ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഉപേക്ഷിച്ച് വിദേശ പൗരത്വം എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗുജറാത്തിലെ റീജിയണല്‍ പാസ്സ്‌പോര്‍ട്ട് ഓഫീസിലെ കണക്കുകള്‍ അനുസരിച്ച് സൂററ്റ്, നവ്‌സാരി, വല്‍സാഡ്, നര്‍മ്മദ എന്നിവ ഉള്‍പ്പെടുന്ന തെക്കന്‍ ഗുജറാത്ത് മേഖല ഒഴിച്ച് സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. 2023 ല്‍ ഗുജറാത്തില്‍ നിന്നു മാത്രം 485 പേരാണ് ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്തത്. 2022-ല്‍ ഇത് 241 ആയിരുന്നു. അതായത്, വിദേശ പൗരത്വം സ്വീകരിക്കുന്ന ഗുജറാത്തികളുടെ എണ്ണം മുന്‍ വര്‍ഷത്തിലേതിനെ അപേക്ഷിച്ച് ഇരട്ടിയായി എന്ന് ചുരുക്കം.

2024 മെയ് മാസം വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം ഇതിനോടകം തന്നെ അത്തരക്കാരുടെ എണ്ണം 244 ആയിട്ടുണ്ട്. 30 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഉപയോഗിക്കുന്നവരില്‍ ഏറെയുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് ഗുജ്ജറാത്തില്‍ നിന്നും ആളുകള്‍ കൂടുതലായി ചേക്കേറുന്നത്.

പാര്‍ലമെന്റില്‍ വെച്ഛ കണക്കുകള്‍ പ്രകാരം 2014 നും 2022 നും ഇടയിലായി ഗുജറാത്തില്‍ നിന്നുള്ള 22,300 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. ഇതോടെ, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ മൂന്നാമത് എത്തിയിരിക്കുകയാണ് ഗുജറാത്ത്. ഇതേ കാലയളവില്‍ 60,414 പേര്‍ പൗരത്വം ഉപേക്ഷിച്ച ഡല്‍ഹിയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 28,117 പേര്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഉപേക്ഷിച്ച പഞ്ചാബ് രണ്ടാം സ്ഥാനത്തുമുണ്ട്. കോവിഡാനന്തര കാലത്താണ് ഈ പ്രവണത ഏറെ വര്‍ദ്ധിച്ചിരിക്കുന്നതെന്ന് അഹമ്മദബാദ് റീജിയണല്‍ പാസ്സ്‌പോര്‍ട്ട് ഓഫീസര്‍ അഭിജിത്ത് ശുക്ല പറയുന്നു.

രണ്ടു വര്‍ഷക്കാലത്തോളം പ്രവര്‍ത്തന രഹിതമായി തുടര്‍ന്നതിന് ശേഷം എംബസികള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചതും, നിര്‍ത്തിവെച്ച പൗരത്വ നടപടികള്‍ പുനരാരംഭിച്ചതും ആകാം ഈ കുതിച്ചു ചാട്ടത്തിന് കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം, പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് യുവാക്കള്‍ ധാരാളമായി വിദേശ പഠനത്തിന് പോകുന്നു എന്നും, ക്രമേണ അവര്‍ അവിടെ സ്ഥിരതാമസം ആക്കുന്നുവെന്നുമാണ്. അത്തരത്തിലുള്ളവരാണത്രെ കൂടുതലായും ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യുന്നത്.

കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും, ജീവിത നിലവാരവും ലഭ്യമായതിനാല്‍ ബിസിനസ്സുകാര്‍ കൂടുതലായി വിദേശത്തേക്ക് പോകുന്നു എന്ന് ഇന്‍വെസ്റ്റര്‍ വിസ കണ്‍സള്‍ട്ടന്റ് ആയ ലളിത് അദ്വാനി പറയുന്നു. ഇന്ത്യയില്‍ ഉന്നത നിലയില്‍ ജീവിക്കുന്നവര്‍ പോലും, നഗരങ്ങളിലെ ഹരിതയിടങ്ങളുടെ അഭാവവും മോശപ്പെട്ട ഡ്രൈവിംഗ് സാഹചര്യങ്ങളും കാരണം വിദേശങ്ങളിലേക്ക് പോകുന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ അഹമ്മദാബാദ് പോലുള്ള പല നഗരങ്ങളിലേയും തെരുവുകള്‍ കാല്‍നട യാത്രക്കാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഇല്ലാത്തവയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

2012 മുതല്‍ തന്നെ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതായി പാസ്സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റായ ഋതേഷ് ദേശായി പറയുന്നു. 2013 - 2014 കാലത്ത് ഇതില്‍ വന്‍ വര്‍ദ്ധനവുണ്ടായി. ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യുന്നവരുടെ എണ്ണം 2024 ആകുമ്പോഴേക്കും കാര്യമായി വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറയുന്നു. കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശങ്ങളില്‍ പോയവര്‍ക്ക്, പൗരത്വം ലഭിക്കുന്നതിനുള്ള കാലാവധി പൂര്‍ത്തിയാകുന്നത് ഈ സമയത്തോടെ ആയിരിക്കും.

അതേസമയം, ഓരോ രാജ്യവും നല്‍കുന്ന ബിസിനസ്സ് വിസകളുടെ എണ്ണം പരിമിതമായതിനാല്‍ അതിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഋതേഷ് ദേശായി പറയുന്നു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിക്കുന്നവര്‍ക്ക് പാസ്സ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യേണ്ടതുണ്ട്. അവര്‍ക്ക് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. വിദേശ പൗരത്വം സ്വീകരിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് പിഴ ഒടുക്കാതെ ചെയ്യാവുന്നതാണ്. അതിനു ശേഷം 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കിയേക്കും