ചിക്കാഗോ: രാജ്യത്തിന് മുന്‍കാലത്തെ മോശം അനുഭവങ്ങള്‍ മറന്ന് മുന്നോട്ടുനീങ്ങാനുള്ള അസുലഭ അവസരമാണ് വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്. 21-ാം നൂറ്റാണ്ടിന്റെ പോരാട്ടത്തില്‍ ചൈനയല്ല, അമേരിക്ക വിജയിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും അവര്‍ അവകാശപ്പെട്ടു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം സ്വീകരിച്ച് ഷിക്കാഗോയില്‍ നടന്ന ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.

വര്‍ഗ- ലിംഗ- കക്ഷിഭേദമന്യേ എല്ലാ അമേരിക്കക്കാര്‍ക്കുംവേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ആവാനുള്ള നാമനിര്‍ദേശം സ്വീകരിക്കുകയാണെന്ന് കമല ഹാരിസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. തന്റെ മാതാവ് ശ്യാമള ഗോപാലനെ കമല പ്രസംഗത്തില്‍ അനുസ്മരിച്ചു. ഒരു പാര്‍ട്ടിയുടേയോ വിഭാഗത്തിന്റേയോ അംഗങ്ങളെന്ന നിലയിലല്ലാതെ പുതിയ വഴികള്‍ തുറക്കാനുള്ള അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസില്‍ ഗര്‍ഭച്ഛിദ്ര നിയമം നടപ്പാക്കുമെന്നും ഗാസയില്‍ വെടിനിര്‍ത്തലിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചും ട്രംപിനെ കടന്നാക്രമിച്ചുമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ കമല ഹാരിസ് സംസാരിച്ചത്. പലതരത്തില്‍ ഒട്ടും ഗൗരവമില്ലാത്ത മനുഷ്യനാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ട്രംപിനെ വൈറ്റ് ഹൗസില്‍ തിരിച്ചെത്തിക്കുന്നത് വളരെ ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കുമെന്ന് കമല പറഞ്ഞു.

ട്രംപ് ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ കാപിറ്റോളിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ചു. അവര്‍ ക്രമസമാധാനപാലകര്‍ക്കുനേരെ അതിക്രമം നടത്തി. ആള്‍ക്കൂട്ടത്തെ തിരികെവിളിക്കാനും പ്രശ്നം പരിഹരിക്കാനും സ്വന്തം പാര്‍ട്ടിയിലെ ആളുകള്‍ അപേക്ഷിച്ചപ്പോള്‍ അദ്ദേഹം നേരെ വിപരീതമായതുചെയ്തു. എരിതീയില്‍ എള്ളയൊഴിച്ചുവെന്നും കമല ആരോപിച്ചു. ട്രംപിനെതിരായ കേസുകളും അവര്‍ ഓര്‍മിപ്പിച്ചു.

'ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല' എന്ന മുദ്രാവാക്യത്തോടെ നടത്തിയ പ്രസംഗത്തില്‍ ട്രംപ് യുഗത്തെ കമല കടന്നാക്രമിച്ചു. ഭൂരിഭാഗം സമയവും ഒട്ടും ഗൗരവമല്ലാത്തയാളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. എന്നാല്‍ അദ്ദേഹം യുഎസ് പ്രസിഡന്റായിരുന്ന സമയം അതീവ ഗൗരവകരമായിരുന്നു. അത്രത്തോളം അക്രമങ്ങളും കുറ്റകൃത്യങ്ങളുമാണ് അമേരിക്കയിലുണ്ടായതെന്നും കമല പറഞ്ഞു.

'അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴുള്ള ദുരന്തങ്ങളും പ്രശ്‌നങ്ങളും മാത്രമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ അദ്ദേഹം ആയുധവുമായി ആളുകളെ യുഎസ് കാപിറ്റോളിലേക്ക് വിട്ടു. അവര്‍ പൊലീസുകാരെ ആക്രമിച്ചു. അക്രമം നിയന്ത്രിക്കുന്നതിനു പകരം അദ്ദേഹം ആളിക്കത്തിക്കുകയാണ് ചെയ്തത്. ലൈംഗിക കുറ്റാരോപണം വരെ നേരിടുന്നയാളാണ് ട്രംപ്. ട്രംപിന്റെ യുഗത്തിലേക്ക് നമ്മളിനി തിരിച്ചുപോകില്ല.

