ടെല്‍ അവീവ്: ഗാസയില്‍ 738 ദിവസത്തെ നരകതുല്യമായ തടവിനു ശേഷം ഹമാസ് മോചിപ്പിച്ച ആദ്യത്തെ ഏഴ് ഇസ്രായേലി ബന്ദികള്‍ പരസ്പരം ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. മതാന്‍ ആംഗ്രെസ്റ്റ് ഇരട്ട സഹോദരന്മാരായ ഗാലി, സിവ് ബെര്‍മന്‍ ,അലോണ്‍ ഓഹല്‍ , ഈറ്റന്‍ മോര്‍ , ഗൈ ഗില്‍ബോവ-ദലാല്‍ , ഒമ്രി മിറാന്‍ എന്നിവരാണ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയ ആദ്യത്തെ ബന്ദികള്‍. തുടര്‍ന്ന് ഗാസക്കടുത്തുള്ള റെയ്മിലെ ഒരു സൈനിക താവളത്തിലേക്ക് അവരെ കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ചാണ് അവര്‍ കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നത്.

തെക്കന്‍ ഗാസ മുനമ്പിലെ ഒരു സ്ഥലത്ത് വെച്ചാണ് ഇവരെ റെഡ്ക്രോസിന് കൈമാറിയത്. തുടര്‍ന്ന് അവശേഷിക്കുന്ന 13 ബന്ദികളെ കൂടി ഹമാസ് റെഡ്ക്രോസിന് കൈമാറിയിട്ടുണ്ട്. ഇവരേയും ഇസ്രായേലിലേക്ക് കൊണ്ടുപോകുകയാണ്. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ പിന്നീട് കൈമാറുമെന്ന് ഹമാസ് വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ ഭാഗമാണ് ചരിത്രപരമായ ഈ കൈമാറ്റം നടക്കുന്നത്.




ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര സമാധാന ഉച്ചകോടിക്കായി ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് യുഎസ് പ്രസിഡന്റ് രാവിലെ ഇസ്രായേലില്‍ എത്തിയിരുന്നു. എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞത്

യുദ്ധം അവസാനിച്ചു എന്നാണ്. ആളുകള്‍ക്ക് മടുത്തു എന്നും സമാധാനം നിലനില്‍ക്കുന്ന കാര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രായേലി ടെലിവിഷന്‍ ചാനലുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചതോടെ ബന്ദികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ആഹ്ലാദപ്രകടനങ്ങള്‍ നടത്തി.

കഴിഞ്ഞ ജനുവരിയില്‍ തടവില്‍ നിന്ന് മോചിതയായ ബ്രിട്ടീഷ്-ഇസ്രായേലി എമിലി ഡമാരി, തന്റെ ഉറ്റ സുഹൃത്തുക്കളായ ഗാലിയെയും സിവിനെയും അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മോചിപ്പിക്കുന്നത് കാണുന്നത് കണ്ടു. ഇസ്രായേല്‍ തടവിലാക്കിയ 1,900-ലധികം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി, ജീവിച്ചിരിക്കുന്ന 20 ബന്ദികളുടെ പേരുകള്‍ ഹമാസ് ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. തിരിച്ചയയ്ക്കപ്പെടുന്ന ജീവിച്ചിരിക്കുന്ന ബന്ദികളുടെ പേരുകളും മോചിപ്പിക്കപ്പെടുന്ന 1,700-ലധികം ഫലസ്തീന്‍ തടവുകാരുടെയും പേരുകള്‍ ഹമാസ് സ്ഥിരീകരിച്ചു.




ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ സംബന്ധിച്ച് ബന്ദികളുടെ മോചനത്തോടെ വലിയ രാഷ്ട്രീയ നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്. ഇസ്രയേലിനെ വിവിധ രാജ്യങ്ങളും തീവ്രവാദ സംഘടനകളും നിരന്തരമായി എതിര്‍ത്തിരുന്നു എങ്കിലും താന്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞിരുന്നു എന്നതാണ് ബന്ദികളുടെ മോചനം സൂചിപ്പിക്കുന്നത്..

തേസമയം, വര്‍ഷങ്ങളായി ഇസ്രായേല്‍ തടങ്കലില്‍ കഴിയുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂത്തിയെ ഇസ്രായേല്‍ വിട്ടയക്കില്ല. അധിനിവേശ വെസ്റ്റ് ബാങ്ക് സ്വദേശികളെയും ഇസ്രായേല്‍ മോചിപ്പിക്കും. എന്നാല്‍, ഇവരെ സ്വീകരിക്കുന്നതിന് ആഘോഷങ്ങള്‍ നടത്തരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ബന്ധുക്കളോട് ഇസ്രായേല്‍ ആവശ്യപ്പെട്ടു. തടവുകാരുടെ മോചനം രാജ്യത്തിന് ഐക്യത്തിന്റെ നിമിഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഞായറാഴ്ച വൈകുന്നേരം ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു.