വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചതിനു പിന്നാലെ ആകെ പെട്ട അവസ്ഥയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-.യുഎസ് കരാര്‍ അടക്കം അവതാളത്തില്‍ ആയതോടെ ട്രംപ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതോടെ നിലവില്‍ കരാറില്‍ നിന്നും ഇന്ത്യയും യുറോപ്യന്‍ യൂണിയനും അടക്കം പിന്‍മാറുന്ന അവസ്ഥിലാണ്. ഇതോടെ കനത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി.

കോടതി വിധിയുടെ മറവില്‍ കളിക്കാന്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ''വര്‍ഷങ്ങളായി യുഎസിനെ കൊള്ളയടിക്കുന്ന രാജ്യങ്ങള്‍ കോടതി വിധിയെ കൂട്ടുപിടിച്ച് കളിക്കാന്‍ ശ്രമിച്ചാല്‍, അവര്‍ക്ക് മുന്‍പ് ഉള്ളതിനെക്കാള്‍ ഉയര്‍ന്ന തീരുവയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും. ജാഗ്രത പാലിക്കുക'' എന്നാണ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഗണ്യമായി കുറച്ചുവെന്ന അവകാശവാദവു ട്രംപ് ഉന്നയിച്ചു. ഇന്ത്യയുമായുള്ള ബന്ധം 'ഫന്റാസ്റ്റിക്' ആണെന്ന് വിശേഷിപ്പിച്ച ട്രംപ്, എന്നാല്‍ നേരത്തെ ഇന്ത്യ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും ആരോപിച്ചു.

'എന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചത്. ഉക്രെയ്‌നിലെ ഭീകരമായ യുദ്ധം അവസാനിപ്പിക്കാനാണ് ഞങ്ങള്‍ അത്തരമൊരു നീക്കം നടത്തിയത്,' ട്രംപ് പറഞ്ഞു. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി വിവിധ സ്രോതസ്സുകളെ ആശ്രയിക്കുമെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നുമാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധം മികച്ചതാണെന്ന് ആവര്‍ത്തിക്കുമ്പോഴും, മുന്‍കാലങ്ങളില്‍ ഇന്ത്യ അമേരിക്കയെ 'ചൂഷണം' ചെയ്യുകയായിരുന്നുവെന്ന വിവാദ പരാമര്‍ശവും അദ്ദേഹം നടത്തി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും, ഇന്ത്യയുമായി നീതിയുക്തമായ ഒരു വ്യാപാര കരാറിലെത്തിയെന്നും ട്രംപ് അവകാശപ്പെട്ടു. മുന്‍പ് ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര ആനുകൂല്യങ്ങള്‍ റദ്ദാക്കി പുതിയ താരിഫ് നയങ്ങള്‍ നടപ്പിലാക്കിയതാണ് ഇതിനുകാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് ഏര്‍പ്പെടുത്തിയ വിപുലമായ ആഗോള താരിഫ് നടപടികള്‍ നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധി അന്താരാഷ്ട്ര വ്യാപാരരംഗത്ത് വലിയ അനിശ്ചിതത്വത്തിന് വഴിയൊരുക്കിയിരുന്നു. അമേരിക്കയുമായി വിവിധ രാജ്യങ്ങള്‍ നടത്തിവന്ന വ്യാപാര ചര്‍ച്ചകളെയും കരാറുകളെയും ഈ വിധി സാരമായി ബാധിച്ചിരിക്കുകയാണ്. ട്രംപിന്റെ സാമ്പത്തികനയങ്ങളുടെ അടിസ്ഥാനമായിരുന്ന 'ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട്' ഉപയോഗിച്ച് അദ്ദേഹം നടപ്പിലാക്കിയ താരിഫ് നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് 6-3 ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി വിധിച്ചത്.

വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ ട്രംപ് പ്രതികരിച്ചു. സുപ്രീം കോടതിയിലെ ചില ജഡ്ജിമാരുടെ നിലപാടിനെതിരെ 'അരാജകത്വവാദികള്‍' എന്ന തരത്തില്‍ വിമര്‍ശനമുന്നയിച്ച ട്രംപ്, വിദേശ താല്‍പ്പര്യങ്ങള്‍ കോടതിയെ സ്വാധീനിച്ചതായും ആരോപിച്ചു. സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഉടന്‍ തന്നെ മറ്റൊരു വഴി സ്വീകരിച്ച ട്രംപ്, 150 ദിവസത്തേക്ക് 10 ശതമാനം ആഗോള ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. അടുത്ത ദിവസം തന്നെ ഇത് 15 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. പെട്ടെന്നുള്ള ഈ തീരുമാനങ്ങള്‍ അന്താരാഷ്ട്ര വ്യാപാര പങ്കാളികളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള 'ടേണ്‍ബെറി കരാര്‍' പോലുള്ള സുപ്രധാന വ്യാപാര ഇടപാടുകള്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലായി. കരാറിലെ നിയമപരമായ അടിസ്ഥാനം തന്നെ ഇല്ലാതായതോടെ, ഇതിന്റെ തുടര്‍നടപടികള്‍ മരവിപ്പിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ വ്യാപാര സമിതി ആലോചിക്കുന്നുണ്ട്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സ്ഥിരതയില്ലാത്ത നയങ്ങള്‍ വ്യാപാരലോകത്ത് 'താരിഫ് അരാജകത്വ'മാണ് സൃഷ്ടിക്കുന്നതെന്ന് യൂറോപ്യന്‍ അധികൃതര്‍ കുറ്റപ്പെടുത്തി.

ഇന്ത്യയുമായുള്ള ഇടക്കാല വ്യാപാരക്കരാറിന്റെ കാര്യത്തിലും സമാനമായ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കരാര്‍ അടുത്ത മാസം ഒപ്പുവെക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നുവെങ്കിലും, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ കരാറിന്റെ കാര്യത്തില്‍ പുനഃപരിശോധന വേണമെന്ന ആവശ്യവും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. അതേസമയം എന്നാല്‍, ഇന്ത്യയുമായുള്ള കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നും കരാര്‍ നിലനില്‍ക്കുമെന്നുമാണ് ട്രംപിന്റെ വാദം.

യുഎസുമായുള്ള ഇ്ത്യയുടെ വ്യാപാര കരാറിലെ തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റര്‍ ദര്‍പണ്‍ ജെയിനും സംഘവും അമേരിക്കയിലേക്ക് പോകില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചര്‍ച്ചകള്‍ ഇരുവിഭാഗവും റദ്ദാക്കിയിട്ടുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കും സൗകര്യ പ്രദമായ മറ്റൊരു തീയതിയിലേക്ക് ചര്‍ച്ചകള്‍ മാറ്റുമെന്നും റിപ്പോര്‍ട്ട് തുടരുന്നു.

അതേസമയം, യുഎസ് കരാറിലെ വ്യവസ്ഥകള്‍ റദ്ദാക്കണമെന്നും ഇന്ത്യ പുതിയ കരാറിന് ശ്രമിക്കണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനായ ജെഫ്രി സാക്‌സ് ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി പുറത്തു വന്ന സമയം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.പുതിയ സാഹചര്യത്തില്‍ ഇന്ത്യ കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ തയാറാകണം. ഇപ്പോഴത്തെ ധാരണകള്‍ ഉപേക്ഷിക്കണം. അതിലൊരു കാര്യവുമില്ല. ഇന്ത്യയെ ഭീഷണിപ്പെടുത്താനോ തീരുവ ചുമത്താനോ ട്രംപിന് ഒരു അധികാരവുമില്ല. അതെല്ലാം നിയമ വിരുദ്ധവും ഭരണഘടനയുടെ ലംഘനവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാര കരാറിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ത്യ തല്‍ക്കാലം നിര്‍ത്തി വെക്കുന്നതാണ് നല്ലത്. കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച ശേഷം മുന്നോട്ടു പോകണം. സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ രാജ്യങ്ങള്‍ക്കും പല രീതിയിലുള്ള തീരുവയാണ് അമേരിക്ക ചുമത്തിയിരുന്നത്. ഇതനുസരിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് തീരുവ ഉണ്ടായിരുന്നത് ഇന്ത്യക്കാണ്. അങ്ങനെ വന്നാല്‍ അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നിലവില്‍ എല്ലാ രാജ്യങ്ങള്‍ക്കും 15 ശതമാനമാണ് തീരുവ ഇതോടെ ഇന്ത്യയുടെ മേല്‍ക്കൈ നഷ്ടമാകും.

തീരുവ 50 ശതമാനത്തില്‍ നിന്ന് 18ലേക്ക് കുറയ്ക്കാന്‍ ഇന്ത്യ യുഎസിന് പല ഇളവുകളും നല്‍കിയിരുന്നു. പല യുഎസ് ഉല്‍പന്നങ്ങള്‍ക്കും ഇന്ത്യയില്‍ തീരുവ രഹിത ഇറക്കുമതി ഉറപ്പാക്കി. ചിലതിന്റെ തീരുവ വെട്ടിക്കുറച്ചു. ഇതില്‍ യുഎസ് നിര്‍മിത കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി അനുമതി രാജ്യത്ത് വലിയ വിവാദമായിരുന്നു. പുതിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാടെടുക്കും എന്നാണ് കാത്തിരുന്ന് കാണേണ്ടത്. അമേരിക്കയുടെ പുതിയ താരിഫ് നയങ്ങളും കോടതി വിധിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഭിന്നതകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ട്രംപിന്റെ തീരുമാനങ്ങളെ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും പാര്‍ട്ടിയില്‍ തന്നെയുണ്ട്.