- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലിബാന് ഇന്ത്യയിൽ നിന്ന് ഓൺലൈൻ കോഴ്‌സ്; സംഘടിപ്പിക്കുന്നത് വിദേശകാര്യ മന്ത്രാലയം; നാലു ദിവസത്തെ ഓൺലൈൻ കോഴ്സിന് തുടക്കമായത് കോഴിക്കോട് ഐഐഎമ്മിൽ; ഇന്ത്യ-അഫ്ഗാൻ ബന്ധത്തിലെ സുപ്രധാന സംഭവവികാസമെന്ന് വിലയിരുത്തൽ; താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കുമോ?
കോഴിക്കോട്: താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുമായി ഇന്ത്യ നയതന്ത്ര തലത്തിലും അടക്കുന്നുവെന്ന സൂചനയുമായി സുപ്രധാന ചുവടുവെപ്പ്. താലിബാന് അധികൃതർക്കായി ഇന്ത്യയിൽ നിന്ന് ഓൺലൈൻ കോഴ്സ് സംഘടിപ്പിക്കും. നാലു ദിവസത്തെ ഓൺലൈൻ കോഴ്സിന് ചൊവ്വാഴ്ച കോഴിക്കോട് ഐഐഎമ്മിൽ തുടക്കമായിട്ടുണ്ട്. കോഴ്സിൽ തങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ടെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായി മോദി സർക്കാർ കൂടുതൽ അടുക്കുന്നതിന്റെ സൂചനയായാണ് ഓൺലൈസ് കോഴ്സിലെ പങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ (ITEC) പ്രോഗ്രാമിന്റെ ഭാഗമാണ് ഓൺലൈൻ കോഴ്‌സ് സംഘടിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കായാണ് ഈ കോഴ്‌സ് സംഘടിപ്പിക്കുന്നത്. താലിബാന്റെ കീഴിലുള്ള ഇന്ത്യ-അഫ്ഗാൻ ബന്ധത്തിലെ സുപ്രധാന സംഭവവികാസമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അടക്കം മെച്ചപ്പെടുത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
'ഇന്ത്യൻ ഇമ്മേഴ്ഷൻ' എന്ന കോഴ്സ് മാർച്ച് 14 മുതൽ മാർച്ച് 17 വരെ ഓൺലൈനിലൂടെയാണ് നടക്കുക. ഇന്ത്യയുടെ ബിസിനസ്സ് അന്തരീക്ഷം, സാംസ്‌കാരിക പൈതൃകം, നിയന്ത്രണ ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കുന്നതിന് വിദേശ പ്രതിനിധികൾക്കായി രൂപകൽപ്പന ചെയ്ത കോഴ്സാണിതെന്ന് ഐടിഇസി വെബ്സൈറ്റ് പറയുന്നു. 1964-ൽ സ്ഥാപിതമായ ITEC, MEA യുടെ ഏറ്റവും പഴക്കമേറിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്. പ്രോഗ്രാമുകളിൽ ഇതുവരെ 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള 200,000 ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ട്.
താലിബാൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമസി മേധാവി കോഴ്‌സിന് രജിസ്റ്റർ ചെയ്യാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താലിബാന്റെ പങ്കാളിത്തം സ്ഥിരീകരിച്ചത്. നിരവധി രാജ്യങ്ങൾ കോഴ്സിൽ പങ്കെടുക്കുന്നുണ്ടെങ്കിലും താലിബാന്റെ പങ്കാളിത്തം ഞെട്ടിക്കുന്നതാണ്. 2021 ഓഗസ്റ്റ് 15-ന് ആണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്. താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
2021 ൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ച ശേഷം പലവട്ടം ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ അഫ്ഗാനുമായി ചച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് കേന്ദ്രബജറ്റുകളിലും 200 കോടി രൂപ വീതം ധനസഹായവും താലിബാൻ ഭരണകൂടത്തിന് നൽകി. ഇതിന് പുറമെ ഗോതമ്പ്, മരുന്നുകൾ, കോവിഡ് വാക്സിൻ എന്നിവയും നിർലോഭം നൽകി സഹായിച്ചു. 2022 ജൂലൈയിൽ കാബൂളിൽ ഇന്ത്യൻ എംബസിയും തുറന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ പ്രത്യേക പഠനക്ലാസിനായി താലിബാൻ പ്രതിനിധികളെ ക്ഷണിച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാന് അധികമായി 20,000 മെട്രിക് ടൺ ഗോതമ്പ് നൽകുമെന്ന് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെയായിരിക്കും ഗോതമ്പ് വിതരണം ചെയ്യുക. കടുത്ത ഭക്ഷ്യപ്രതിസന്ധിയിൽ നട്ടംതിരിയുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ 50,000 മെട്രിക് ടൺ ഗോതമ്പ് വാഗ്ദാനം ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. അതിനിടെ, ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ അടുത്തിടെ താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്നു.
അഫ്ഗാനിൽ ഇപ്പോഴും മനുഷ്യാവകാശങ്ങളെയും സ്ത്രീ സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന താലിബാനുമായി മോദി സർക്കാർ കൂട്ടുകൂടുന്നതിനെതിനെതിരെ സൈബറിടത്തും പലരും നെറ്റിചുളിക്കുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളും മോദി സർക്കാർ നടപടിയെ അപലപിച്ച് രംഗത്തുവന്നു. താലിബാൻ സർക്കാർ വന്ന ശേഷം എല്ലാ അഫ്ഗാൻ വിസകളും ഇന്ത്യ റദ്ദാക്കിയതിനെ തുടർന്ന് പഠനം മുടങ്ങിയ അഫ്ഗാൻ വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
മറുനാടന് ഡെസ്ക്