ബെയ്‌റൂത്ത്: തങ്ങള്‍ക്ക് എതിനെ നില്‍ക്കുന്നവരെയല്ലാം ശരിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍. ആദ്യം ഗാസയില്‍ ഇറങ്ങി ഹമാസിനെ തരിപ്പണമാക്കിയ ഇസ്രായേല്‍, പിന്നീട് ലെബനനില്‍ ഹിസ്ബുള്ള നേതാക്കളെയും തീര്‍ത്തു. അടുത്തതായി ഇസ്രായേല്‍ യെമനിലെ ഹൂതികളെയും ലക്ഷ്യമിടുകയാണ്. ഹൂതികളുടെ മിസൈല്‍ ഇസ്രായേലില്‍ പതിച്ചതോടെയാണ് ഹൂതികള്‍ക്കെതിരെ ശക്തമായ നിലപാടുമായി ഇസ്രായേല്‍ രംഗത്തുവന്നത്. ശക്തമായ വ്യോമാക്രമണമാണ് യെമനിലെ ഹൂതികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയത്.

ഹുദൈദ തുറമുഖത്ത് ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായി. നിരവധി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടന്ന അതിശക്ത വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രധാന ഹൂതി കേന്ദ്രങ്ങളിലും തുറമുഖത്തും കനത്ത ബോംബിങ് നടന്നു. ഹൂതികള്‍ക്ക് ഇറാനില്‍ നിന്ന് എത്തുന്ന ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിന് എത്താന്‍ ആവാത്ത ഒരിടവും ഇല്ലെന്ന് ശത്രുക്കള്‍ മനസിലാക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ലബനനിലും ആക്രമണം തുടരുകയാണ്. ഇന്ന് 24 പേര്‍ കൂടി കൊല്ലപ്പെട്ടു.

ലെബനോന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചിരുന്നു. നേരത്തെ ആക്രമണം നടത്തി ഹസന്‍ നസ്‌റല്ലയെ വധിച്ച വിവരം ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഹിസ്ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നും ഹിസ്ബുല്ല അറിയിച്ചിട്ടുണ്ട്.

അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്റുല്ലയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്ത് നഗരത്തിന്റെ ദക്ഷിണ പ്രാന്തങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ലബനാന്‍ സുരക്ഷാ-മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്സ്' ആണ് വാര്‍ത്ത പുറത്തുവിട്ടത്.

ഹസന്‍ നസ്റുല്ലയുടെ ഭൗതികദേഹത്തില്‍ ഒരു പോറലോ പരിക്കോ ഒന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങള്‍. മിസൈല്‍ ആക്രമണത്തിലുണ്ടായ സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്. അതേസമയം, എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടില്ല. മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ 27നു രാത്രി ബെയ്റൂത്തില്‍ വന്‍ നാശംവിതച്ച ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തിലാണ് ഹസന്‍ നസ്റുല്ല കൊല്ലപ്പെടുന്നത്. ബെയ്റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ ആക്രമണം. ലബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്ബുല്ലയ്ക്കും, സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസന്‍ നസ്‌റല്ലയുടെ കൊലപാതകം. സംഭവത്തെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. നസ്‌റുല്ലയുടെ കൊലപാതകത്തില്‍ ഹമാസും അപലപിച്ചിട്ടുണ്ട്. സാധരണ ജനങ്ങലെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.

അബ്ബാസ്-അല്‍-മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992ല്‍ 32 ആം വയസില്‍ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസന്‍ നസ്‌റല്ല എത്തിയത്. 18 വര്‍ഷമായി ഇസ്രയേല്‍ ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ലെബനനില്‍ വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. തെക്കന്‍ ബെയ്‌റൂത്തില്‍ല്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ നസ്‌റല്ലയുടെ മകള്‍ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.