- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹനിയ്യയുടെ കൊലയ്ക്ക് പ്രതികാരത്തിന് ഇറാന്‍; ലക്ഷ്യം നെതന്യാഹുവിന്റെ മകനോ? കനത്ത സുരക്ഷ ഒരുക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
ടെല്‍അവീവ്: ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ രക്തത്തിനു പകരമായി ഇസ്രായേലിലെ ഹൈപ്രൊഫൈല്‍ വ്യക്തികളെ ഇറാന്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മകന്‍ യായിര്‍ നെതന്യാഹുവിന് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫ്ളോറിഡയില്‍ കഴിയുന്ന യായിര്‍ നെതന്യാഹുവിന് കൂടുതല്‍ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നെതന്യാഹു. കഴിഞ്ഞ മാസം അവസാനത്തില്‍ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഗസ്റ്റ് ഹൗസിലായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്. ഹമാസ് തലവന്റെ കൊലയ്ക്ക് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന ഭീതി നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ നിര്‍ണായക നീക്കം. ഹൈപ്രൊഫൈല്‍ വ്യക്തികളെയാണ് ഇറാന്‍ […]
ടെല്‍അവീവ്: ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ രക്തത്തിനു പകരമായി ഇസ്രായേലിലെ ഹൈപ്രൊഫൈല്‍ വ്യക്തികളെ ഇറാന്‍ ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മകന്‍ യായിര്‍ നെതന്യാഹുവിന് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫ്ളോറിഡയില്‍ കഴിയുന്ന യായിര്‍ നെതന്യാഹുവിന് കൂടുതല്‍ സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് നെതന്യാഹു.
കഴിഞ്ഞ മാസം അവസാനത്തില്‍ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഗസ്റ്റ് ഹൗസിലായിരുന്നു ഹനിയ്യ കൊല്ലപ്പെട്ടത്. ഹമാസ് തലവന്റെ കൊലയ്ക്ക് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന ഭീതി നിലനില്‍ക്കെയാണ് ഇസ്രായേലിന്റെ നിര്‍ണായക നീക്കം. ഹൈപ്രൊഫൈല്‍ വ്യക്തികളെയാണ് ഇറാന്‍ നോട്ടമിടുന്നതെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നെതന്യാഹു ഇത്തരമൊരു ആവശ്യമുയര്‍ത്തിയിരിക്കുന്നതെന്ന് 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്തു. പേഴ്സനല്‍ സെക്യൂരിറ്റി വിഭാഗത്തിലെ ഉപദേശക സമിതിക്കു മുന്നില്‍ നെതന്യാഹുവിന്റെ ഓഫിസ് ചുമതലയുള്ള ഡയരക്ടര്‍ ജനറല്‍ യോസി ഷെല്ലിയാണ് മകന്റെ സുരക്ഷ കൂട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇറാന്‍ ആക്രമണം തന്നെയാണ് അപേക്ഷയില്‍ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അമ്മയും സഹോദരനും ഇസ്രായേലില്‍ കഴിയുമ്പോള്‍ ഗസ്സയിലെ ആക്രമണസമയത്തുടനീളം മയാമിയില്‍ ആഡംബരജീവിതം നയിക്കുകയായിരുന്നു യായിര്‍ നെതന്യാഹു. മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ ജൂലൈയിലാണു നാട്ടില്‍ പോയത്. യു.എസ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയ നെതന്യാഹുവിനൊപ്പമാണ് ഇസ്രായേലിലെത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിമാനമായ വിങ് ഓഫ് സയണില്‍ ആയിരുന്നു ഈ രഹസ്യയാത്രയെന്ന് 'ജെറൂസലം പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് കഴിഞ്ഞയാഴ്ച മയാമിലേക്കു മടങ്ങുകയായിരുന്നു.
