- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അന്ന് നടന്നത് ഇസ്രയേല്‍ ജനത നേരിട്ട ഏറ്റവും വലിയ ആക്രമണം; ആ ബുദ്ധികേന്ദ്രം സിന്‍വറാണ്; ഇത് അവസാനത്തിന്റെ തുടക്കം മാത്രം': പോരാട്ടം തുടരുമെന്ന് നെതന്യാഹു; ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് കമല ഹാരിസ്
ജറുസലം: ഹമാസ് തലവന്‍ യഹ്യ സിന്‍വറിനെ വധിച്ചതിനു പിന്നാലെ ഇസ്രായേല്‍ വിരുദ്ധര്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ വിതച്ച തീവ്രവാദത്തിന്റെ വിത്തുകള്‍ ഓരോന്നായി ഇസ്രയേല്‍ നശിപ്പിക്കുകയാണെന്നും തുടരുമെന്നും നെതന്യാഹു എക്‌സിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ഹമാസ് തട്ടിക്കൊണ്ടു പോയ അവസാനത്തെ ഇസ്രയേലുകാരനെയും തിരികെയെത്തിക്കുമെന്നും അതുവരെ പോരാട്ടം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ''ഒരു വര്‍ഷം മുന്‍പാണ് യഹ്യ സിന്‍വറിന്റെ നേതൃത്വത്തിലുള്ള ഭീകരവാദികള്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ജര്‍മനിയിലെ കൂട്ടക്കൊലയ്ക്കു ശേഷം ഇസ്രയേല്‍ ജനത നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു അത്. ഞങ്ങളുടെ 1200 പൗരന്‍മാരാണ് അന്ന് കൊല്ലപ്പെട്ടത്. സ്ത്രീകളെ ബലാത്സംഗം ചെയ്തു, കുട്ടികള്‍ ജീവനോടെ കുഴിച്ചിടപ്പെട്ടു, പുരുഷന്‍മാരുടെ തലയറുത്തു. 251 ഇസ്രയേലുകാരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി. ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം സിന്‍വറാണ്. ഐഡിഎഫിന്റെ സമര്‍ഥരായ സൈനികര്‍ റാഫയില്‍ വച്ച് സിന്‍വറിനെ വധിച്ചിരിക്കുകയാണ്.'' നെതന്യാഹു പറഞ്ഞു.
''ഇത് ഒന്നിന്റെയും അവസാനമല്ല, അവസാനിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണ്. 101 ബന്ദികളെ കൂടി മോചിപ്പിക്കണം, ഹമാസ് ആയുധംവച്ച് കീഴടങ്ങണം. അതുവരെ പോരാട്ടം തുടരും. ബന്ദികളാക്കപ്പെട്ടവരെ ഉപദ്രവിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടി തരുന്നു. നിങ്ങളെ ഇസ്രയേല്‍ കീഴടക്കും, നീതി നടപ്പാക്കും. പശ്ചിമേഷ്യയില്‍ ഇറാന്‍ സൃഷ്ടിച്ച തീവ്രവാദത്തിന്റെ അച്ചുതണ്ട് തകര്‍ന്നടിയുകയാണ്. നസ്റല്ല, മുഹ്സിന്‍, ഹനിയ, ദെഫ്, സിന്‍വര്‍ എല്ലാവരും കൊല്ലപ്പെട്ടു. ഇറാനിലും ഇറാഖിലും യെമനിലും സിറിയയിലും ലബനനിലും വിതച്ച തിവ്രവാദത്തിന്റെ വിത്തുകള്‍ ഇസ്രയേല്‍ പിഴുതെറിയും.'' നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
അതേസമയം സിന്‍വാറിന്റെ മരണം ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് പ്രതികരിച്ചു. മേഖലയില്‍ ഹമാസിന് സ്വാധീനം നഷ്മായ സാഹചര്യത്തില്‍ ഇത് സാധ്യമാവുമെന്നും കമല ഹാരിസ് പറഞ്ഞു. നീതി നടപ്പായെന്നായിരുന്നു യഹ്‌യ സിന്‍വാറിന്റെ മരണത്തെ സംബന്ധിച്ചുള്ള കമല ഹാരിസിന്റെ പ്രതികരണം.
ഹമാസ് നശിച്ചിരിക്കുന്നു. നേതാക്കന്‍മാരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിന്റെ സുരക്ഷയും വര്‍ധിക്കും. ബാക്കിയുള്ള ബന്ദികളെ കൂടി മോചിപ്പിക്കുന്നതോടെ ഗസ്സയുടെ ദുരിതവും തീരുമെന്നും കമല ഹാരിസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് ഇസ്രയേല്‍ മണ്ണില്‍ ഹമാസ് നടത്തിയ വിനാശകരമായ ഭീകരാക്രമണത്തിന്റെ തലച്ചോര്‍ ആണ് 'ഗാസയിലെ ബിന്‍ ലാദന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഹ്യാ സിന്‍വാര്‍. 1,139 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി ഗാസയില്‍ ഇസ്രയേല്‍ തുടങ്ങിയ യുദ്ധത്തില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 42,430 കടന്നു.
ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ 251 പേരില്‍ 70 പേരും കൊല്ലപ്പെട്ടു. 64 പേരെ പറ്റി യാതൊരു വിവരവുമില്ല. ഹമാസ് മുന്‍ തലവന്‍ ഇസ്മയില്‍ ഹനിയേ, ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രള്ള തുടങ്ങി ഹിറ്റ്ലിസ്റ്റിലെ മിക്ക വമ്പന്‍മാരെയും ഇസ്രയേല്‍ ഇല്ലാതാക്കി. സിന്‍വാര്‍ കൊല്ലപ്പെട്ടതോടെ ഗാസയില്‍ ഇസ്രയേല്‍ വെടിനിറുത്തലിന് തയ്യാറായേക്കുമെന്ന് സൂചനയുണ്ട്. സിന്‍വാര്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്ന ഉടന്‍ തന്നെ ഇക്കാര്യമുന്നയിച്ച് ബന്ദികളുടെ കുടുംബം നെതന്യാഹു സര്‍ക്കാരിനെ സമീപിച്ചു. ഹമാസുമായി വെടിനിറുത്തല്‍ കരാറിലെത്തി എത്രയും വേഗം ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജൂലായില്‍ ഇറാനില്‍ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേല്‍ വധിച്ചതോടെയാണ് ഗാസയില്‍ ഒളിച്ചുകഴിഞ്ഞിരുന്ന സിന്‍വാര്‍ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്തു. 2017 മുതല്‍ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനുമായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.
1962-ല്‍ ഖാന്‍ യൂനിസിലെ പലസ്തീന്‍ അഭയാര്‍ഥിക്യാമ്പിലാണ് സിന്‍വാറിന്റെ ജനനം. രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുള്‍പ്പെടെ വിവിധകേസുകളിലായി നാലുജീവപര്യന്തം സിന്‍വാറിന് ഇസ്രയേല്‍ വിധിച്ചിരുന്നു. പിന്നീട് 22 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം 2016-ല്‍ നടന്ന തടവുകാരുടെ കൈമാറ്റത്തിനിടെ ഇസ്രയേല്‍ സിന്‍വാറിനെ മോചിപ്പിച്ചു. 2021-ലുണ്ടായ വധശ്രമം സിന്‍വാര്‍ അതിജീവിച്ചു. 2015-ലാണ് സിന്‍വാറിനെ യു.എസ്. ഭീകരനായി പ്രഖ്യാപിച്ചത്.