ബെയ്റൂട്ട്: രണ്ട് വര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്ക് വിരാമമിട്ട് ജോസഫ് ഔന്‍ ലബനാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സൈനിക മേധാവി സ്ഥാനത്തു നിന്നുമാണ് ജോസഫ് ഔന്‍ പുതിയ സ്ഥാനത്തേക്ക് എത്തുന്നത്. ബുധനാഴ്ച ലബനാന്‍ പാര്‍ലമെന്റില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 128 അംഗങ്ങളില്‍ 99 പേരുടെ പിന്തുണയോടെയാണ് സായുധ സേന മേധാവിയായ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യഘട്ട വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. മുന്‍ പ്രസിഡന്റ് മൈക്കല്‍ ഔനിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ലമെന്റിന്റെ പതിമൂന്നാമത്തെ ശ്രമമായിരുന്നു ഈ സമ്മേളനം. യു.എസിനും സൗദി അറേബ്യക്കും താല്‍പര്യമുള്ള സ്ഥാനാര്‍ഥിയായതിനാല്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത് യുദ്ധത്തില്‍ തകര്‍ന്ന ലബനാന്റെ പുനര്‍നിര്‍മാണത്തിന് ഗുണംചെയ്യുമെന്നാണ് സൂചന.

2022 ഒക്ടോബറിലാണ് മൈക്കല്‍ ഔനിന്റെ കാലാവധി പൂര്‍ത്തിയായത്. പകരക്കാരെ കണ്ടെത്താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കണ്ടിരുന്നില്ല. സിറിയന്‍ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി ബന്ധമുള്ള വടക്കന്‍ ലബനാനിലെ ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ നേതാവായ സുലൈമാന്‍ ഫ്രാന്‍ഗിയെയാണ് ഹിസ്ബുല്ല പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, മത്സരത്തിനില്ലെന്ന് ബുധനാഴ്ച പ്രഖ്യാപിച്ച സുലൈമാന്‍, ജോസഫ് ഔനിനെ പിന്തുണക്കുകയായിരുന്നു.

14 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് ഇസ്രായേലുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ആഴ്ചകള്‍ക്കു ശേഷമാണ് ലബനാനില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ പ്രസിഡന്റാകുന്ന അഞ്ചാം സൈനിക മേധാവിയാണ് ജോസഫ് ഔന്‍. 2017മുതല്‍ ഔന്‍ നയിച്ചിരുന്ന ലെബനന്‍ സൈന്യം ഒരു രാജ്യവുമായും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല. ഇസ്രായേലുമായുള്ള ഹിസ്ബുല്ലയുടെ വെടിനിര്‍ത്തല്‍ കരാറില്‍ സൈന്യം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയാല്‍ പുതിയ സര്‍ക്കാരിന് തെക്കന്‍ ലെബനനില്‍ സൈന്യത്തെ വിന്യസിപ്പിക്കുകയും ജനുവരി 26നകം ഹിസ്ബുല്ലയുടെ അവിടുത്തെ സാന്നിധ്യം അവസാനിപ്പിക്കുകയും വേണം. തെക്കന്‍ ലെബനന്‍, ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങള്‍, കിഴക്കന്‍ ബെക്കാ താഴ്വര എന്നിവിടങ്ങളില്‍ ഇസ്രഈല്‍ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുക എന്നത് തന്റെ പ്രഥമ പരിഗണനയാണെന്ന് പുതിയ പ്രസിഡന്റ് പറഞ്ഞു. ലോകബാങ്കിന്റ കണക്കുകള്‍ പ്രകാരം പുനര്‍ നിര്‍മാണത്തിനായി 8.5 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.