ഗാസ: വാഹനാപകടമോ ഹൃദയാഘാതമോ സംഭവിച്ച് മരണപ്പെടുന്നതിനേക്കാള്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതാണ് ഇസ്രയേല്‍ തനിക്ക് നല്‍കുന്ന മഹത്തായ പാരിതോഷികമെന്ന് ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍. സിന്‍വാറിന്റെ മൂന്ന് വര്‍ഷം മുന്‍പുള്ള വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. 2021-ല്‍ ഹമാസ് പുറത്ത് വിട്ട വീഡിയോ ആണിത്. സിന്‍വാറിന്റെ മരണ ശേഷം ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമാകുകയായിരുന്നു.

'വാഹനാപകടമോ ഹൃദയാഘാതമോ സംഭവിച്ച് മരണപ്പെടുന്നതിലും ഞാന്‍ മുന്‍ഗണന കൊടുക്കുന്നത് എ-16 കൊണ്ടോ, മിസൈല്‍ ആക്രമണം മൂലമോ വധിക്കപ്പെടുന്നതാണ്. എനിക്ക് അമ്പത്തിയൊമ്പത് വയസ്സായി. സ്വാഭാവിക കാരണങ്ങളാല്‍ മരണം സംഭവിക്കുന്ന അറുപത് വയസ്സിനടുത്തെത്താറായി. അര്‍ഥമില്ലാതെ മരണപ്പെടുന്നതിനേക്കാള്‍ ഒരു രക്തസാക്ഷിയാവാനാണ് ഞാനാഗ്രഹിക്കുന്നത്' - സിന്‍വാര്‍ വീഡിയോയില്‍ പറഞ്ഞു.



ഇസ്രയേല്‍ വധം എന്ന മഹത്തായ സമ്മാനം നല്‍കുന്നതിലൂടെ അവരുടെ ഭൂമിയില്‍ നിന്നും ദൈവത്തിന്റെ അടുത്തെത്തുന്ന രക്തസാക്ഷിയായി താന്‍ മാറുമെന്നും സിന്‍വാര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സിന്‍വാറിന്റെ ഈ വാക്കുകള്‍ വളരെയേറെ വൈകാരികതയോടെയാണ് പലസ്തീന്‍ അനുകൂലികള്‍ ഏറ്റെടുത്തിരിക്കുന്നത്. സിന്‍വാറിന്റെ വികാരനിര്‍ഭരമായ പ്രസംഗം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുശേഷമാണ് 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് ബോംബ് വര്‍ഷിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിന്റെ ബുദ്ധികേന്ദ്രം സിന്‍വാര്‍ ആയിരുന്നു. സിന്‍ഹാറിന്റെ ആഗ്രഹം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണം എന്ന് പറയാം. കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് സിന്‍വാറിനെ വധിച്ചിരുന്നു.

ഗാസ അഭയാര്‍ഥി ക്യാമ്പിലായിരുന്നു യഹിയ സിന്‍വാര്‍ ജനിച്ചത്. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ വെച്ച് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ ഹമാസിന്റെ നേതൃത്വമേറ്റെടുത്തത്. വളരെ ചെറുപ്പം തൊട്ടേ ഹമാസിന്റെ സുരക്ഷാവിഭാഗത്തിന് നേതൃത്വം കൊടുത്തിരുന്നത് സിന്‍വാര്‍ ആയിരുന്നു. വടക്കന്‍ ഗാസയുടെ ഒളിത്താവളത്തില്‍ വെച്ച് ഇസ്രയേല്‍ ഗ്രൗണ്ട് ഫോഴ്‌സസിന്റെ ആക്രമണത്തിലാണ് കഴിഞ്ഞ ദിവസം സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ഗ്രൗണ്ട് ഫോഴ്‌സസിന്റെ 828 ബ്രിഗേഡാണ് റാഫയില്‍ നടത്തിയ തിരച്ചിലില്‍ സിന്‍വാറിന്റെ മൃതദേഹം കണ്ടെത്തുന്നത്. ബുള്ളറ്റുകള്‍ തുളച്ചുകയറി തലയോട് തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം.

ഒളിത്താവളത്തില്‍ ഇരച്ചുകയറിയ ഇസ്രയേല്‍ സൈന്യം യഹിയയുടേതിന് സമാനമായ മൃതശരീരം കണ്ടെത്തുകയായിരുന്നു. മൃതദേഹം സിന്‍വാറിന്റേതുതന്നെയാണെന്നു സ്ഥിരീകരിക്കാനായി വിരല്‍ മുറിച്ചെടുത്തു. ഇരുപത് വര്‍ഷം മുമ്പ് സിന്‍വാര്‍ ഇസ്രയേല്‍ തടവിലായിരുന്നപ്പോള്‍ ശേഖരിച്ച ശരീര സാമ്പിള്‍ ഉപയോഗിച്ചാണ് ഡി.എന്‍.എ പരിശോധന നടത്തിയത്. 2011-ല്‍ ഇസ്രയേലുമായി ബന്ദികളെ കൈമാറ്റം ചെയ്യുന്ന കരാറിലായിരുന്നു സിന്‍വാറിനെ മോചിതനാക്കിയത്.