ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നല്‍കി ഇടക്കാല സര്‍ക്കാര്‍ മുഖ്യഉപദേശകന്‍ മുഹമ്മദ് യൂുനുസ്. എക്‌സിലെ പോസ്റ്റിലാണ് പ്രധാനമന്ത്രി ഈ വിവരം അറിയിച്ചത്.

മോദിയെ ഫോണില്‍ വിളിച്ചാണ് മുഹമ്മദ് യുനുസ് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുനല്‍കിയത്. ' പ്രൊഫ.മുഹമ്മദ് യുനുസില്‍ നിന്ന് ഒരു ടെലിഫോണ്‍ കോള്‍ കിട്ടി. നിലവിലെ സാഹചര്യത്തെ കുറിച്ച് നിരീക്ഷണങ്ങള്‍ പരസ്പരം പങ്കുവച്ചു. ജനാധിപത്യപരവും പുരോഗമനപരവുമായ സ്ഥിരതയും ശാന്തിയും നിലനില്‍ക്കുന്ന ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിച്ച് വ്യക്തമാക്കി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അടക്കം എല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു', മോദി തന്റെ പോസ്റ്റില്‍ കുറിച്ചു.

ചൊവ്വാഴ്ച ധാക്കയിലെ ധാകേശ്വരി ക്ഷേത്രം സന്ദര്‍ശിച്ച മുഹമ്മദ് യുനുസ് ഹിന്ദു സമൂഹവുമായി ആശയവിനിമയം നടത്തിയിരുന്നു. ഷെയ്ക് ഹസീനയെ പുറത്താക്കിയതിതോട് അനുബന്ധിച്ചുണ്ടായ പ്രക്ഷോഭത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരേ ആക്രമണം അഴിച്ചുവിട്ടവരെ ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു.