വാഷിങ്ടണ്‍: ഇന്ത്യയെ കോളനിയാക്കി ഭരിച്ച ബ്രിട്ടനെ ഭരിക്കാന്‍ ഇന്ത്യയില്‍ വേരുകള്‍ ഉള്ള ഋഷി സുനക് എത്തിയത് ചരിത്രത്തിലെ ഒരു നിയോഗമാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയെ ഭരിക്കാന്‍ ഇന്ത്യയില്‍ വേരുകള്‍ ഉള്ള വനിത എത്തുമോ എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്. അമേരിക്കയുടെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റികിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസ് തെരഞ്ഞെടുപ്പു പ്രചരണ രംഗത്തു നടത്തുന്ന മുന്നേറ്റം ട്രംപിനെയും കടത്തിവെട്ടുന്ന വിധത്തിലാണ്.

അതേസമയം അമേരിക്കന്‍ മാധ്യമങ്ങളില്‍ അടക്കം കമലയുടെ വ്യക്തിജീവിതം ചര്‍ച്ചയാകുകയാണ്. 2003 ല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി സ്ഥാനത്തിനായി മല്‍സരിക്കുന്ന സമയത്ത് അവരെ കുറിച്ച് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു വാരികയില്‍ രസകരമായ ഒരു ലേഖനം വന്നമിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോആന്‍വാല്‍ഷാണ് ഈ ലേഖനം തയ്യാറാക്കിയത്. ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് എന്നായിരുന്നു ഈ ലേഖനത്തിന് തലക്കെട്ട് നല്‍കിയിരുന്നത്.

വളരെ ഗ്ലാമറസായ തന്റേടിയായ കറുത്ത കണ്ണുകളുള്ള കാക്കയെ പോലെ കറുകറുത്ത മുടിയുള്ള ഒരഭിഭാഷക എന്നാണ് ആന്‍വാല്‍ഷ് കമലയെ വിശേഷിപ്പിക്കുന്നത്. കമലയുടെ അമ്മയായ ശ്യാമള ഗോപാലന്‍ ഹാരിസ് കമലയുടെ കുട്ടിക്കാലത്തെ രസകരമായ കാര്യങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ ഏറെ രസകരമാണ്. തീരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ചെരുപ്പുകളും മറ്റും സ്‌ക്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴും കമല ധരിക്കുമായിരുന്നു എന്നാണ് അമ്മ വെളിപ്പെടുത്തുന്നത്. കമലയുടെ വെല്ലി ബ്രൗണുമായുള്ള ഡേറ്റിംഗിലും

അമ്മയ്ക്ക് ആദ്യം തീരെ താല്‍പ്പര്യമില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്.




29 വയസുള്ള തന്റെ മകള്‍ 60 കാരനായ വെല്ലിബ്രൗണുമായി എന്തിന് ഡേറ്റിംഗ് നടത്തണം എന്നായിരുന്നു ശ്യാമളയുടെ ചോദ്യം. എന്നാല്‍ താന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുള്ള പുരുഷന്‍മാരി ഏറ്റവും ബുദ്ധിമാനായിരുന്നു ബ്രൗണ്‍ എന്നായിരുന്നു കമലയുടെ മറുപടി. നന്നായി തമാശ പറയാനുള്ള ബ്രൗണിന്റെ കഴിവിനോടും തനിക്ക് ഏറെ മതിപ്പുണ്ടായിരുന്നതായി കമല പറയുന്നു. ഇക്കാര്യം തന്നെ കുറിച്ചുള്ള ലേഖനത്തില്‍ ഉറപ്പായും എഴുതണമെന്നും കമല ആന്‍വാല്‍ഷിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ വിവാഹം കഴിച്ചിരുന്ന ബ്രൗണ്‍ ഇവര്‍ പരിചയപ്പെടുന്ന സന്ദര്‍ഭത്തില്‍ വിവാഹമോചിതനായിരുന്നു.

ഒരു പൊതു സുഹൃത്തിന്റെ വിവാഹ വേളയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. താന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ മേയര്‍ സ്ഥാനാര്‍ത്ഥി ആയതിനെ തുടര്‍ന്നാണ് തങ്ങളുടെ സൗഹൃദം അവസനിച്ചത് എന്നാണ് വെല്ലി ബ്രൗണ്‍ പറയുന്നത്. ഈ ലേഖനത്തില്‍ ഒരു അപൂര്‍വ്വ ചിത്രം

കൂടി കാണാന്‍ കഴിയും. കമലയും സഹോദരി മായയും അവരുടെ കുട്ടിക്കാലത്ത് അമ്മയുമൊത്ത് എടുത്ത ഒരു ചിത്രമാണ് അത്.

സര്‍വേകളിലും കുതിച്ചു കമല

ഏറ്റവും ഒടുവിലായി പുരത്തുവന്ന അഭിപ്രായ സര്‍വ്വേയിലും എതിര്‍സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ മുന്നിലാണ് കമലാഹാരീസ് എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണ്. റോയിട്ടേഴ്‌സ് - ഇപ്‌സോസ് സര്‍വേയാണ് കമലക്ക് മുന്‍തൂക്കം പ്രവചിക്കുന്നത്. യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കാള്‍ 7 പോയിന്റ് ലീഡാണ് കമല സര്‍വേകളില്‍ നേടിയിരിക്കുന്നത്. കമല ഹാരിസിന് 47 ശതമാനവും ഡോണള്‍ഡ് ട്രംപിന് 40 ശതമാനവും പോയിന്റാണ് സര്‍വേ പ്രവചിക്കുന്നത്. സെപ്റ്റംബര്‍ 12 ന് അവസാനിച്ച റോയിട്ടേഴ്‌സ് - ഇപ്‌സോസ് സര്‍വേയില്‍ ട്രംപിനു മേല്‍ നേടിയ 5 പോയിന്റ് ലീഡിനെ മറികടന്നാണ് കമല ലീഡ് ഉയര്‍ത്തിയത്.




സംവാദത്തിലെ പ്രകടനം പ്രശംസ നേടിയതിനു പിന്നാലെയാണ് കമല ഹാരിസ് ലീഡ് നിലയില്‍ മുന്നേറ്റം നടത്തുന്നത്. സെപ്റ്റംബര്‍ 3നും 5നും ഇടയില്‍ എന്‍പിആര്‍/ പിബിഎസ്/ മാരിസ്റ്റ് സര്‍വേയില്‍ കമല ഹാരിസിന് 49 ശതമാനവും ട്രംപിന് 48 ശതമാനവുമായിരുന്നു പിന്തുണ. ജോ ബൈഡന്‍ മത്സരരംഗത്തുണ്ടായിരുന്ന ജൂലൈ ആദ്യ ആഴ്ചയിലെ ന്യൂയോര്‍ക്ക് ടൈംസ് സിയെന സര്‍വേയില്‍ 8% പോയിന്റുകള്‍ക്ക് ട്രംപ് ആയിരുന്നു മുന്നില്‍. കമലയുടെ രംഗപ്രവേശത്തോടെ പുതിയ സര്‍വേകളിലെല്ലാം കമല ലീഡ് നിലനിര്‍ത്തുകയാണ്.

ടെലിവിഷന്‍ സംവാദത്തില്‍ നിലവിലെ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായിരുന്ന ജോബൈഡന്‍ ടെലിവിഷന്‍ സംവാദത്തില്‍ വന്‍ പരാജയമായി മാറിയ വേളയിലാണ് കമലയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റുകള്‍ പ്രഖ്യാപിക്കുന്നത്.