ധാക്ക: സംവരണ വിഷയത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ നിസ്സഹകരണ സമരം കലാപമായി ആളിപ്പടര്‍ന്നതോടെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി വച്ചെങ്കിലും അവാമി ലീഗിന്റെ എംപിമാരെയടക്കം ലക്ഷ്യമിട്ട് പ്രക്ഷോഭകാരികള്‍. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ മഷ്‌റഫെ മൊര്‍ത്താസയുടെ വീട് തീവെച്ചു നശിപ്പിച്ചു. ബംഗ്ലാദേശിലെ ഖുല്‍ന ജില്ലയിലെ നരൈല്‍-2 മണ്ഡലത്തിലാണ് വീട് സ്ഥിതി ചെയ്തിരുന്നത്. ബംഗ്ലാദേശ് മാധ്യമങ്ങള്‍ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ഒരു കൂട്ടം അക്രമികള്‍ വീട് ഭാഗികമായി തകര്‍ത്തതിന് ശേഷം തീ വെച്ച് നശിപ്പിക്കുകയായിരുന്നു.

മഷ്‌റഫെ മൊര്‍ത്താസയുടെ വീട് കൊള്ളയടിച്ച അക്രമികള്‍ പിന്നാലെ വീട് തീയിട്ട് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ എംപിയായ മൊര്‍ത്താസയുടെ വീട് കലാപകാരികള്‍ അഗ്‌നിക്കിരയാക്കിയതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥികളെ കൂട്ടക്കുരുതി ചെയ്തപ്പോള്‍ മൊര്‍ത്താസ കുറ്റകരമായ നിശബ്ദത പാലിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മൊര്‍ത്താസയും കുടുംബാംഗങ്ങളും വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നതായാണ് വിവരം.

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം രാജ്യം വന്‍ പ്രക്ഷുബ്ധതയ്ക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. തെരുവുകളില്‍ കടുത്ത പ്രക്ഷോഭങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഷെയ്ഖ് ഹസീനയുടെ സ്വത്തുവകകള്‍ക്ക് നേരെയും ഭരണകക്ഷിയായ ആവാമി ലീഗിന്റെ നിരവധി നേതാക്കളുടെ വീടിനു നേരെയും പ്രക്ഷോഭകാരികള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഖുല്‍ന ഡിവിഷനില്‍ ഉള്‍പ്പെടുന്ന നരയ്ല്‍ 2 മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മൊര്‍ത്താസ. ഈ വര്‍ഷം ആദ്യം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അവാമി ലീഗിനായി രണ്ടാമതും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ മൊര്‍ത്താസ മണ്ഡലം നിലനിര്‍ത്തിയിരുന്നു. ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ വ്യാപകമായി തെരുവിലിറങ്ങിയ പ്രക്ഷോഭകാരികള്‍ മൊര്‍ത്താസയുടെ വീട് തീയിട്ട് നശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

2019ലാണ് മൊര്‍ത്താസ നരൈല്‍-2 മണ്ഡലത്തില്‍ നിന്നും ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2024ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ വീണ്ടും വിജയിച്ചിരുന്നു. ഭരണകക്ഷിയോടുള്ള എതിര്‍പ്പാകാം ഇദ്ദേഹത്തിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

ബംഗ്ലാദേശ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് മൊര്‍ത്താസ. ഏകദിന ക്രിക്കറ്റില്‍ നയിച്ച 88 മതസരങ്ങളില്‍ 50ലും ടീമിന് വിജയം നേടിക്കൊടുത്ത മൊര്‍ത്താസയുടെ റെക്കോര്‍ഡ് ഇന്ന് വരെയും ബംഗ്ലാദേശ് ക്രിക്കറ്റില്‍ തിരുത്തപ്പെട്ടിട്ടില്ല. കളിയുടെ മൂന്നു ഫോര്‍മാറ്റുകളിലുമായി 389 വിക്കറ്റുകള്‍ നേടിയ ഈ പേസ് ബൗളര്‍ നിലവില്‍ രാജ്യം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരില്‍ രണ്ടാമനാണ്. ഷാകിബ് അല്‍-ഹസനാണ് ഒന്നാം സ്ഥാനത്തുള്ളത്. കൂടാതെ ലോവര്‍ ഓര്‍ഡര്‍ ബാറ്ററായ ഇദ്ദേഹം രാജ്യത്തിന് വേണ്ടി ഏകദേശം 2955 റണ്‍സ് നേടിയിട്ടുമുണ്ട്.

മൂന്നു ഫോര്‍മാറ്റുകളിലുമായി 117 മത്സരങ്ങളില്‍ ബംഗ്ലദേശിനെ നയിച്ച ക്യാപ്റ്റനാണ് മൊര്‍ത്താസ. ബംഗ്ലദേശ് ടീമിനെ ഏറ്റവുമധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ് താരം. ബംഗ്ലദേശിനായി 36 ടെസ്റ്റുകളും 220 ഏകദിനങ്ങളും 54 ട്വന്റി20 മത്സരങ്ങളും കളിച്ച മൊര്‍ത്താസ, മൂന്ന് ഫോര്‍മാറ്റിലുമായി 390 വിക്കറ്റുകളും 2955 റണ്‍സും നേടിയിട്ടുണ്ട്. സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനു പിന്നാലെ 2018ലാണ് മൊര്‍ത്താസ, ഷെയ്ഖ് ഹസീന നേതൃത്വം നല്‍കുന്ന അവാമി ലീഗില്‍ ചേര്‍ന്നത്.