യൂറോപ്യന്‍ യൂണിയന്‍. കോവിഡ് കാലത്തെ ഇടിവിന് ശേഷം ഇരുവരും തമ്മിലുള്ള വ്യാപാരത്തില്‍ വ്യക്തമായ വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. 2024-ല്‍ മാത്രം 120 ബില്യണ്‍ യൂറോയുടെ വ്യാപാരമാണ് ഇരുവര്‍ക്കുമിടയില്‍ നടന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 17 ശതമാനമായിരുന്നു ഇത്. മറുവശത്ത് ഇയുവിന്റെ ഒന്‍പതാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
2024-ല്‍ ഇയുവിന്റെ മൊത്തം വ്യാപാരത്തിന്റെ 2.4 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ പങ്ക്. അമേരിക്ക (17.3 %), ചൈന (14.6%), യു.കെ. (10.1%) എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണെങ്കിലും കഴിഞ്ഞ ദശകത്തില്‍ ഇയുവും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ഏകദേശം 90 ശതമാനമാണ് വര്‍ധിച്ചത്.
പെട്രോളിയം ഉല്പന്നങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ്, തുണിത്തരങ്ങള്‍, യന്ത്രങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, രത്നങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോ പാര്‍ട്‌സ് എന്നിവയാണ് ഇന്ത്യ പ്രധാനമായും ഇയുവിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇയുവില്‍ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതിയില്‍ യന്ത്രങ്ങള്‍, വിമാനങ്ങള്‍, ഭാഗങ്ങള്‍, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ശാസ്ത്രീയ ഉപകരണങ്ങള്‍, പരുക്കന്‍ വജ്രങ്ങള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്കുകള്‍, കാറുകള്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഗണ്യമായി വര്‍ദ്ധിച്ചു, പക്ഷേ, ഇറക്കുമതിയില്‍ നേരിയ വര്‍ധനവാണ് ഉണ്ടായത്. 2024-ല്‍ 71.3 ബില്യണ്‍ യൂറോയുടെ ഉല്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. അതേസമയം ഇയുവില്‍ നിന്ന് 48.8 ബില്യണ്‍ യൂറോയുടെ സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയും ഇയുവും തമ്മിലുള്ള ബന്ധം വ്യാപാരത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഇയുവിന്റെ കണക്കനുസരിച്ച് ഏകദേശം 6,000 യൂറോപ്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലെ ഇയുവിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 2000 ഏപ്രിലിനും 2024 സെപ്റ്റംബറിനും ഇടയില്‍ ഇയുവില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐ 117.4 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, ബെല്‍ജിയം എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ യൂറോപ്യന്‍ യൂണിയന്‍ നിക്ഷേപകര്‍. ഇതേ കാലയളവിലെ ഇന്ത്യയുടെ ഇയുവിലേക്കുള്ള വിദേശ നിക്ഷേപം ഏകദേശം 40.04 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പഴക്കമേറെയുണ്ട്. 2007-ല്‍ ഒരു ബ്രോഡ്-ബേസ്ഡ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എഗ്രിമെന്റിന് ( വേണ്ടിയാണ് ഇന്ത്യയും ഇയുവും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. പക്ഷേ, ഓട്ടോമൊബൈല്‍സ്, വൈന്‍, സ്പിരിറ്റ്, ഡാറ്റ നിയമങ്ങള്‍, പൊതുസംഭരണം, ബൗദ്ധിക സ്വത്തവകാശം, തൊഴില്‍ മാനദണ്ഡങ്ങള്‍ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ തട്ടി ചര്‍ച്ചകള്‍ തടസപ്പെട്ടു. നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടന്നുവെങ്കിലും 2013-ന് ശേഷം ഇത് മരവിച്ചു.
2016-നും 2020-നും ഇടയില്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ആഗോള വ്യാപാര അന്തരീക്ഷത്തില്‍ മാറ്റം വന്ന സാഹചര്യത്തില്‍ 2022-ലാണ് ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നത്. ആ വര്‍ഷം ജൂണില്‍, ഇന്ത്യയും ഇയുവും സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചു.
യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഇറക്കുമതി തീരുവകള്‍ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ഇത് ഇരുകൂട്ടര്‍ക്കും വിപണികളുടെ വിശാല അവസരങ്ങള്‍ തുറന്നിടുന്നു. സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, തുണിത്തരങ്ങള്‍, സ്റ്റീല്‍, പെട്രോളിയം ഉല്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍ തുടങ്ങിയ മേഖലകള്‍ക്ക് കരാര്‍ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇയുവിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുപ്രധാന പങ്കാളിയാണ്. ചൈനയോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാനും വിശ്വസ്തരായ പങ്കാളികളുമായി സഹകരിക്കാനും ഇന്ത്യയുമായുള്ള സഹകരണം അവര്‍ക്ക് സഹായകമാകും. കയറ്റുമതി വര്‍ധിപ്പിക്കാനും ഉല്പാദനശൃംഖലയില്‍ മുന്‍നിരയിലെത്താനും ഇന്ത്യയ്ക്ക് ഈ കരാര്‍ സഹായകമാകും.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളുടെ ആഘാതം കുറയ്ക്കാന്‍ ഇന്ത്യയെ കരാര്‍ സഹായിക്കും. യൂറോപ്പിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യയ്ക്ക് നിലവില്‍ താരതമ്യേന കുറഞ്ഞ താരിഫാണുള്ളത്. പക്ഷേ, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകള്‍ ഇപ്പോഴും ഏകദേശം 10% തീരുവ നേരിടുന്നു. ഇവ നീക്കം ചെയ്യുന്നത് വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍ അമേരിക്കന്‍ തീരുവകൊണ്ട് സമ്മര്‍ദം നേരിടുന്ന മറ്റ് മേഖലകള്‍ എന്നിവയ്ക്ക് നേരിട്ട് ഗുണം ചെയ്യും. ചരക്കുകള്‍ക്ക് പുറമേ സേവന മേഖലയും ഇന്ത്യയുടെ താല്‍പ്പര്യങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഐടി ഉള്‍പ്പെടെയുള്ള സേവന മേഖകള്‍ക്ക് തുറന്നു കിട്ടുന്ന അവസരങ്ങള്‍ യുഎസ് വിപണിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ ഇന്ത്യയെ സഹായിക്കും. അമേരിക്കയെ മാത്രമല്ല, യൂറോപ്പിലേക്കുള്ള കയറ്റുമതി വികസിപ്പിക്കുന്നതു വഴി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള തന്ത്രപരമായ അവസരം ഇന്ത്യയ്ക്ക് എഫ്ടിഎ നല്‍കുന്നു.
മറുവശത്ത് ഇയുവിനെ സംബന്ധിച്ച് കരാര്‍ ഇന്ത്യയുടെ താരതമ്യേന സുരക്ഷിതവുമായ ഉപഭോക്തൃ വിപണിയിലേക്കുള്ള വാതില്‍ തുറക്കുന്നു. വിമാന ഭാഗങ്ങള്‍, ഇലക്ട്രിക്കല്‍- ഇലക്ട്രോണിക് ഉല്പന്നങ്ങള്‍, രാസവസ്തുക്കള്‍, വജ്രങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള ഉല്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ യൂറോപ്യന്‍ കയറ്റുമതിക്കാര്‍ക്ക് നേട്ടം ലഭിച്ചേക്കും. യൂറോപ്യന്‍ സേവന ദാതാക്കള്‍ക്ക്, പ്രത്യേകിച്ച് ബൗദ്ധിക സ്വത്തവകാശം, ഐടി, ടെലികമ്മ്യൂണിക്കേഷന്‍സ്, ബിസിനസ് സേവനങ്ങള്‍ എന്നിവയ്ക്ക് കരാര്‍ ഗുണകരമായേക്കും. ഉയര്‍ന്ന താരിഫുകള്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യയിലേക്കുള്ള വൈനിന്റെയും മദ്യത്തിന്റെയും കയറ്റുമതി താരതമ്യേന കൂടുതലാണ്. ചെറിയ തോതില്‍ പോലും ഇവയുടെ താരിഫ് കുറയ്ക്കുന്നത് യൂറോപ്പിന് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിനപ്പുറം ഈ കരാര്‍ ഇരുവശത്തുമുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുനരുപയോഗ ഊര്‍ജ്ജം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹരിത സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ യൂറോപ്യന്‍ നിക്ഷേപങ്ങളെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2000 മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ 40 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് യൂറോപ്യന്‍ വിപണികളിലേക്കുള്ള കൂടുതല്‍ സ്ഥിരതയുള്ള പ്രവേശനത്തിന്റെ പ്രയോജനം ലഭിക്കും.


