ജെറുസലേം: ആക്രമണം നിര്‍ത്തണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം ഹമാസ് അംഗീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് ശേഷവും ഗാസയില്‍ ഇസ്രായേല്‍ ആക്രമണം. ആക്രമണം നിര്‍ത്തിവെക്കാന്‍ ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ വീണ്ടും ഗാസയില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഗാസാ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ ഒരുവീട്ടിലുണ്ടായിരുന്ന നാലുപേരാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട്ചെയ്തു. ഖാന്‍ യൂനിസിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപിന്റെ ഗാസാ സമാധാനകരാറിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് കഴിഞ്ഞദിവസം ഹമാസ് സമ്മതിച്ചിരുന്നു. എല്ലാ ബന്ദികളെയും വിട്ടയക്കാമെന്നും ഹമാസ് സമ്മതിച്ചു. ഇതിനുപിന്നാലെയാണ് ഇസ്രയേല്‍ ബോംബാക്രമണം നിര്‍ത്തണമെന്ന് ട്രംപ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, ട്രംപിന്റെ ഈ നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.

അതിനിടെ ഗാസയില്‍ ഘട്ടം ഘട്ടമായി ആക്രമണം കുറയ്ക്കാനാണ് ഇസ്രായേല്‍ തീരുമാനം. ഇത്തരമൊരു നിര്‍ദേശം സേനക്ക് നല്‍കിയതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല നിര്‍ദേശങ്ങളും ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ നിര്‍ദേശം

ഹമാസിന്റെ പ്രതികരണം മുന്‍നിര്‍ത്തി ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും അറിയിക്കുന്നു. അതേസമയം ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള യഥാര്‍ത്ഥ അവസരമാണിതെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് വ്യക്തമാക്കി. കരാറിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കുന്നതിനായി ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കുചേരുന്നതായി ഇസ്രായേല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

അതേസമയം പല കാര്യങ്ങളിലും ചര്‍ച്ച ഇനിയും വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് സമാധാനത്തിന് തയ്യാറാണെന്നും ഇസ്രായേല്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ട്രംപ് നിര്‍ദേശം നല്‍കി. സമാധാന വഴിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹമാസ് പ്രതികരണത്തില്‍ ഗസ്സയില്‍ ആഹ്ലാദപ്രകടനങ്ങള്‍ അരങ്ങേറി.