- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗസ്സയില്‍ 15 ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് തെറ്റിദ്ധാരണ മൂലം; സംഭവിച്ചത് ഒരു ഉദ്യോഗസ്ഥന്റെ 'പ്രൊഫഷണല്‍ വീഴ്ച' മാത്രമെന്ന് ഇസ്രായേല്‍ സേന; വെടിയുതിര്‍ത്തത് ഹമാസിന്റെ വാഹനമാണെന്ന് കരുതി; സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചില്ലെന്നും വാദം
ഗസ്സയില്‍ 15 ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് തെറ്റിദ്ധാരണ മൂലം
ജെറുസലേം: കഴിഞ്ഞ മാസം ഗസ്സയില്‍ 15 ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തെ ന്യായീകരിച്ച് ഇസ്രായേല്‍ സേനയുടെ അന്വേഷണ റിപ്പോര്‍ട്ട്. തെറ്റിദ്ധാരണമൂലം ജോലിക്കിടെയുണ്ടായ അബദ്ധമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ഉത്തരവാദിയായ ഡെപ്യൂട്ടി കമാന്‍ഡറെ പുറത്താക്കുമെന്നും സൈന്യം അറിയിച്ചു. സംഭവം ഒരു ഉദ്യോഗസ്ഥന്റെ പ്രൊഫഷണല്‍ വീഴ്ച്ചയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
രാത്രി വെളിച്ചക്കുറവുണ്ടായിരുന്നതിനാല്‍ ഹമാസ് പോരാളികളുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ചാണ് ഡെപ്യൂട്ടി ബറ്റാലിയന്‍ കമാന്‍ഡര്‍ വെടിയുതിര്‍ത്തത്. സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബോധപൂര്‍വം കൊലപ്പെടുത്താന്‍ ശ്രമം നടന്നതിന് തെളിവില്ലെന്നും സൈന്യം തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മാര്‍ച്ച് 23നാണ് തെക്കന്‍ ഗസ്സയിലെ റഫയില്‍ താലല്‍ സുല്‍ത്താനില്‍ പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ എട്ട് റെഡ് ക്രസന്റ് ഉദ്യോഗസ്ഥരും ആറ് സിവില്‍ ഡിഫന്‍സ് ജീവനക്കാരും ഒരു യു.എന്‍ ജീവനക്കാരനും ആംബുലന്‍സില്‍ സഞ്ചരിക്കവേ കൊല്ലപ്പെട്ടത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ആംബുലന്‍സിനൊപ്പം സൈന്യം ബുള്‍ഡോസര്‍ ഉപയോഗിച്ച് കൂട്ടക്കുഴിമാടത്തില്‍ അടക്കുകയായിരുന്നു. തൊട്ടടുത്തുനിന്നാണ് സേന ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്ന് ഫലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി തലവന്‍ അന്ന് ആരോപിച്ചിരുന്നു.
വാഹനത്തില്‍ എമര്‍ജന്‍സി സിഗ്‌നലുകളൊന്നും ഇല്ലാതിരുന്നതിനാലാണ് വെടിവെച്ചതെന്നാണ് സൈന്യം നേരത്തേ ന്യായീകരിച്ചിരുന്നത്. എന്നാല്‍, എമര്‍ജന്‍സി ഫ്‌ലാഷ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ചിരുന്നെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ആംബുലന്‍സിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണില്‍നിന്ന് പുറത്തുവന്നതോടെ ഇസ്രായേല്‍ വാദം പൊളിയുകയായിരുന്നു.
പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയും (പിആര്‍സിഎസ്) ഇസ്രയേലിലെ അവകാശ സംഘടനയായ ബ്രേക്കിങ് ദി സൈലന്‍സും ഇസ്രയേല്‍ സൈന്യത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നിരസിച്ചു. റഫയിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള ഇസ്രയേലിന്റെ അന്വേഷണം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണെന്നായിരുന്നു പിആര്‍സിഎസ് പ്രസിഡന്റ് യൂനിസ് അല്‍-ഖാതിബിന്റെ ആരോപണം. സൈനികര്‍ പാരാമെഡിക്കുകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് ക്രിമിനല്‍ രീതിയിലാണെന്നും ആക്ഷേപമുണ്ട്.
സംഭവം ഐക്യരാഷ്ട്ര സഭ സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷിക്കണമെന്നും പിആര്‍സിഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. കാണാതായ തങ്ങളുടെ ഒരു ഡോക്ടര്‍ ഇസ്രയേല്‍ കസ്റ്റഡിയിലാണെന്ന് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിയില്‍ (ഐസിആര്‍സി) നിന്ന് സ്ഥിരീകരണം ലഭിച്ചതായും പിആര്‍സിഎസ് പറഞ്ഞു.