ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് സംഘർഷത്തോടെ ഇസ്രയേൽ ഫലസ്തീനികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെച്ചിരുന്നു. ഇത്തരത്തിൽ വർക്ക് പെർമിറ്റ് ലഭിച്ചവർ ഇസ്രയേലിലെ സുരക്ഷാ സജ്ജീകരണങ്ങളെ കുറിച്ച് അടക്കം വിവരങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇത് ഹമാസ് മുതലെടുക്കുകയും ചെയ്തിരുന്നു. ഇതോടെ വർക്ക് പെർമിറ്റ് റദ്ദാക്കിയ ഫലസ്തീനികൾക്ക് പകരം ഇന്ത്യാക്കാരെ റിക്രൂട്ട് ചെയ്യാൻ ശ്രമമെന്ന് റിപ്പോർട്ട്. ഒരു ലക്ഷം തൊഴിലാളികളെ വേണമെന്നാണ് ഇസ്രയേൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികൾക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നൽകാൻ ഇസ്രയേൽ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവർത്തകൻ ആദിത്യ രാജ് കൗൾ എക്‌സിൽ കുറിച്ചു. കഴിഞ്ഞ മേയിൽ 42,000 ഇന്ത്യൻ തൊഴിലാളികൾക്ക് നിർമ്മാണ, നഴ്സിങ് മേഖലകളിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന കരാറിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചിരുന്നു. ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രയേൽ-ഹമാസ് യുദ്ധത്തെത്തുടർന്ന് നടന്ന വർക്ക് പെർമിറ്റ് റദ്ദാക്കൽ മുതൽ വിവിധ വ്യവസായ മേഖലകളിലുണ്ടായ ഫലസ്തീൻ തൊഴിലാളികളുടെ അഭാവം അവശേഷിപ്പിച്ച വിടവ് നികത്തുകയാണ് ലക്ഷ്യം.

ഇന്ത്യയിൽ നിന്നുള്ള 100,000 തൊഴിലാളികളെ നിയമിക്കുന്നതിന് ഇസ്രയേലി ബിൽഡേഴ്സ് അസോസിയേഷൻ സർക്കാരിനോട് അനുമതി തേടിയതായി റിപ്പോർട്ടുണ്ട്.യുദ്ധത്തിന് പിന്നാലെ 90,000 ഫലസ്തീനികളുടെ വർക്ക് പെർമിറ്റുകളാണ് റദ്ദാക്കിയത്. ' നിലവിൽ ഞങ്ങൾ ഇന്ത്യയുമായി ചർച്ചയിലാണ്, ഈ സംരംഭത്തിന് പച്ചക്കൊടി കാണിക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വിവിധ മേഖലകളിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് ഇന്ത്യയിൽ നിന്ന് 50,000 മുതൽ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാൻ ഞങ്ങൾ ലക്ഷ്യമിടുന്നു, ' ഇസ്രയേൽ ബിൽഡേഴ്സ് അസോസിയഷൻ വൈസ് പ്രസിഡന്റ് ഹൈം ഫിഗ്ലിൻ പറഞ്ഞു.

ഫലസ്തീൻ തൊഴിലാളികളുടെ അഭാവം ഇസ്രയേൽ സമ്പദ് വ്യവസ്ഥയുടെ നിർണായക മേഖലകളെയാണ് ബാധിച്ചത്. പ്രത്യേകിച്ചും നിർമ്മാണമേഖല ഈ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. വർക്ക് പെർമിറ്റുകൾ പിൻവലിച്ചത് നിലവിലുള്ള പ്രോജക്ടുകളും പ്രവർത്തനങ്ങളും നിലനിർത്തുന്നതിന് ബദൽ തൊഴിൽ സ്രോതസ്സുകളുടെ അടിയന്തര ആവശ്യം സൃഷ്ടിച്ചു. അതേസമയം ഇസ്രയേൽ ആവശ്യത്തോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഇസ്രയേലിലെ നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന ഫലസ്തീൻ തൊഴിലാളികളിൽ 10 ശതമാനവും ഗസ്സയിൽ നിന്നുള്ളവരാണ്. ഗസ്സ നിലവിൽ സംഘർഷ ഭൂമിയാണ്. ബാക്കിയുള്ളവർ വെസ്റ്റ് ബാങ്കിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് മാസം, ഇസ്രയേൽ ഇന്ത്യയുമായി ഒരു കരാറിൽ ഒപ്പു വെച്ചിരുന്നു, 42,000 ഇന്ത്യക്കാർക്ക് ഇസ്രയേലിൽ ജോലി ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള കരാർ ആയിരുന്നു അത്. നിർമ്മാണ മേഖലയും, നഴ്‌സിങ് മേഖലയും ആണ് ഇതിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്.

''നിർമ്മാണ, നഴ്സിങ് മേഖലകളിലേക്ക് 42,000 ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള കരാറുകളിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവച്ചു,'' എന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. ഇസ്രയേൽ വിദേശകാര്യ മന്ത്രി എലി കോഹന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് കരാറിൽ ഒപ്പിട്ടത്.

കഴിഞ്ഞയാഴ്ച, ഗസ്സ മുനമ്പിൽ നിന്ന് ആയിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികളെ ഇസ്രയേൽ തിരിച്ചയച്ചിരുന്നു. ഇസ്രയേൽ ക്രോസിംഗിലൂടെ കാൽനടയായി സഞ്ചരിച്ച തൊഴിലാളികൾ, തടങ്കൽ കേന്ദ്രങ്ങളിൽ ഇസ്രയേൽ അധികൃതരുടെ ക്രൂരമായ പെരുമാറ്റത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. അവർ തങ്ങളെ ബലിയാടുകളെപ്പോലെയാണ് കണ്ടതെന്ന് തൊഴിലാളികളിൽ ഒരാളായ വെയ്ൽ അൽ-സജ്ദ പറഞ്ഞിരുന്നു.

ഗസ്സയിൽ നിന്നുള്ള 18,000 ഫലസ്തീനികളുടെ കൂട്ടത്തിൽ പെട്ടയാളായിരുന്നു അൽ-സജ്ദ. സമീപ വർഷങ്ങളിലാണ് ഇസ്രയേൽ ഫലസ്തീനികൾക്ക് വർക്ക് പെർമിറ്റുകൾ നൽകാൻ തുടങ്ങിയത്. ഇവരുടെ പെർമിറ്റുകൾ അസാധുവാക്കിയതായും നാടുകടത്തുമെന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്രയേൽ അറിയിച്ചത്.