ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 ന് യുക്രെയിന്‍ സന്ദര്‍ശിക്കും. റഷ്യയുമായി യുദ്ധം തുടങ്ങിയ ശേഷമുളള ആദ്യ സന്ദര്‍ശനമെന്നത് മാത്രമല്ല. 30 വര്‍ഷത്തിനിടെ യുക്രെയിനില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന സവിശേഷതയുമുണ്ട്. യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.

ഇരുനേതാക്കളും തമ്മില്‍ നടന്ന സമീപകാല ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സന്ദര്‍ശനം മുന്നോട്ടുപോവുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയിനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്രവും ചര്‍ച്ചയുമാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഇന്ത്യ ചര്‍ച്ച തുടരും, വിദേശകാര്യ മന്ത്രാലയ പ്രതിനിധി തന്മയ ലാല്‍ അറിയിച്ചു.

' പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെയും യുക്രെയിനിലെയും രാഷ്ട്രതലവന്മാരുമായി ചര്‍ച്ച നടത്തിയിരുന്നു. റഷ്യ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ചെയ്തു. ഈ സങ്കീര്‍ണമായ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ എല്ലാ പിന്തുണയും സംഭാവനയും നല്‍കാന്‍ ഇന്ത്യ സന്നദ്ധമാണ്. ഇന്ത്യ-യുക്രെയിന്‍ നേതാക്കളുടെ ചര്‍ച്ചയില്‍ ഉരുത്തിരിയുന്നത് എന്തെന്ന് ഇപ്പോള്‍ നമുക്ക് പറയാനും കഴിയില്ല', തന്മയ ലാല്‍ പറഞ്ഞു.

സമീപകാല റഷ്യന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ മോദി ആലിംഗനം ചെയ്തതിനെ യുക്രെയിന്‍ വിമര്‍ശിച്ചിരുന്നു. യുക്രെയിന്‍ നഗരങ്ങളില്‍, വലിയ നാശം വിതച്ച റഷ്യന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ജൂലൈയില്‍ ആയിരുന്നു മോദിയുടെ മോസ്‌കോ സന്ദര്‍ശനം. അതാണ് സെലന്‍സ്‌കിയെ ചൊടിപ്പിച്ചത്. റഷ്യയുമായി അടുപ്പം കാക്കുന്നതിന് ഒപ്പം പോളണ്ടിലേക്കും യുക്രെയിനിലേക്കുമുള്ള സന്ദര്‍ശനത്തിലൂടെ പാശ്ചാത്യ രാഷ്ട്രങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം വളര്‍ത്തിയെടുക്കാനാണ് മോദി ലക്ഷ്യമിടുന്നത്.

യുക്രെയിന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയാണ് ഇന്ത്യക്ക് അസംസ്‌കൃത എണ്ണ വലിയ തോതില്‍ വിതരണം ചെയ്യുന്ന രാജ്യം. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടെ റഷ്യയ്ക്ക് തുണയായതും ഇന്ത്യയുമായുള്ള ഈ സാമ്പത്തിക ബന്ധമാണ്. പാശ്ചാത്യ രാജ്യങ്ങളാകട്ടെ, റഷ്യയുമായി അകലം പാലിക്കുമ്പോഴും, ഇന്ത്യയുമായുള്ള ബന്ധം കരുത്തുറ്റതാക്കാന്‍ ശ്രദ്ധിക്കുന്നു. ഏഷ്യാ പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാന്‍, അമേരിക്കയും, ജപ്പാനും, ഓസ്‌ട്രേലിയയും അടങ്ങുന്ന ക്വാഡ് ഗ്രൂപ്പിലെ അംഗവുമാണ് ഇന്ത്യ.