ടെഹ്‌റാന്‍: കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇസ്രയേല്‍ ഇറാനിലേക്ക് നടത്തിയ ആക്രമണത്തില്‍ നിരവധി ഉന്നത കമാന്‍ഡര്‍മാരും ആറ് ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ ഫാക്ടറികള്‍, സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നത്. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇറാന്‍ തങ്ങളുടെ ശേഷിക്കുന്ന ആണവ ശാസ്ത്രജ്ഞരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ്.

കൂടുതല്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് 100 പേരടങ്ങുന്ന ഒരു സംഘത്തിലെ ഏകദേശം 15 ഗവേഷകരെയാണ് മാറ്റിയിരിക്കുന്നത്. ആക്രമണമുണ്ടായാല്‍, ഓരോ പ്രധാന പങ്കാളിക്കും ഒരു ഡെപ്യൂട്ടി മാത്രമുള്ള രീതിയിലാണ് ഇറാനിയന്‍ ആണവ ഗവേഷണ പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടെഹ്‌റാനിലോ വടക്കന്‍ തീരദേശ നഗരങ്ങളിലോ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് ശാസ്ത്രജ്ഞരെ മാറ്റിയിരിക്കുകയാണ് എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

അവര്‍ ഇനി വീട്ടില്‍ താമസിക്കുകയോ സര്‍വകലാശാലകളില്‍ പഠിപ്പിക്കുകയോ ചെയ്യുന്നില്ല, മറിച്ച് അവരുടെ കുടുംബങ്ങളോടൊപ്പം വില്ലകളിലാണ് താമസിക്കുന്നത്. ഇവരുടെ ഒപ്പം ആണവ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളെയാണ് നിയമിക്കുന്നത് എന്നാണ് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അടുത്തിടെ ഇസ്രയേല്‍ തങ്ങള്‍ ഇറാനില്‍ പലരേയും വധിച്ചതായും ഇറാന്‍ സ്വന്തം ആണവ ശാസ്ത്രജ്ഞനെ വധിച്ചതായും വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഇറാന്‍ ഇക്കാര്യം പരസ്യമാക്കുന്നത്. കൊല്ലപ്പെട്ടവരുടെ സ്ഥാനത്ത് ഇനി പുതിയ തലമുറയിലെ ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ എത്തുമെന്ന് ഇസ്രായേലി വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, 24 മണിക്കൂറും സംരക്ഷണം, സുരക്ഷിതമായ വീടുകള്‍, വര്‍ദ്ധിപ്പിച്ച സുരക്ഷ എന്നിവ ഉണ്ടായിരുന്നിട്ടും അവരെ 'നടക്കുന്ന മരിച്ച മനുഷ്യന്‍' എന്നാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്. ഇസ്രായേല്‍ പ്രതിരോധ ഇന്റലിജന്‍സിലെ ഇറാന്‍ ഡെസ്‌കിന്റെ മുന്‍ തലവനായ ഡാനി സിട്രിനോവിച്ച്സ് പറയുന്നത് ആണവ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏതൊരു ഇറാനിയന്‍ ശാസ്ത്രജ്ഞനെയും വധിക്കുയോ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ

ചെയ്യുമെന്നാണ്.

ഇപ്പോള്‍ ഒന്നിലധികം ഏജന്‍സികളാണ് ഇറാന്‍ ശാസ്ത്രജ്ഞന്‍മാരുടെ സുരക്ഷയുടെ ചുമതല വഹിക്കുന്നത്. ഇറാനില്‍ 12 ശാസ്ത്രജ്ഞരും 20 മുതിര്‍ന്ന കമാന്‍ഡര്‍മാരും ഉള്‍പ്പെടെ 620-ലധികം പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേലില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം യുഎസ് ഉപരോധം നീക്കുകയാണെങ്കില്‍ താല്‍ക്കാലികമായി ആണവ പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഇറാനിയന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മാജിദ് തഖ്ത്-റവാന്‍ചിയാണ് ഇക്കാര്യം പ്രസ്താവിച്ചത്. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ കാര്യത്തില്‍ ഇറാനും യുഎസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന. രണ്ടുപേര്‍ക്കും വിജയം നല്‍കുന്ന ന്യായമായ ഒത്തുതീര്‍പ്പിനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം ഉപരോധം നീക്കിയാല്‍ 'പരിമിതമായ കാലത്തേക്ക്' ആയിരിക്കും ആണവ വികസനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയെന്നും അദ്ദേഹം പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജപ്പാനിലെ ക്യോഡോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലുമൊത്ത് യുഎസ് ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ചെങ്കിലും രാജ്യത്തിന്റെ ആണവ പദ്ധതികളെ പൂര്‍ണമായി നശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആക്രമണം നടക്കുന്നതിനു മുമ്പായി സമ്പുഷ്ട യുറേനിയം സ്ഥലത്തുനിന്ന് ഇറാന്‍ മാറ്റിയെന്നാണ് വിലയിരുത്തപ്പെട്ടത്. യുഎസ് സൈന്യം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ബോംബാക്രമണം നടത്തിയത്. ഇതിന് പ്രതികാരമായി ഖത്തറിലെ യുഎസ് സൈനിക താവളമായ അല്‍ ഉദൈദിന് നേരെ ഇറാന്‍ ആക്രമണം നടത്തി.

യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാജിദ് തഖ്ത്-റവാന്‍ചി പറഞ്ഞു. സമ്പുഷ്ട യുറേനിയത്തിന്റെ ശേഷിയുടെ കാര്യത്തില്‍ വഴങ്ങാന്‍ തയ്യാറാണെന്നും എന്നാല്‍ ഒഴിഞ്ഞ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ആണവ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനും യുഎസും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ ഒമാന്റെ മധ്യസ്ഥതയില്‍ നടക്കാനിരിക്കെയാണ് ഇസ്രായേല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തി. യുഎസ് സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതായി നടിച്ചു വഞ്ചിച്ചതായി മാജിദ് പ്രസ്താവിച്ചു.

ഇറാനിയന്‍ മണ്ണ് ആക്രമിക്കില്ലെന്ന് യുഎസ് ഉറപ്പ് നല്‍കിയാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെയും മാജിദ് വിമര്‍ശിച്ചു. മിസൈല്‍ പദ്ധതികള്‍ പരിമിതപ്പെടുത്തണമെന്ന ആവശ്യം അദ്ദേഹം തള്ളി. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളി.