ഗാസ സിറ്റി: പുതിയ ആക്രമണത്തിന് മുമ്പ് ഗാസ നഗരവാസികളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രയേല്‍ സൈന്യം. ഹമാസിന്റെ അവശേഷിക്കുന്ന അവസാന ശക്തികേന്ദ്രങ്ങളില്‍ മാരകമായ പ്രഹരം ഏല്‍പ്പിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചതു മുതല്‍, പത്ത് ലക്ഷം ഫലസ്തീനികള്‍ താമസിക്കുന്ന നഗരത്തിലെ ജനങ്ങള്‍ ഒരാക്രമണം പ്രതീക്ഷിക്കുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ഗാസ നിവാസികളോട് ഞാന്‍ പറയുന്നു, ഈ അവസരം പ്രയോജനപ്പെടുത്തുക, പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക അവിടെ നിന്ന് പുറത്തുകടക്കുക എന്നാണ്.

എന്നാല്‍ ഈ ഉത്തരവ് ഗാസയിലെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടാക്കി എന്നാണ് റിപ്പോര്‍ട്ട്. എങ്ങോട്ട് പോകും എന്നതാണ് പലര്‍ക്കും മുന്നിലുള്ള ചോദ്യം. ഗാസയുടെ തെക്കന്‍ മേഖലയിലേക്ക് പോകാനാണ് ചിലര്‍ ആലോചിക്കുന്നത്. എന്നാല്‍ ഒരു സ്ഥലവും സുരക്ഷിതമല്ലാത്തതിനാല്‍ ചിലര്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ബോംബാക്രമണമുണ്ടായിട്ടും വീട് വിട്ട്ു പോകുന്നതിനെ എതിര്‍ത്ത താന്‍ ഇപ്പോള്‍ തീരുമാനം മാറ്റിയതായി ഒരു വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.

2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസ നിവാസികള്‍ ഇതിനകം നിരവധി തവണ വീട് വിട്ട് പോകേണ്ടി വന്നിട്ടുണ്ട്്. ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിലെ ജനങ്ങളോട് ഖാന്‍ യൂനിസിലെ തെക്കന്‍ അല്‍-മവാസി പ്രദേശത്തേക്ക് മാറാനാണ് നിര്‍ദ്ദേശിച്ചത്. ഇസ്രയേല്‍ സൈന്യം ഹമാസിനെതിരെ ഒരു കരയുദ്ധത്തിനായി വന്‍ സന്നാഹങ്ങള്‍ ഒരുക്കുകയാണ്. എന്നാല്‍ ടാങ്കുകളും മറ്റും ഈ മേഖലയിലേക്ക് ഇനിയും

എത്തിയിട്ടില്ല. ഹമാസിനെതിരെ ഇസ്രയേല്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ ഗാസയിലെ ജനങ്ങള്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തോട് വിയോജിപ്പുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ 7 ന് ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തോടെ ആരംഭിച്ച യുദ്ധം മുതല്‍ ഇസ്രായേല്‍ ഗാസയുടെ 75% നിയന്ത്രണത്തിലാക്കിയിരുന്നു.

ഈ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തുവെന്ന് ഇസ്രായേലി കണക്കുകള്‍ വ്യക്തമാക്കുന്നു. ഗാസയില്‍ ബന്ദികളാക്കിയ ശേഷിക്കുന്ന 48 പേരില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രായേല്‍ കരുതുന്നു. ഇസ്രായേലിന്റെ തുടര്‍ന്നുള്ള സൈനിക ആക്രമണത്തില്‍ 64,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും, ഏതാണ്ട് മുഴുവന്‍ ജനങ്ങളെയും ആഭ്യന്തരമായി മാറ്റിപ്പാര്‍പ്പിക്കുകയും പ്രദേശത്തിന്റെ ഭൂരിഭാഗവും നാശത്തിലാകുകയും ചെയ്തുവെന്നും ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. ഗാസയിലെ ഉയരമുള്ള കെട്ടിടങ്ങള്‍ പലതും കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ ആക്രമിച്ച്, തകര്‍ത്തിരുന്നു.