ജറുസലേം: ഇസ്രായേല്‍-ഗാസ സംഘര്‍ഷം തുടരവേ കൂടുതല്‍ കാര്‍ക്കശ്യമായ നിലപാടിലേക്ക് കടന്ന് ഇസ്രായേല്‍. 2017-നുശേഷം ആദ്യമായി വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റ കേന്ദ്രം നിര്‍മിക്കാനാണ് ഇസ്രായേല്‍ ഒരുങ്ങുന്നത്. വെസ്റ്റ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേല്‍ സിവില്‍ അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ബെത്ലഹേമിന് സമീപം 148 ഏക്കറി(ആറുലക്ഷം ചതുരശ്രമീറ്റര്‍) ലായിരിക്കും നിര്‍മാണം.

നഹാല്‍ ഹെലെറ്റ്‌സ് എന്ന കുടിയേറ്റ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടേക്കാമൈന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ അനുമതി ലഭിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനും ഏറെ സമയമെടുക്കുമെന്നതിനാലാണിത്. കുടിയേറ്റ കേന്ദ്രനിര്‍മാണം സംഘര്‍ഷങ്ങള്‍ക്കും സുരക്ഷാപ്രശ്‌നങ്ങള്‍ക്കും വഴിവച്ചേക്കാമെന്ന് നിര്‍മാണത്തെ എതിര്‍ക്കുന്ന സംഘടനയായ പീസ് നൗ മുന്നറിയിപ്പ് നല്‍കി.

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പുരാതന കാര്‍ഷിക ടെറസുകള്‍ക്ക് പേരുകേട്ട പലസ്തീനിലെ ബത്തീര്‍ ഗ്രാമത്തിന്റെ ഭൂമിയിലാണ് കേന്ദ്രത്തിന്റെ നിര്‍മാണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുരാതന കാര്‍ഷിക ടെറസുകള്‍ക്ക് പേരുകേട്ട പലസ്തീനിയന്‍ ഗ്രാമമായ ബത്തീറിന്റെ ഭൂമിയിലാണ് കുടിയേറ്റ കേന്ദ്രം നിര്‍മിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗസ്സയില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍ ഏഴുമുതലുള്ള കണക്ക് പ്രകാരം ഗസ്സയില്‍ മാത്രം 40,005 പേര്‍ കൊല്ലപ്പെടുകയും 92,401 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 16,000 ത്തിലധികം പേര്‍ കുട്ടികളാണ്. 23 ലക്ഷം ജനങ്ങളുള്ള ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം അല്ലെങ്കില്‍ ഓരോ 50 പേരില്‍ ഒരാള്‍ എന്ന നിലയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഈ കാലയളവില്‍ വെസ്റ്റ് ബാങ്കില്‍ 632 പേര്‍ കൊല്ലപ്പെടുകയും 5400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്റെ തിരിച്ചടിയില്‍ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടിടുണ്ട്. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം രണ്ടു വര്‍ഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈയിന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ 30,457 പേരാണ്. എന്നാല്‍,10 മാസം കൊണ്ട് മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ 40,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നത് ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഗസ്സയിലെ 60 ശതമാനത്തിലധികം കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, തെക്കന്‍ നഗരമായ റഫയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

അതേസമയം ഖത്തറില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ചര്‍ച്ചക്ക് ഖത്തറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹമാസിന്റെ പ്രഖ്യാപനം. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യ 312 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിനകം 40,000ലേറെ പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര കോടതികള്‍ വരെ വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാതെ കുഞ്ഞുങ്ങളെയടക്കം ഇസ്രായേല്‍ നിര്‍ബാധം കൊന്നുതള്ളുന്നത് തുടരുന്നതിനിടെയാണ് ഹമാസിന്റെ തീരുമാനം.