- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
200 കോടി ജനങ്ങള്‍, 190 ബില്യണ്‍ ഡോളറിന്റെ കളി! ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; അമേരിക്കന്‍ താരിഫിനെ മറികടക്കാന്‍ മോദിയുടെ വമ്പന്‍ നീക്കം; എന്താണ് ഈ 'മദര്‍ ഓഫ് ഓള് ഡീല്‍സ്'?
200 കോടി ജനങ്ങള്‍, 190 ബില്യണ്‍ ഡോളറിന്റെ കളി!

ദാവോസ്: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ദീര്‍ഘകാലമായി കാത്തിരുന്ന ഒരു സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. അടുത്ത ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ- ഇയു ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് ഒപ്പുവെച്ച് അംഗീകരിച്ചുകഴിഞ്ഞാല്‍, കുറഞ്ഞത് ഒരു വര്‍ഷമെടുക്കുന്ന ഒരു പ്രക്രിയയിലൂടെ, ഈ കരാറിന് ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കാനും ഓഗസ്റ്റ് അവസാനം മുതല്‍ 50% യുഎസ് താരിഫ് ഏര്‍പ്പെടുത്തിയിരിക്കുന്ന തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ ഇന്ത്യന്‍ കയറ്റുമതി ഉയര്‍ത്താനും കഴിയും.
ആഗോള വിപണിയിലെ പ്രവേശനം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായി രാജ്യത്തിന്റെ നാല് വര്‍ഷത്തിനുള്ളിലെ ഒമ്പതാമത്തെ കരാര്‍ ആയിരിക്കും ഇത്. യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ വിതരണ ശൃംഖലയിലെ വൈവിധ്യവത്ക്കരണത്തെ പിന്തുണയ്ക്കുകയും ഇക്കാര്യത്തില്‍ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. അതേ സമയം ഇന്ത്യയുടെ അതിവേഗം വളരുന്ന 4.2 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
2024-25 ല്‍ മൊത്തം ഉഭയകക്ഷി ചരക്ക് സേവന വ്യാപാരം 190 ബില്യണ്‍ ഡോളറിലധികം കവിഞ്ഞതോടെ, യു.എസിനും ചൈനയ്ക്കും ഒപ്പം ഇന്ത്യയുടെ മുന്‍നിര വ്യാപാര പങ്കാളികളില്‍ ഒന്നാണ് യൂറോപ്യന്‍ യൂണിയന്‍. 27 രാജ്യങ്ങളുള്ള കൂട്ടായ്മയിലേക്ക് ഇന്ത്യ ഏകദേശം 76 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളും 30 ബില്യണ്‍ ഡോളറിന്റെ സേവനങ്ങളും കയറ്റുമതി ചെയ്തു. ഡല്‍ഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്കായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് പറയുന്നത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ശരാശരി യൂറോപ്യന്‍ യൂണിയന്‍ താരിഫ് ഏകദേശം 3.8% ആണ്.
2023 ല്‍ യൂറോപ്യന്‍ യൂണിയന്‍ വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഷിനറികള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളില്‍ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് പ്രകാരം താരിഫ് ഇളവുകള്‍ പിന്‍വലിക്കാന്‍ തുടങ്ങിയതിനുശേഷം നഷ്ടമായ മത്സരശേഷി പുനഃസ്ഥാപിക്കാന്‍ ഇത് സഹായിക്കും, കൂടാതെ ഉയര്‍ന്ന യുഎസ് താരിഫുകളുടെ ആഘാതം നികത്തുകയും ചെയ്യും. ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ കയറ്റുമതി നിരവധി തടസ്സങ്ങള്‍ നേരിടുകയാണ്. ഓട്ടോമൊബൈലുകള്‍, ഓട്ടോ പാര്‍ട്‌സ്, കെമിക്കല്‍സ്, പ്ലാസ്റ്റിക് എന്നിവയ്ക്ക് തീരുവകള്‍ കൂടുതലാണ്. ലോകത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ നാലിലൊന്ന് വിഹിതം കൈയ്യാളുന്ന ഈ കരാറിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഏകദേശം 200 കോടി ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു കൂറ്റന്‍ വിപണിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആഗോള വിതരണ ശൃംഖലയെ പുനര്‍നിര്‍മ്മിക്കാനും വ്യാപാര ബന്ധങ്ങളിലെ അപകടസാധ്യതകള്‍ കുറയ്ക്കാനും ശേഷിയുള്ളതാണ് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഈ ചരിത്രപരമായ ഉടമ്പടി. . കയറ്റുമതി വര്‍ധിപ്പിക്കാനും ഉല്‍പ്പാദന ശൃംഖലയില്‍ മുന്‍നിരയിലെത്താനും ഇന്ത്യയ്ക്ക് ഈ കരാര്‍ സഹായകമാകും. ക്ലീന്‍ എനര്‍ജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഡിജിറ്റല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കരാര്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
2007-ല്‍ തന്നെ കരാറിനെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരുന്നെങ്കിലും നടപ്പാക്കുന്നതില്‍ തടസം നേരിടുകയായിരുന്നു. നിലവില്‍ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ വഴി നിര്‍ണായക സാങ്കേതികവിദ്യകളിലും വിതരണ ശൃംഖലകളിലും ഇരു വിഭാഗവും സഹകരണം ഉറപ്പാക്കുന്നുണ്ട്. 2023-ല്‍ ചരക്ക് വ്യാപാരം 124 ബില്യണ്‍ യൂറോയിലും സേവനവ്യാപാരം 60 ബില്യണ്‍ യൂറോയിലും എത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു. എങ്കിലും, കരാര്‍ പൂര്‍ത്തിയാക്കാന്‍ ചില തടസ്സങ്ങള്‍ ഇനിയും മറികടക്കേണ്ടതുണ്ട്.
ഓട്ടോമൊബൈല്‍, വൈന്‍, സ്പിരിറ്റ് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ തൊഴിലാളികള്‍ക്ക് വിസ നല്‍കുന്നതിലും യാത്രാ സൗകര്യങ്ങളിലും ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കൂടാതെ പരിസ്ഥിതി മാനദണ്ഡങ്ങള്‍, പൊതു സംഭരണം, നിയന്ത്രണങ്ങളുടെ ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ചകള്‍ തുടരുകയാണ്.