രാജ്യത്തിന്റെ സൈന്യത്തെത്തന്നെ ജനങ്ങള്‍ക്കെതിരെ അദ്ദേഹം ഉപയോഗിച്ചു. യുഎസ് പ്രസിഡന്റെന്ന അധികാരം ജനങ്ങളുടെ നന്മയ്‌ക്കോ രാജ്യത്തിന്റെ പുരോഗതിക്കോ വേണ്ടിയല്ല ട്രംപ് ഉപയോഗിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ നന്മയ്ക്കു വേണ്ടി മാത്രമാണ്. രണ്ടാംവട്ടവും അങ്ങനെയൊന്ന് അനുവദിച്ചുകൂടാ. യുഎസില്‍ ഡോണള്‍ഡ് ട്രംപിനെ തിരിച്ചുകൊണ്ടുവരാന്‍ അനുവദിക്കില്ല. സാമൂഹ്യസുരക്ഷയും മെഡികെയറും ഇല്ലാതാക്കാനും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാനും കുട്ടികളുടെ ക്ഷേമത്തിനുള്ള പണം ഇല്ലാതാക്കാനും ഡോണള്‍ഡ് ട്രംപിനെ അനുവദിക്കില്ല.'കമല പറഞ്ഞു.

'ഞങ്ങള്‍ സ്ത്രീകളെ വിശ്വസിക്കുന്നു. പ്രത്യുത്പാദനത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ബില്‍ കോണ്‍ഗ്രസ് പാസാക്കിയിട്ടുണ്ട്. പ്രസിഡന്റായാല്‍ ഞാനതില്‍ അഭിമാനത്തോെട ഒപ്പുവച്ച് നിയമമാക്കും'കമല പറഞ്ഞു. ഗാസയില്‍ കഴിഞ്ഞ 10 മാസമായി നടക്കുന്ന കാര്യങ്ങള്‍ സങ്കടകരമാണ്. ഗാസയ്ക്കുവേണ്ടി ജോ ബൈഡനും താനും നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി വെടിനിര്‍ത്തല്‍ബന്ദി കൈമാറ്റ കരാറുകള്‍ ഒപ്പുവയ്‌ക്കേണ്ട സമയമാണ്." കമല പറഞ്ഞു. സാമാന്യബോധവും യാഥാര്‍ഥ്യ ബോധവുമുള്ള പ്രസിഡന്റായിരിക്കും യുഎസിനു താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളി ഡഗ്ലസ് എമോഫിനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമലയുടെ പ്രസംഗം തുടങ്ങിയത്. കമലയുടെയും ഡഗ്ലസിന്റെയും വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു ദേശീയ കണ്‍വന്‍ഷനിലെ കമലയുടെ പ്രസംഗം. തൊട്ടുപിന്നാലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം വാള്‍സിനും കമല ആശംസയറിയിച്ചു. മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതു മുതലുള്ള തന്റെ ജീവിതകഥയും കമല കണ്‍വെന്‍ഷനില്‍ പറഞ്ഞു.

"ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏറ്റവും അടുത്ത സുഹൃത്ത് വളരെ ദുഃഖിതയായിരിക്കുന്നതു കണ്ടു. സ്‌കൂള്‍ വിടുമ്പോള്‍ അവള്‍ വീട്ടിലേക്കു പോകാന്‍ മടിക്കുന്നതു കണ്ടു കാരണം തിരക്കിയപ്പോള്‍ രണ്ടാനച്ഛന്റെ ലൈംഗികപീഡനത്തെക്കുറിച്ചാണ് അവള്‍ പറഞ്ഞത്. അതോടെ ആ സുഹൃത്തിനെ ഞാനെന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അഭിഭാഷകയാകണം എന്നു തീരുമാനിച്ച നിമിഷമായിരുന്നു അത്. ഒപ്പമുള്ളവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ക്കൊപ്പം നില്‍ക്കണമെന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും കമല ഹാരിസ് പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെ വനിതയാണ് കമല. വിജയിച്ചു വന്നാല്‍ യുഎസിന്റെ പ്രഥമ വനിത പ്രസിഡന്റും. അഭിപ്രായ സര്‍വേകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കമല. അസോഷ്യേറ്റഡ് പ്രസ് (എപി), നാഷനല്‍ ഒപ്പീനിയന്‍ റിസര്‍ച് സെന്റര്‍ (നോര്‍ക്) എന്നിവര്‍ ചേര്‍ന്ന് 1,164 വോട്ടര്‍മാര്‍ക്കിടയില്‍ ഓഗസ്റ്റ് 8 മുതല്‍ 12 വരെ നടത്തിയ അഭിപ്രായവോട്ടെടുപ്പിലെ ഫലമനുസരിച്ച് കമലയ്ക്ക് 49% പിന്തുണയുണ്ട്. ട്രംപിന് 41%. പാര്‍ട്ടി അനുഭാവങ്ങളൊന്നുമില്ലാത്ത സ്വതന്ത്രവോട്ടര്‍മാരില്‍ 40% കമലയെ അനുകൂലിക്കുന്നു; 40% പേര്‍ ട്രംപിനൊപ്പമുണ്ട്.