ഷിന്‍ ബെറ്റിന്റെ സംരക്ഷണം
വിദേശത്തുള്ള ഇസ്രായേലികളുടെ സുരക്ഷാ ചുമതല വഹിക്കുന്ന രഹസ്യാന്വേഷണ സംഘം ഷിന്‍ ബെറ്റിന്റെ സംരക്ഷണത്തിലാണ് യായിര്‍ നെതന്യാഹുവുമുള്ളത്. എന്നാല്‍, ഭീഷണിയുടെയും കൃത്യമായ ഇടവേളകളിലെ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഷിന്‍ ബെറ്റ് വ്യക്തികള്‍ക്കുള്ള സുരക്ഷ കൂട്ടാറുള്ളൂ. യായിറിനെതിരെ നിലവില്‍ പ്രകടമായ ഭീഷണികളൊന്നും ഉയരാത്തതിനാല്‍ യായിറിന്റെ സുരക്ഷ കൂട്ടാനിടയില്ലെന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ഇസ്രായേല്‍ മാധ്യമമായ 'ചാനല്‍ 12'നോട് വെളിപ്പെടുത്തിയത്.
2023 ഏപ്രില്‍ മുതല്‍ ഫ്ളോറിഡയിലെ മയാമിയിലാണ് 33കാരനായ യായിര്‍ നെതന്യാഹു കഴിയുന്നത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ചെലവ് നേരത്തെയും ഇസ്രായേലില്‍ വലിയ വിവാദത്തിനിടയാക്കിയിരുന്നു. മയാമിയില്‍ ഒരു അത്യാഡംബര അപാര്‍ട്മെന്റിലാണ് യുവാവ് താമസിക്കുന്നത്.
ഒരു ഡ്രൈവറും ഷിന്‍ ബെറ്റിന്റെ അതിസുരക്ഷാ വിഭാഗമായ യൂനിറ്റ് 730ല്‍നിന്നുള്ള രണ്ട് അംഗരക്ഷകരും യായിറിനൊപ്പമുണ്ട്. പ്രതിവര്‍ഷം ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കു മാത്രമായി 25 ലക്ഷം ഇസ്രായേല്‍ ഷെകല്‍(ഏകദേശം 5.72 കോടി രൂപ) ആണു സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവിടുന്നത്. ഓരോ മാസവും രണ്ടു ലക്ഷം ഷെകല്‍(ഏകദേശം 45 ലക്ഷം രൂപ) ആണ് ചെലവാകുന്നത്.
ഇസ്രായേലിലെ ഉന്നതതലത്തിലുള്ള ഏഴ് പ്രമുഖര്‍ക്കു മാത്രമാണ് യൂനിറ്റ് 730 സുരക്ഷയൊരുക്കുന്നത്. പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശമന്ത്രി, നെസെറ്റ് സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരാണ് ആ പ്രമുഖര്‍. മന്ത്രിമാര്‍ ഉള്‍പ്പെടെ ബാക്കിയുള്ള പ്രധാന വ്യക്തികള്‍ക്കെല്ലാം പ്രധാനമന്ത്രിയുടെ ഓഫിസിനു കീഴിലുള്ള മാഗെന്‍ യൂനിറ്റ് ആണ് സുരക്ഷയൊരുക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ മകന് ഇതേ പരിരക്ഷ നല്‍കുന്നത്. ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, യായിറിന്റെ ഷിന്‍ ബെറ്റ് സുരക്ഷ ഒരു വര്‍ഷത്തേക്കുകൂടി നീട്ടുകായണു കഴിഞ്ഞ മാസം ഇസ്രായേല്‍ അധികൃതര്‍ ചെയ്തത്. നെതന്യാഹുവിന്റെ ഭാര്യ സാറയുടെയും മറ്റൊരു മകനായ ആവ്നറിന്റെയും സുരക്ഷയും നീട്ടിയിട്ടുണ്ട്. രണ്ടുപേരും നെതന്യാഹുവിനൊപ്പം ഇസ്രായേലിലാണു കഴിയുന്നത്.
2023 മാര്‍ച്ചിലാണ് എല്ലാവര്‍ക്കും ഷിന്‍ ബെറ്റ് സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്ന സമയത്ത് തെല്‍അവീവിലെ ഒരു ബ്യൂട്ടി പാര്‍ലറിലെത്തിയ സാറയെ നൂറുകണക്കിനു സമരക്കാര്‍ വളഞ്ഞിരുന്നു. ഇതിനുശേഷമായിരുന്നു കുടുംബത്തിന്റെ ജീവന്‍ അപകടത്തിലാണെന്നു പറഞ്ഞ് അതീവ സുരക്ഷ നല്‍കാന്‍ അനുമതിയായത്.