യുണൈറ്റഡ് നേഷന്‍സ്: യു.എന്‍ പൊതുസഭയില്‍ ഇസ്രായേലിനെതിരെ രണ്ട് പ്രമേയങ്ങളെ അനുകൂലിച്ച് വോട്ടുചെയ്തു ഇന്ത്യ. ഫലസ്തീനിലെ അധിനിവേശം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നും സിറിയന്‍ ഗോലാനില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം എന്നുമുള്ള യു.എന്‍ ജനറല്‍ അസംബ്ലി പ്രമേയങ്ങളെയാണ് ഇന്ത്യ പിന്തുണച്ചത്.

ഫലസ്തീനില്‍ സമാധാനപരമായ ഒത്തുതീര്‍പ്പ് എന്ന പ്രമേയം സെനഗലാണ് ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. കിഴക്കന്‍ ജറുസലം ഉള്‍പ്പെടെ 1967 മുതല്‍ അധിനിവേശം നടത്തിയ മുഴുവന്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍നിന്നും ഇസ്രായേല്‍ പിന്‍വാങ്ങുക, പശ്ചിമേഷ്യയില്‍ സമഗ്രവും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുക എന്നീ ആഹ്വാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്രമേയം. 193 അംഗ സഭയില്‍ 157 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.

അര്‍ജന്റീന, ഹംഗറി, ഇസ്രായേല്‍, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, അമേരിക്ക എന്നീ എട്ട് അംഗരാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കാമറൂണ്‍, ചെക്കിയ, ഇക്വഡോര്‍, ജോര്‍ജിയ, പരാഗ്വേ, യുക്രെയ്ന്‍, ഉറുഗ്വേ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

1967ന് മുമ്പുള്ള അതിര്‍ത്തികളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഒത്തൊരുമയോടെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഇസ്രായേലും ഫലസ്തീനും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി കഴിയണമെന്ന് യു.എന്‍ പൊതുസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കോടതിയുടെ 2024 ജൂലൈ 19 ലെ ഉത്തരവില്‍ നിര്‍ദേശിക്കുന്നത് പോലെ അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് നിന്ന് ഇസ്രായേല്‍ നിയമവിരുദ്ധ സാന്നിധ്യം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമപ്രകാരമുള്ള ബാധ്യതകള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അധിനിവേശ ഫലസ്തീനില്‍ നിന്ന് എല്ലാ കുടിയേറ്റക്കാരെയും ഒഴിപ്പിക്കുക, പുതുതായി പ്രഖ്യാപിച്ച അനധികൃത കുടിയേറ്റ നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുക, നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് അറുതി വരുത്തുക തുടങ്ങഇയ ആവശ്യങ്ങളും യു.എന്‍ ഉന്നയിച്ചു. ഗസ്സ 1967ന് മുമ്പേ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും ഒരുവര്‍ഷത്തിലേറെയായി ഇസ്രായേല്‍ ആക്രമണം തുടരുന്ന ഗസ്സയില്‍ നിന്നുള്ള ഭാഗങ്ങള്‍ കൈയടക്കാനോ ജനങ്ങളെ പുറത്താക്കാനോ ഉള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പൊതുസഭ വ്യക്തമാക്കി. സൈനിക ആക്രമണങ്ങള്‍, നശീകരണം, ഭീകരപ്രവര്‍ത്തനങ്ങള്‍, പ്രകോപനങ്ങള്‍ തുടങ്ങി എല്ലാ അക്രമ പ്രവര്‍ത്തനങ്ങളും ഉടനടി പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്ന് പ്രമേയം ഊന്നിപ്പറഞ്ഞു.

ഇതുകൂടാതെ, സിറിയയുടെ അതിര്‍ത്തി പ്രദേശമായ ഗോലാനില്‍ നിന്നും ഇസ്രായേല്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയും അനുകൂലിച്ച് ഇന്ത്യ ജനറല്‍ അസംബ്ലിയില്‍ വോട്ട് ചെയ്തു. സിറിയന്‍ ഗോലാനില്‍നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന രക്ഷാസമിതിയുടെയും പൊതുസഭയുടെയും പ്രമേയങ്ങള്‍ വകവെക്കാത്തതില്‍ പ്രമേയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ പ്രമേയം എട്ടിനെതിരെ 97 വോട്ടുകള്‍ വോട്ടുകള്‍ക്കാണ് യു.എന്‍ അംഗീകരിച്ചത്. 64 രാജ്യങ്ങള്‍ വിട്ടുനിന്നു. ഓസ്ട്രേലിയ, കാനഡ, ഇസ്രായേല്‍, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്.

മേഖലയില്‍ 1967 മുതല്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റമുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രമേയം വിമര്‍ശിച്ചു. അധിനിവേശ സിറിയന്‍ ഗോലാനില്‍ തങ്ങളുടെ നിയമങ്ങളും അധികാരവും ഭരണവും അടിച്ചേല്‍പ്പിക്കാനുള്ള 1981 ഡിസംബറിലെ ഇസ്രായേല്‍ തീരുമാനം അസാധുവാണെന്നും യാതൊരു നിയമസാധുതയും അതിനില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രമേയം, ഈ നീക്കത്തില്‍നിന്ന് പിന്‍മാറാന്‍ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.