ടെല്‍ അവീവ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും ധനമന്ത്രി ബെസാലേല്‍ സ്മോട്രിച്ച് എന്നിവരുടെ പാര്‍ട്ടികള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നെതന്യാഹുവിന്റെ നീക്കങ്ങള്‍ ഇസ്രായേലിന് വിപത്ത് വരുത്തിവെക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. സമാധാന ചര്‍ച്ചയോട് മുഖം തിരിച്ചാല്‍ ട്രംപ് പിണങ്ങും. യുദ്ധം അവസാനിപ്പിച്ചാല്‍ തീവ്രവലതുപക്ഷ പാര്‍ട്ടികളും കളം കാലിയാക്കും. അങ്ങനെ രണ്ടുവശത്തുനിന്നും കടുത്ത സമ്മര്‍ദ്ദം നേരിടുകയാണ് നെതന്യാഹു.

'ഇസ്രായേല്‍ രാഷ്ട്രത്തിന് ഏറ്റവും വലിയ വിപത്ത് വരുത്തിവെച്ച തീവ്രവാദ സംഘടനയായ ഹമാസിനെ പുനരുജ്ജീവിപ്പിക്കുന്ന ഒരു സാഹചര്യത്തെയും ഞങ്ങള്‍ക്ക് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല,' ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. നിലവിലെ സമാധാന പദ്ധതിയില്‍ തങ്ങള്‍ പങ്കാളികളാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നത് ഗുരുതരമായ തെറ്റാണെന്നും ഇത് ഇസ്രായേലിന്റെ മേല്‍ക്കൈ ഇല്ലാതാക്കുമെന്നും ബെസാലേല്‍ സ്മോട്രിച്ച് മുന്നറിയിപ്പ് നല്‍കി.

പാര്‍ലമെന്റിലെ 120 സീറ്റുകളില്‍ 13 എം.പിമാരുള്ള ഇരു പാര്‍ട്ടികളും പിന്തുണ പിന്‍വലിച്ചാല്‍ സഖ്യം തകരും. പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ്, ട്രംപിന്റെ പദ്ധതി മുന്നോട്ട് പോകുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനെ താല്‍ക്കാലികമായി പിന്തുണയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പകരമായി നെതന്യാഹുവിന് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

യുദ്ധം അവസാനിപ്പിക്കാന്‍ നെതന്യാഹു വളരെയധികം വിട്ടുവീഴ്ചകള്‍ ചെയ്തതായാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ ആരോപണം. തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള സഖ്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പ് 2026-ല്‍ നടക്കാനിരിക്കെ, സര്‍ക്കാര്‍ പ്രതിസന്ധിയിലായേക്കും.