ടെഹ്‌റാന്‍: ഇറാനിലെ ഹിജാബ് നിയന്ത്രണങ്ങള്‍ക്കെതിരെ അടിവസ്ത്രം ധരിച്ച വിദ്യാര്‍ത്ഥിനിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടിയുടെ ജീവന്‍ അപകടത്തിലാണ് എന്നാണ് പല സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥിനിയുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. പ്രതിഷേധിച്ച പെണ്‍കുട്ടിയെ പിടികൂടിയ പോലീസ് അവരെ ഒരു മാനസികരോഗ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വ്വകലാശാല ക്യാമ്പസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ചത്.

ഈ പെണ്‍കുട്ടി അടിവസ്ത്രം മാത്രം ധരിച്ച് ഇരിക്കുന്നതിന്റെയും നടക്കുന്നതിന്റെയും എല്ലാം ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് സുരക്ഷാ സേന പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ഒരു കാറില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. ഇവരുടെ അറസ്റ്റിന് തൊട്ട് പിന്നാലെ തന്നെ വിദ്യാര്‍ത്ഥിനിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സുരക്ഷാ ഭടന്‍മാര്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്ക് പരിക്കേറ്റിരുന്നു എന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാന്‍ വനിതകളുടെ സ്വാതന്ത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് യുവതിയുടെ പ്രതിഷേധം എന്നാണ് പിന്തുണയുമായി എത്തിയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാനിലെ സദാചാര പോലീസിന്റെ ക്രൂരതകള്‍ക്ക് എതിരെ പ്രതികരിച്ച യുവതിക്ക് മാനസിക രോഗമാണ് എന്ന അധികൃതരുടെ വിശദീകരണത്തെയും അവരെ മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ച നടപടിയേയും പല വനിതാസംഘടനകളും ചോദ്യം ചെയ്യുകയാണ്.

ഇറാനില്‍ പ്രതിഷേധം നടത്തുന്ന പലരേയും മാനസിക രോഗികളാക്കി ചിത്രീകരിക്കുന്നത് ഇറാന്‍ ഭരണകൂടത്തിന്റെ സ്ഥിരം രീതിയാണെന്നാണ് പെണ്‍കുട്ടിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. 2014 ല്‍ ഹിജാബ് നിര്‍ബന്ധമാക്കിയതിന് എതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത അലി നെജാദ് പറയുന്നത് തന്നെയും അന്ന് മാനസികരോഗിയാക്കിയാണ് ചിത്രീകരിച്ചത് എന്നാണ്. ലണ്ടനിഒെരു സബ്വേയിലൂടെ നഗ്‌നയായി താന്‍ നടന്നു എന്നും മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്നൊക്കെ ഇറാന്‍ ഭരണകൂടം കള്ളക്കഥകള്‍ പറഞ്ഞുണ്ടാക്കി എന്നും

്അവര്‍ ആരോപിക്കുന്നു.

ശനിയാഴ്ച പ്രതിഷേധം നടത്തിയ പെണ്‍കുട്ടിയെ പിടികൂടാന്‍ എത്തിയവര്‍ അവരെ വലിച്ചിഴച്ചു എന്നാണ് ദൃക്സാക്ഷികളും പറയുന്നത്. ഇറാനിലെ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ചാപ്റ്റര്‍ പെണ്‍കുട്ടിയെ അടിയന്തരമായി വി്ട്ടയക്കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ അറസ്റ്റിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും അഭിഭാഷകന്റെ സേവനം ലഭ്യമാക്കണമെന്നും സംഘടന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ല എന്ന് കുറ്റം ചുമത്തി 2022 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട മഹ്സാ അമീനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആഗോള വ്യാപകമായി തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

2022 ല്‍ അതിനെ ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുഖാവരണം ഉരിഞ്ഞ് മാറ്റി അവ കത്തിച്ചാണ് സ്ത്രീകള്‍ അന്ന് പ്രതിഷേധിച്ചത്. ആയിരക്കണക്കിന് പേര്‍ അന്ന് അറസ്റ്റിലായിരുന്നു. 500 ഓളം പേര്‍ കൊല്ലപ്പെട്ടു. സമാന സാഹചര്യം വീണ്ടും ഉടലെടുക്കുമോ എന്നും ആശങ്ക ഉയരുകയാണ്.