- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍; കത്താറയിലെ ആസ്ഥാനത്ത് ഒത്തുകൂടിയത് ഖാലിദ് മഷാല്‍ അടക്കമുള്ള ഉന്നത നേതാക്കള്‍; ആക്രമണത്തിന് ട്രംപ് പച്ചക്കൊടി വീശിയതായി ചാനല്‍ 12; ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഖത്തര്‍
ഇസ്രായേല്‍ ലക്ഷ്യമിട്ട ആക്രമണം അമേരിക്കയുടെ അറിവോടെ
ദോഹ: ദോഹയില്‍ ഹമാസ് ഉന്നതര്‍ക്കെതിരെ ഇസ്രായേല്‍ ലക്ഷ്യമിട്ട ആക്രമണം അമേരിക്കയുടെ അറിവോടെ. യുഎസ് പ്രസിഡന്റ് ഡൊമള്‍ഡ് ട്രംപ് ആക്രമണത്തിന് പച്ചക്കൊടി വീശിയതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഹമാസ്-ഇസ്രയേല്‍ മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി ഖത്തര്‍ അറിയിച്ചു.
ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഖത്തര്‍ വ്യക്തമാക്കി. 'ഇത്തരം ക്രിമിനല്‍ കടന്നാക്രമണങ്ങള്‍ ഒരു കാരണവശാലും ഖത്തര്‍ അംഗീകരിക്കില്ല. ഇസ്രയേലിന്റെ ഭീരുത്വമാണ് ഇത് വെളിവാക്കുന്നത്. ഖത്തറിന്റെ പരമാധികാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല. വീണ്ടുവിചാരമില്ലാത്ത ഇസ്രയേലിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഖത്തറിനാകില്ല,' ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഉന്നത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു കത്താറയിലെ ഹമാസ് ആസ്ഥാനത്തിന് നേരേയുള്ള വ്യോമാക്രമണം. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആക്രമണത്തെ അതിജീവിച്ചെന്നാണ് ഹമാസ് അവകാശവാദം. നേതാക്കള്‍ക്ക് എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
ഖലീല്‍ അല്‍ ഹയ്യയയെ കൂടാതെ ദോഹയിലെ ഹമാസ് ആസ്ഥാനത്ത് വെസ്റ്റ് ബാങ്കിലെ നേതാവായ സഹിര്‍ ജബാറിന്‍, ഹമാസ് ഷൂര കൗണ്‍സില്‍ തലവന്‍ മുഹമ്മദ് ദര്‍വിഷ്, ഹമാസിന്റെ വിദേശരാജ്യ തലവന്‍ ഖാലിദ് മഷാല്‍ എന്നിവര്‍ ഉണ്ടായിരുന്നതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു
ഇസ്രായേല്‍ പ്രതിരോധ സേന (IDF) പുറത്തുവിട്ട പ്രസ്താവനയില്‍, ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഹമാസിന്റെ 'ഉന്നത നേതൃത്വത്തെ' ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അറിയിച്ചു. സാധാരണക്കാര്‍ക്ക് നാശനഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാന്‍ കൃത്യമായ വെടിക്കോപ്പുകളും രഹസ്യാന്വേഷണ വിവരങ്ങളും ഉപയോഗിച്ചതായും, ഹമാസിനെതിരെ ശക്തമായി നടപടിയെടുക്കുമെന്നും IDF വ്യക്തമാക്കി.
ആക്രമണം നടന്നത്, സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ പുതിയ കരാര്‍ ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധികള്‍ ഖത്തറില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ്. അടുത്തിടെ ഇസ്രായേല്‍ സൈനിക മേധാവി ഇയാല്‍ സമീര്‍ വിദേശത്തുള്ള ഹമാസ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഹമാസ് ഒരു ഭീകര സംഘടനയാണെന്നും, അവരെ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു. ഒക്ടോബര്‍ 7-ലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിലൂടെ, ഭാവിയില്‍ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകുമെന്നും ഇസ്രായേല്‍ ആവര്‍ത്തിച്ചു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കം പുരോഗമിക്കുകയാണ്. ഫലസ്തീനികള്‍ തെക്കന്‍ മേഖലയിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ പലായനം തുടരുകയാണ്.
ഖത്തര്‍ ദീര്‍ഘകാലമായി ഗാസ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹമാസ് നേതാക്കള്‍ പലപ്പോഴും ദോഹയില്‍ താവളമടിക്കാറുണ്ട്. ഈ സാഹചര്യത്തില്‍, ഇസ്രായേല്‍ നടത്തുന്ന ഇത്തരം നേരിട്ടുള്ള ആക്രമണങ്ങള്‍ മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്.