ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. ട്രംപിന്റെ താരിഫാ ഭീഷണി ബാധിച്ച രാജ്യങ്ങളാണ് വീണ്ടും ബന്ധം സജീവമാക്കുന്നത്.

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് ഇന്ത്യയിലും ചൈനയിലുമുള്ള നിയുക്ത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 2025 ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ധാരണയായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പൗരന്മാര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി ഇരുരാജ്യങ്ങളും സാധാരണനിലയിലേക്കെത്തുന്നതില്‍ ഇത് വലിയ സംഭാവന വഹിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ നിലച്ചത്. പിന്നാലെ കോവിഡ് മഹാമാരിയുമെത്തിയതോടെ ഇത് നീളുകയായിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചിരുന്നു. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.

കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്സിഒ) ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തിരുന്നു.

നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു. അതിര്‍ത്തി വ്യാപാരം, കൈലാസ മാനസസരോവര്‍ തീര്‍ഥാടന യാത്രകള്‍ എന്നിവ തുടരാനും ആ യോഗത്തില്‍ ധാരണയായിരുന്നു. നേരിട്ടുള്ള വിമാനയാത്രകള്‍ പുനഃരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും ഇരുഭാഗത്തേക്കും വീസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി.