- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന് നാവികസേനാ കമാന്‍ഡര്‍ അലിറേസ തങ്സിരി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍; ഹോര്‍മുസ് കടലിടുക്കിന്റെ കാവല്‍ക്കാരനെ വീഴ്ത്തിയെന്ന അവകാശവാദം സ്ഥിരീകരിക്കാതെ ഐ.ആര്‍.ജി.സി; അലിറേസയുടെ വധം ഹോര്‍മൂസ് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമോ? അലിറേസ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം
ഇറാന് നാവികസേനാ കമാന്‍ഡര്‍ അലിറേസ തങ്സിരി കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍

തെല്‍ അവീവ്/ജറുസലേം: ഹോര്‍മുസ് പിടിച്ചടക്കാന്‍ വേണ്ടി അമേരിക്കയും ഇസ്രായേലും സംയക്ത സൈനിക നീക്കം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ അവകാശവാദവുമായി ഇസ്രായേല്‍ മാധ്യമങ്ങള്‍. പശ്ചിമേഷ്യയെ യുദ്ധത്തിന്റെ മുനമ്പില്‍ നിര്‍ത്തി ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഇറാന്റെ കരുത്തനായ നാവികസേനാ കമാന്‍ഡര്‍ അഡ്മിറല്‍ അലിറേസ തങ്സിരി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസ് തീരമേഖലയില്‍ യുഎസ്-ഇസ്രായേല്‍ സംയുക്ത നീക്കത്തിലാണ് അലിറേസ തങ്സിരി കൊല്ലപ്പെട്ടതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടു ചെയ്തു. ഇസ്രായേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍്ട്ടു ചെയ്തിട്ടുണ്ട്.
പേര്‍ഷ്യന്‍ ഗള്‍ഫിനെ ആഗോള കപ്പല്‍ പാതകളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് ചേര്‍ന്നാണ് ബന്ദര്‍ അബ്ബാസ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് വ്യാപാരം ചെയ്യപ്പെടുന്ന എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഐആര്‍ജിസി നേവിയില്‍ തങ്സിരിക്കുണ്ടായിരുന്ന നിര്‍ണ്ണായക സ്ഥാനവും ഗള്‍ഫ് മേഖലയിലെ ഇറാന്റെ തന്ത്രപരമായ നീക്കങ്ങളില്‍ അദ്ദേഹം വഹിച്ചിരുന്ന പങ്കും പരിഗണിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മരണം ഈ സംഘര്‍ഷത്തിലെ വലിയൊരു വഴിത്തിരിവായി വിലയിരുത്തപ്പെടുന്നു.
അടുത്തിടെ ഈ സമുദ്രപാതയ്ക്ക് മേല്‍ ഇറാന്‍ നിയന്ത്രണം കര്‍ശനമാക്കിയിരുന്നു. ചില കപ്പലുകള്‍ക്ക് ഈ പാതയിലൂടെ കടന്നുപോകാന്‍ ചരക്ക് വിവരങ്ങളും ക്രൂ വിവരങ്ങളും ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിന് നല്‍കേണ്ടി വരുന്നുണ്ട്. ഇതിനായി ചില കപ്പലുകള്‍ ചൈനീസ് യുവാനില്‍ ഫീസ് അടച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ ഒരുക്കുന്നത് തങ്ങളായതിനാല്‍ കപ്പലുകള്‍ ഫീസ് നല്‍കുന്നത് സ്വാഭാവികമാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റംഗം മുഹമ്മദ് റെസ റെസായി കൂച്ചി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കിയതില്‍ നിര്‍ണായക പങ്കാണ് അലിറേസ തങ്സിരി വഹിക്കുന്നത്. തങ്സിരിയെ വധിച്ചത് വസ്തുതയെങ്കില്‍ ഇത് ഇറാനെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാണ്. നാലാം വാരത്തിലേക്ക് കടക്കുന്ന യുദ്ധത്തിലെ ഏറ്റവും നിര്‍ണ്ണായകമായ കൊലപാതകമാണിത്. എന്നാല്‍, തങ്സിരിയുടെ മരണം സംബന്ധിച്ച് ഇറാനോ ഇസ്രായേല്‍ സൈന്യമോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 2018 മുതല്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി.) നാവിക വിഭാഗം തലവനായ ഇദ്ദേഹം നേരത്തെയും പലതവണ വധശ്രമങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.
ലോകത്തെ എണ്ണ-പ്രകൃതിവാതക വ്യാപാരത്തിന്റെ സിരയായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു തങ്സിരി. യുഎസുമായും ഇസ്രായേലുമായും ബന്ധമുള്ള കപ്പലുകളെ തടഞ്ഞും മറ്റു കപ്പലുകളെ നിയന്ത്രിച്ചുമാണ് ഇറാന്‍ ആധിപത്യം ഉറപ്പിച്ചത്. സാധാരണ നിലയില്‍ പ്രതിദിനം 120 കപ്പലുകള്‍ കടന്നുപോയിരുന്ന ഈ പാതയില്‍ ഇപ്പോള്‍ ഗതാഗതം 95 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ചൈനീസ് യുവാനില്‍ 'ടോള്‍' ഈടാക്കാനുള്ള നീക്കങ്ങളും തങ്സിരിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇന്ത്യ അടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കിയതായി ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു. പരമോന്നത നേതാവ് അലി ഖൊമേനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടും ഇറാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നുണ്ട്. ഈ മാസമാദ്യം കൊല്ലപ്പെട്ട അലി ലാരിജാനിയുടെ മരണം ഇറാന്‍ ഭരണകൂടത്തിന് വലിയ ആഘാതമായിരുന്നു.
ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളുടെ പേര് എടുത്തു പറഞ്ഞാണ് മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ എക്‌സ് പോസ്റ്റ്. ഇറാന്‍ വിരുദ്ധ നടപടികളെ പിന്തുണയ്ക്കാത്ത സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ശത്രുപക്ഷത്തല്ലാത്ത കപ്പലുകള്‍ക്ക് ഹോര്‍മുസ് ഉപയോഗിക്കാമെന്ന് നേരത്തെ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയിലെ ഇറാന്റെ മിഷന്‍ പുറത്തിറക്കിയ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇറാന്‍ ഹോര്‍മുസിന്റെ അധികാരം സ്ഥാപിക്കാനുള്ള നിയമം പാസാക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകളില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവാദം നല്‍കുന്ന നിയമത്തിന്റെ കരട് തയ്യാറാക്കിയതായും ഉടന്‍ നിയമാകുമെന്നും പാര്‍ലമെന്റിന്റെ സിവില്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞതായി ഇറാന്‍ വാര്‍ത്ത ഏജന്‍സികളായ ഫാര്‍സ്, തസ്‌നിം എന്നിവ റിപ്പോര്‍ട്ട് ചെയ്തു. പണം വാങ്ങി കപ്പലുകളുടെ സുരക്ഷിതത്വം ഉറപ്പിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
മറ്റ് കപ്പല്‍ പാതകളിലൂടെ ചരക്കുകള്‍ കടന്നുപോകുമ്പോള്‍ നികുതി നല്‍കാറുള്ളത് പോലെയാണിതെന്നാണ് ഇറാന്‍ വിശദീകരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ കപ്പലുകളും ടാങ്കറുകളും നികുതി നല്‍കുന്നത് സ്വാഭാവികമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടക്കുന്ന കപ്പലൊന്നിന് 2 മില്യണ്‍ യു.എസ് ഡോളര്‍ (18.8 കോടി രൂപ) ഇറാന്‍ ഈടാക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
കപ്പലുകളില്‍ നിന്നും പണം പിരിച്ചു തുടങ്ങിയതായി ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ കമ്മിറ്റി അംഗം അലായുദ്ദീന്‍ ബോറൂജെര്‍ഡി വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് ചെലവുകളുണ്ട്. അതിനാല്‍ കപ്പലുകള്‍ക്ക് ട്രാന്‍സിറ്റ് ഫീസ് ഈടാക്കണം. പണം വാങ്ങാന്‍ ഇറാന് അധികാരമുണ്ടെന്നാണ് അലായുദ്ദീന്‍ ബോറൂജെര്‍ഡി പറഞ്ഞത്.


