ഫ്‌ലോറിഡ: ഗാസയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഫ്‌ലോറിഡയിലെ ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച. ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ച്ചയുടെ ഫലമായി ലോക ക്രമത്തില്‍ ഇനി എന്തു സംഭവിക്കുമെന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്.

നെതന്യാഹുവിനെ പ്രശംസകൊണ്ട് മൂടിയ ട്രംപ്, അദ്ദേഹത്തെ യുദ്ധകാല പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചു. നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇസ്രായേല്‍ ഇന്ന് നിലനില്‍ക്കുമായിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. നെതന്യാഹു അസാധാരണമായ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും ഇസ്രായേലിനെ അപകടകരമായ ഒരു ഘട്ടത്തില്‍ നിന്ന് അദ്ദേഹം രക്ഷിച്ചു.

'ശരിയായ പ്രധാനമന്ത്രിയല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇസ്രായേല്‍ ഇന്ന് നിലനില്‍ക്കുമായിരുന്നില്ലെന്നും നെതന്യാഹുവിനെ സാക്ഷിയാക്കി ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസ് പൂര്‍ണ്ണമായും നിരായുധരാകണമെന്ന് ട്രംപ് കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു.

ഗാസ സൈനികരഹിതമാക്കുന്നതിനെക്കുറിച്ച് ഇസ്രായേല്‍ വക്താവ് ഷോഷ് ബെഡ്രോസിയനും വ്യക്തമാക്കി. അതേസമയം ഇറാന്റെ ആണവ പദ്ധതികള്‍ക്ക് നേരെ കൂടുതല്‍ യുഎസ് ആക്രമണങ്ങള്‍ വേണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ മിഡില്‍ ഈസ്റ്റിന് മാത്രമല്ല, അമേരിക്കയ്ക്കും ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആയുധം താഴെവെക്കില്ലെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് ആവര്‍ത്തിച്ചു. ഇസ്രായേല്‍ അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധം തുടരുമെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തങ്ങളുടെ വക്താവായിരുന്ന അബു ഒബൈദ ഓഗസ്റ്റ് 30-ന് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായും അവര്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം അഞ്ചാം തവണയാണ് ട്രംപും നെതന്യാഹുവും അമേരിക്കയില്‍ കൂടിക്കാഴ്ച നടത്തുന്നത്.

അക്രമിച്ചാല്‍ യു.എസിനും ഇസ്രയേലിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ട്രംപ് നെതന്യാഹു കൂടിക്കാഴ്ചയില്‍ ഇറാനെ വീണ്ടും ആക്രമിക്കാനുള്ള കാര്യം ചര്‍ച്ചയാകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

''അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് എന്നിവരുമായി ഇറാന്‍ പൂര്‍ണ യുദ്ധത്തിലാണ്. ഞങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രിയപ്പെട്ട സൈന്യം അവരുടെ ജോലി കരുത്തോടെയാണ് ചെയ്യുന്നത്. ആയുധങ്ങളുടെ കാര്യത്തിലും ആള്‍ബലത്തിന്റെ കാര്യത്തിലും നമ്മുടെ സൈന്യം യു.എസും ഇസ്രയേലും ആക്രമിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ ശക്തരാണ്'' എന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

അതിനാല്‍ തങ്ങളെ അക്രമിച്ചാല്‍ കനത്ത തിരിച്ചടി ലഭിക്കും. ഇത് ഇറാന്റെ 1980 ലെ ഇറാഖ് യുദ്ധത്തേക്കാള്‍ മാരകമായിരിക്കും എന്നാണ് പെസഷ്‌കിയാന്‍ അഭിമുഖത്തില്‍ പറഞ്ഞത്. യുഎസും ഇസ്രയേലും ഇറാനും തമ്മില്‍ സംഘര്‍ഷം നടന്ന് ആറു മാസത്തിനൊടുവിലാണ് പുതിയ സംഭവികാസങ്ങള്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് 12 ദിവസം നീണ്ട സംഘര്‍ഷം തുടങ്ങിയത്.

ജൂണില്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ തകര്‍ന്ന വ്യോമകേന്ദ്രങ്ങളും മിസൈല്‍ സംവിധാനങ്ങളും ഇറാന്‍ പുനരുജ്ജീവിപ്പിക്കുന്നതിന് പിന്നാലെയാണ് വീണ്ടും യുദ്ധമെന്ന ആശങ്ക ഉണ്ടായത്. ഇറാന്‍ തങ്ങളുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കുന്നതില്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം ട്രംപിനെ അറിയിക്കുകയും ഇറാനെ ആക്രമിക്കാന്‍ തയ്യാറാവുകയുമാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്.

ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വ്യാപിപ്പിക്കുകയാണ്. ഈ ഭീഷണിക്കെതിരെ എടുക്കേണ്ട നടപടിയെ പറ്റി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.