വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളില്‍ ഒരു നിലപാട് മാറ്റവുമില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നിലപാടില്‍ താന്‍ ഒരു മാറ്റവും വരുത്തില്ലെന്നും കമല ഹാരിസ് വ്യക്തമാക്കി. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് കമല ഹാരിസ് നിലപാട് അറിയിച്ചത്.

ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ നിരപരാധികളായ ഫലസ്തീനികള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ട്. ഈ യുദ്ധം അവസാനിക്കണം. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലാകണം. ബന്ദികളെ മോചിപ്പിക്കണമെന്നും കമല ഹാരിസ് പറഞ്ഞു. അനധികൃതമായി അതിര്‍ത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും കമല ഹാരിസ് പറഞ്ഞു. യു.എസിന് നിയമങ്ങളുണ്ട്. അത് പിന്തുടരുകയും പ്രാബല്യത്തിലാക്കുകയും വേണമെന്ന് അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവരെ സംബന്ധിക്കുന്ന ചോദ്യത്തിന് കമല ഹാരിസ് മറുപടി നല്‍കി.

ട്രംപിന്റെ വംശീയാധിക്ഷേപത്തെ കുറിച്ച് പഴയകാര്യങ്ങള്‍ തന്നെയാണ് മുന്‍ പ്രസിഡന്റ് വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ കമല ഹാരിസ് വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും തയാറായില്ല. കമല ഹാരിസിനെതിരെ അശ്ലീല പരാമര്‍ശവുമായി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുന്‍ സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയര്‍ത്തിയത്.

നേരത്തെയും കമല ഹാരിസ് ഇസ്രായേല്‍ വിഷയത്തിലെ നിലപാട് വിശദീകരിച്ചിരുന്നു. ഇസ്രായേലിന് ആയുധം നല്‍കുന്നത് തുടരുമെന്ന സൂചന നല്‍കിയത് ഷിക്കാഗോയില്‍ നടന്ന ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വെന്‍ഷനിലായിരുന്നു. 'ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്' -എന്നായിരുന്നു ഇത് സംബന്ധിച്ച കമലയുടെ പരാമര്‍ശം.

നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിച്ചാല്‍ ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ താന്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു അവര്‍. 'ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ബൈഡനും ഞാനും രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. കാരണം ഇപ്പോള്‍ ബന്ദി മോചനവും വെടിനിര്‍ത്തല്‍ കരാറും നടത്താനുള്ള സമയമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് വേണ്ടി ഞാന്‍ എപ്പോഴും നിലകൊള്ളും. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കും. കാരണം ഒക്ടോബര്‍ 7ന് ഹമാസ് എന്ന ഭീകരസംഘടന നടത്തിയ ഭീകരാക്രമണം ഇനിയൊരിക്കലും ഇസ്രായേല്‍ ജനത അഭിമുഖീകരിക്കരുത്. സംഗീതോത്സവത്തില്‍ പ??ങ്കെടുത്തവര്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങളും കൂട്ടക്കൊലയും നടത്തി' -കമല ഹാരിസ് പറഞ്ഞു.

അതേസമയം ഗസ്സയില്‍ വിനാശകരമായ കാര്യങ്ങളാണ് കഴിഞ്ഞ 10 മാസമായി നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അതേ സമയം ഗസ്സയില്‍ കഴിഞ്ഞ 10 മാസമായി വിനാശകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. പട്ടിണി കിടക്കുന്ന മനുഷ്യര്‍ സുരക്ഷ തേടി വീണ്ടും വീണ്ടും പലായനം ചെയ്യുന്നു. അവരുടെ കഷ്ടപ്പാടുകര്‍ ഹൃദയഭേദകമാണ്' -കമല ഹാരിസ് പറഞ്ഞു.

ഇസ്രായേലിന്റെ സുരക്ഷയും ബന്ദി മോചനവും ഉറപ്പാക്കാനും ഗസ്സയിലെ കഷ്ടപ്പാടുകള്‍ അവസാനിപ്പിച്ച് ഫലസ്തീന്‍ ജനതക്ക് അവരുടെ അന്തസ്സും സുരക്ഷിതത്വവും സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും നേടാനും ഈ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബൈഡനും താനും പ്രയത്‌നിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഭീകരരില്‍നിന്ന് തങ്ങളുടെ സേനയെ സംരക്ഷിക്കുമെന്നും നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ കമല ഹാരിസ് പറഞ്ഞു.